26 December Thursday
ദേശീയ മെഡല്‍ വേണ്ടെന്നുവച്ചു

കുന്നംകുളത്ത് പൊന്നണിഞ്ഞ് അഭിദേവ്

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2023
കുന്നംകുളം
ദേശീയ മീറ്റ് ഉപേക്ഷിച്ചാണ് അഭിദേവ് സത്യന്‍ സംസ്ഥാന കായികമേളയിലെ ട്രാക്കിലെത്തിയത്. ആ നിരാശയില്‍ നിന്ന് ആര്‍ജിച്ച കരുത്തില്‍ നടന്നുകയറിയത് സുവര്‍ണനേട്ടത്തില്‍. സീനിയര്‍ ആണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തിലാണ് എന്‍ആര്‍ സിറ്റി എസ്എന്‍വി എച്ച്എസ്എസിലെ അഭിദേവ് പൊന്നണിഞ്ഞത്. തെലങ്കാനയില്‍ 15 മുതല്‍ 17 വരെ നടന്ന സൗത്ത് സോണ്‍ ദേശീയമീറ്റില്‍ സ്വര്‍ണം നേടാന്‍ സാധ്യതയുണ്ടായിരുന്ന താരമായിരുന്നു അഭിദേവ്. എന്നാല്‍ തിങ്കളാഴ്ച സംസ്ഥാന കായികമേള ആരംഭിക്കുമെന്നതിനാല്‍ ദേശീയമീറ്റ് ഒഴിവാക്കി. തെലങ്കാനയില്‍ സ്വര്‍ണം നേടിയത് കോതമംഗലം എം എ കോളേജിലെ കെ ജിതിന്‍രാജാണ്. കോഴിക്കോട്ട് നടന്ന ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ജിതിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് അഭിദേവ് സ്വര്‍ണം നേടിയത്. ദേശീയമീറ്റില്‍ പങ്കെടുത്തിരുന്നെങ്കില്‍ ഈനേട്ടം ആവര്‍ത്തിക്കാനാകുമായിരുന്നു. എന്നാല്‍ സ്‌കൂള്‍ കായികമേള മതിയെന്ന് അഭിദേവും പരിശീലകന്‍ എ സുനില്‍കുമാറും തീരുമാനിച്ചു. കുന്നംകുളത്ത് വെല്ലുവിളിയില്ലാതെയാണ് 24.75 മിനിറ്റില്‍ അഭിദേവ് ഒന്നാമതെത്തിയത്. 
കഴിഞ്ഞവര്‍ഷം സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ അയോഗ്യനാക്കപ്പെട്ടതിനെ മധുരപ്രതികാരം കൂടിയായി ഇത്തവണത്തെ സുവര്‍ണനേട്ടം. രാജാക്കാട് പഴയവിടുതി കരികുളത്തില്‍ സത്യന്‍- സിന്ധു ദമ്പതികളുടെ മകനാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top