23 October Wednesday

പട്ടുനെയ്യുന്ന ജീവിതമിതാ

നിധിൻ രാജുUpdated: Saturday Oct 19, 2024

രാമചന്ദ്രൻ മൾബറി തോട്ടത്തിൽ

മറയൂർ
കാന്തല്ലൂർ കീഴാന്തൂർ പാണ്ഡ്യൻവീട്ടിൽ രാമചന്ദ്രനെയും കുടുംബത്തെയും പോറ്റുന്നത് ഇത്തിരി കുഞ്ഞൻ പുഴുക്കളാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ സംഗതി സത്യമാണ്‌. ഇടുക്കിയിലെ പച്ചക്കറി ഗ്രാമങ്ങളിലൊന്നായ കാന്തല്ലൂരിൽ മറ്റുള്ളവരിൽനിന്ന് വ്യത്യസ്‌തമായി പട്ടുനൂൽ കൃഷിയാണ്‌ രാമചന്ദ്രൻ തെരഞ്ഞെടുത്തിട്ടുള്ളത്‌. മുമ്പ്‌ കരിമ്പും പച്ചക്കറികളും കൃഷിചെയ്‌തിരുന്ന രാമചന്ദ്രൻ പട്ടുനൂൽ കൃഷിയിലേക്ക്‌ തിരിഞ്ഞത്‌ കോവിഡ്‌ കാലത്താണ്‌. ഭാര്യയും മക്കളും പിന്തുണയുമായി കൂടെ നിന്നു.
പുഴുവിന്റെ 
ജീവിതചക്രം
"ബോംബിക്സ് മോറി’ എന്ന ശലഭങ്ങളുടെ പ്യൂപ്പകളെയാണ്‌ പട്ടുനൂൽകൃഷിക്ക്‌ ആവശ്യം. കൃഷിയ്‌ക്കുള്ള പട്ടുനൂൽപ്പുഴുക്കളെ പൊള്ളാച്ചിയിൽനിന്നാണ്‌ എത്തിക്കുന്നത്‌. ഒന്നിന്‌ 33 രൂപ നിരക്കിലാണ്‌ ലഭിക്കുന്നത്‌. 70–80 പുഴുക്കളെയാണ് രാമചന്ദ്രൻ ഒറ്റത്തവണ വാങ്ങുന്നത്‌. പ്രത്യേകമായി തയാറാക്കിയ ഷെഡിലാണ് പുഴുവളർത്തൽ. ഇവ 22 ദിവസത്തിൽ പൂർണവളർച്ചയെത്തും. ശേഷം പുഴുപ്പൊതി(കൊക്കൂൺ) ഉണ്ടാക്കുന്നതിനുള്ള പ്രത്യേക ഷീറ്റിലേക്ക്‌ മാറ്റും. 300 മീറ്ററോളാം നീളമുള്ള നൂലുകൊണ്ട് നാലുമുതൽ ആറ്‌ ദിവസംവരെയെടുക്കും വലനെയ്‌തു കൊക്കൂൺ നിർമിക്കാൻ. അതിനുള്ളിലാണ്‌ പ്യൂപ്പ(പുഴു) ഉണ്ടാവുക. പുഴുവോടുകൂടിയാണ്‌ വിൽപ്പന നടത്തുന്നത്‌. പുഴുവില്ലാത്തതും ചത്തതും ഈർപ്പമുള്ളതുമായ പുഴുപ്പൊതിയ്‌ക്ക്‌ വില ലഭിക്കില്ലെന്ന് രാമചന്ദ്രൻ പറയുന്നു. വിൽപ്പനയ്‌ക്കെത്തിച്ചുകഴിഞ്ഞാൽ ചൂടുവെള്ളമോ വിഷവായുവോ ഉപയോഗിച്ച് പുഴുവിനെക്കൊന്ന് നൂലെടുക്കുകയാണ് ചെയ്യുന്നത്.
ഭക്ഷണം, പരിചരണം
സമയനിഷ്ഠയോടും ശ്രദ്ധയോടുംകൂടിയുള്ള പരിചരണം ഉണ്ടെങ്കിലെ മേന്മയുള്ള കൊക്കൂൺ ലഭിക്കൂ. ഇവയുടെ ഭക്ഷണത്തിനായി ഒരേക്കർ സ്ഥലത്ത്‌ മൾബറികൃഷി ആരംഭിച്ചു. മൾബറിയിലകളാണ്‌ പുഴുക്കളുടെ ഭക്ഷണം. ദിവസം മൂന്നുനേരവും ഇലകൾ കൊടുക്കണം. എട്ടുദിവസത്തിൽ താഴെമാത്രം മൂപ്പെത്തിയ ഇളംഇലകളാണ്‌ കൊടുക്കേണ്ടത്‌. ഈർപ്പമുള്ളവ കൊടുക്കാനുമാവില്ല, പുഴുക്കൾ ചത്തുപോകും. മഞ്ഞിൽനിന്നും മഴയിൽനിന്നും വെയിലിൽനിന്നും സംരക്ഷിക്കണം. കൂടാതെ അണ്ണാന്റെയും ചെറുകുരുവികളുടെയും ശല്യവും പ്രതിരോധിക്കണം. നന്നായി പരിചരിച്ചില്ലെങ്കിൽ മുഴുവൻ പുഴുക്കളെയും നഷ്‌ടപ്പെടും.
ലാഭമിങ്ങനെ
ഒറ്റ വിളവെടുപ്പിൽ രാമചന്ദ്രന്‌ 70 മുതൽ 80 കിലോവരെ വിളവ്‌ ലഭിക്കുന്നുണ്ട്‌. ലഭ്യതയ്‌ക്കും ഗുണത്തിനുമനുസരിച്ച്‌ വില ഏറിയും കുറഞ്ഞുമിരിക്കും. 650 രൂപവരെ ലഭിച്ചേക്കാം, അതേപോലെ ഇടയ്‌ക്ക്‌ 200 രൂപവരെ കുറയുകയും ചെയ്യും. കഴിഞ്ഞ വിളവിന്‌ 530 രൂപ ലഭിച്ചു. 550 രൂപ ലഭിച്ചാൽ ലാഭകരമാണെന്ന്‌ രാമചന്ദ്രൻ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top