22 December Sunday

കട്ടപ്പന ഐടിഐയ്ക്ക് ഹൈടെക് മുഖം

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

കട്ടപ്പന ഐടിഐയിലെ പുതിയ മന്ദിരം

കട്ടപ്പന
കട്ടപ്പന ഗവ. ഐടിഐ ഇനി രാജ്യാന്തര നിലവാരത്തിൽ. സംസ്ഥാനത്തെ 10 ഐടിഐ കോളേജുകളുടെ നിലവാരമുയർത്തുന്ന എൽഡിഎഫ് സർക്കാരിന്റെ കർമപദ്ധതിയിൽ ഉൾപ്പെട്ട കട്ടപ്പന ഐടിഐയിൽ കിഫ്ബി ഫണ്ട് വിനിയോഗിച്ചുള്ള ആദ്യഘട്ട നിർമാണം പൂർത്തിയായി. 5.34 കോടി രൂപ ചെലവഴിച്ച് നിർമിച്ച പുതിയ മന്ദിരം തിങ്കൾ രാവിലെ 10ന് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനാകും. ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ എം എം മണി, അഡ്വ. എ രാജ, വാഴൂർ സോമൻ, പി ജെ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, കലക്ടർ വി വിഗ്നേശ്വരി, സി വി വർഗീസ്, ആശാ ആന്റണി, വി പി ജോൺ, ബീന ടോമി തുടങ്ങിയവർ സംസാരിക്കും.
കോടികളുടെ വികസനം
സംസ്ഥാന ബജറ്റിലാണ് തുക അനുവദിച്ചത്. ആദ്യഘട്ടത്തിൽ എല്ലാവിധ സൗകര്യങ്ങളുമുള്ള 14,894 ചതുരശ്ര അടി വിസ്തീർണത്തിലുള്ള മന്ദിരമാണ് നിർമാണം പൂർത്തീകരിച്ചത്. 8.5 കോടിയുടെ രണ്ടാംഘട്ട വികസനത്തിന് സാങ്കേതികാനുമതി ലഭിച്ചു. പുതിയ കെട്ടിടത്തിൽ ആർഎസിടി, എംഎംവി, വയർമാൻ എന്നീ ട്രേഡുകളും ഓഫീസുകളും പ്രവർത്തിക്കും. എട്ട് സ്‌മാർട്ട് ക്ലാസ്‌മുറികൾ, വിശ്രമമുറി, കാർ പോർച്ച്, ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് ഉൾപ്പെടെ ആറ് ശൗചാലയങ്ങൾ എന്നീ സൗകര്യങ്ങളുണ്ട്.
ഹൈറേഞ്ചിലെ യുവജനങ്ങളുടെ തൊഴിൽ പ്രാവീണ്യം ലക്ഷ്യമിട്ട് 1978ലാണ്‌ രണ്ട് ട്രേഡുകളുമായി ഐടിഐ പ്രവർത്തനമാരംഭിച്ചത്. നിലവിൽ 8.5 ഏക്കർ സ്ഥലത്തെ ക്യാമ്പസിൽ 13 എൻസിവിടി ട്രേഡുകളിൽ 28 യൂണിറ്റുകളിലായി 624 പേർ പഠിക്കുന്നു. 95 ശതമാനമാണ് വിജയം. ഈവർഷം വെൽഡർ, ടൂറിസ്റ്റ് ഗൈഡ് ട്രേഡുകളിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്കും നേടി.  എൻഎസ്എസ്, നൈപുണ്യ കർമസേന, റെഡ് റിബൺ ക്ലബ്, ഹരിത കർമസേന, ഇഡി ക്ലബ്, ലഹരി വിരുദ്ധ സെൽ എന്നീ സംഘടനകളും പ്രവർത്തിച്ചുവരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top