19 September Thursday
ചൊക്രമുടി കൈയേറ്റം

കൂട്ടുനിന്ന 
ഉദ്യോഗസ്ഥരും കുടുങ്ങും

സ്വന്തം ലേഖകൻUpdated: Thursday Sep 19, 2024

ചൊക്രമുടിയിലെ കെെയേറ്റഭൂമിയിൽ നിർമിച്ച റോഡ്

 
ഇടുക്കി
ചൊക്രമുടി റെഡ്‌സോണിലെ ഭൂമി കൈയേറ്റത്തിന്‌ ഒത്താശചെയ്‌ത ഉദ്യോഗസ്ഥരും കുടുങ്ങും. കൈയേറ്റവുമായി ബന്ധപ്പെട്ട്‌ പ്രത്യേക അന്വേഷക സംഘം സമർപ്പിച്ച 12 പേജുള്ള റിപ്പോർട്ടിൽ ഉദ്യോഗസ്ഥരുടെ പങ്കും വ്യക്തമായി പറയുന്നു. ഒരിക്കലും പട്ടയം നൽകാൻ പാടില്ലാത്ത മേഖലയിൽ ഭൂ രേഖകൾ എങ്ങനെ തരപ്പെടുത്തിയെന്നതും ആര്‌ നൽകിയെന്നതും അന്വേഷിക്കണമെന്ന്‌ റിപ്പോർട്ട്‌ ആവശ്യപ്പെടുന്നു. പ്രദേശത്തെക്കുറിച്ച്‌ അറിവില്ലാത്ത ഉദ്യോഗസ്ഥർ പട്ടയം നൽകിയതാണോ എന്ന്‌ സംശയവും ബലപ്പെടുന്നു.  ഉന്നത റവന്യു ഉദ്യോഗസ്ഥർ, സർവേ ഉദ്യോഗസ്ഥർ എന്നിവരിലേക്ക്‌ അന്വേഷണം നീളും. ഇവിടെ നൽകിയെന്നുപറയുന്ന പട്ടയം സംബന്ധിച്ച്‌ കൂടുതൽ പരിശോധനയും ആവശ്യമാണ്‌. അടുത്തകാലത്തായിരുന്നു വനവും ജൈവവൈവിധ്യവുമെല്ലാം നശിപ്പിച്ച്‌ നിർമാണം നടത്തിയിരിക്കുന്നത്‌. 
മൂന്നര ഏക്കർ സ്ഥലത്തിന്‌ 1965–-71 ഘട്ടത്തിലാണ്‌ പട്ടയം ലഭിച്ചതെന്നാണ്‌ അടിമാലി സ്വദേശി സിബി ജോസഫ്‌ അവകാശപ്പെടുന്നത്‌. എന്നാൽ 25 ഏക്കറാണ്‌ കൈയേറി നിർമാണം നടത്തിയതായി അന്വേഷകസംഘം കണ്ടെത്തിയിരിക്കുന്നത്‌. എന്താവശ്യത്തിനാണോ ഭൂ രേഖ ലഭിച്ചത്‌ ഒന്നുംചെയ്യാതെ  ദീർഘകാലം തരിശായി ഇട്ടിരുന്നതിൽ ദുരൂഹത ഉള്ളതായി സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥർ പറയുന്നു. അതിൽ കൃഷി നടത്തിയിട്ടില്ല. ആൾതാമസമോ സാന്നിധ്യമോ പ്രദേശവാസികൾ കണ്ടിട്ടില്ല. കെട്ടിടം നിർമിക്കണമെന്ന അപേക്ഷ ബൈസൺവാലി പഞ്ചായത്ത്‌ നിരസിച്ചിട്ടും നിയമങ്ങളെല്ലാം ലംഘിച്ച്‌ ഭൂമിയിൽ അനധികൃതമായി നടത്തിയ വമ്പിച്ച നിർമാണ പ്രവർത്തനങ്ങളെ സംബന്ധിച്ചും വിശദമായി അന്വേഷിക്കുന്നുണ്ട്‌. ചെറിയ മഴ പെയ്‌താൽപോലും ഇടിഞ്ഞിറങ്ങുന്ന  കൊച്ചി–ധനുഷ്‌കോടി ദേശീയപാത ഗ്യാപ്‌റോഡിന്‌ സമീപമാണ്‌ താഴ്‌വാരത്തെ നൂറ്‌കണക്കിന്‌ നിവാസികൾക്കെല്ലാം ഭീഷണിയായി ഭൂമിയിടച്ചും പാറ പൊട്ടിച്ചും കുളംകുഴിച്ചും നിർമാണ പ്രവർത്തനങ്ങർ നടത്തിയിരിക്കുന്നത്‌. വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്കുള്ള അനുമതി വിശദമായ അന്വേഷണങ്ങൾക്ക്‌ശേഷം ഉയർന്ന ഉദ്യോഗസ്ഥരാണ്‌ നൽകേണ്ടത്. പ്രഥമദൃഷ്ടിയിൽതന്നെ കൈയേറ്റവും അനധികൃത നിർമാണവും നടന്നതായാണ്‌ ഉത്തരമേഖല ഐജി കെ സേതുരാമന്റെ നേതൃത്വത്തലുള്ള അന്വേഷക സംഘത്തിന്‌  റിപ്പോർട്ട്‌ നൽകിയിരിക്കുന്നത്‌. ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും സഹായമില്ലെങ്കിൽ റെഡ്‌സോണിൽ ഇങ്ങനെ കൈയേറ്റം നടക്കില്ല.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top