രാജാക്കാട്
ചൊക്രമുടി കൈയേറ്റത്തിൽ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ റവന്യു ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിറങ്ങി. ഇവിടെ വീട് നിർമാണത്തിനായി നിരാക്ഷേപപത്രം(എൻഒസി) അനുവദിച്ചതിലെ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ദേവികുളം മുൻ തഹസിൽദാർ(നിലവിൽ മല്ലപ്പള്ളി തഹസിൽദാർ) ഡി അജയൻ, ഡെപ്യൂട്ടി തഹസിൽദാർ ബിജു മാത്യു, ബൈസൺവാലി വില്ലേജ് ഓഫീസർ എം എം സിദ്ദിഖ് എന്നിവരെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവാണ് റവന്യു വകുപ്പ് അഡീഷണൽ സെക്രട്ടറി പുറപ്പെടുവിച്ചത്.
ദേവികുളം സബ് കലക്ടർ വി എം ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അടിമാലി സ്വദേശിയുടെയും ഭാര്യയുടെയും അപേക്ഷയിൽ സ്ഥലപരിശോധന നടത്താതെ വില്ലേജ് ഓഫീസർ എം എം സിദ്ദിഖ് താലൂക്ക് ഓഫീസിൽ റിപ്പോർട്ട് സമർപ്പിച്ചു. ബൈസൺവാലി വില്ലേജിന്റെ ചാർജ് ഓഫീസറായ ഡെപ്യൂട്ടി തഹസിൽദാർ ബിജു മാത്യു സ്ഥലപരിശോധന കൂടാതെ എൻഒസിക്ക് ശുപാർശ ചെയ്യുകയും തഹസിൽദാരായിരുന്ന ഡി അജയൻ പരിശോധനയില്ലാതെ ഇത് അംഗീകരിക്കുകയും ചെയ്തുവെന്ന് അന്വേഷകസംഘം കണ്ടെത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..