22 December Sunday

സഹ്യ ബ്രാൻഡ്‌ ഓഫ്‌ ഇടുക്കി

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024

തങ്കമണി സഹകരണ ബാങ്കിന്റെ കാർഷികോൽപ്പന്ന ബ്രാൻഡായ സഹ്യയുടെ രണ്ടാംഘട്ട വികസന പദ്ധതികൾ 
മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനംചെയ്യുന്നു

ചെറുതോണി
തങ്കമണി സഹകരണ ബാങ്കിന്റെ ബ്രാൻഡായ സഹ്യയുടെ ഭക്ഷ്യ–സുഗന്ധവ്യഞ്ജന ഉൽപ്പന്നങ്ങൾ വിപണിയിലേക്ക്‌. ഇടുക്കിയിൽ പരമ്പരാഗതമായി ഉൽപ്പാദിപ്പിക്കുന്ന ഗുണമേന്മയേറിയ സുഗന്ധവ്യഞ്ജനങ്ങളും ഫലങ്ങളും ലോകത്തെമ്പാടും എത്തിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. 
ഡ്രൈഡ്‌ ഫ്രൂട്ട്‌സ്‌ യൂണിറ്റ്‌ 
ഡ്രൈഡ്‌ ഫ്രൂട്ട്‌സ്‌ യൂണിറ്റിൽ നാടൻ ഫലങ്ങളുൾപ്പെടെ നിർജലീകരണ പ്രക്രിയയിലൂടെ ഉണക്കിയെടുത്ത്‌ മൂല്യവർധിത ഉൽപ്പന്നമാക്കി മാറ്റുന്നു. സംസ്ഥാന സർക്കാരിന്റെ സിറ്റ(കോ ഓപ്പറേറ്റീവ്‌ ഇനിഷ്യേറ്റീവ്‌സ്‌ ഇൻ ടെക്‌നോളജി ഡ്രിവൻ അഗ്രികൾച്ചർ) പദ്ധതിയിൽപ്പെടുത്തിയാണ്‌ സംരംഭം. പഴങ്ങളിലെ ജലാംശം ഇല്ലാതാക്കി ഉണക്കിയെടുക്കുന്നു. ചക്ക, കപ്പ, വാഴയ്ക്ക തുടങ്ങിയവ പ്രാദേശിക കർഷകരിൽനിന്ന്‌ നേരിട്ട്‌ വാങ്ങാനാണ്‌ പദ്ധതി. ഇത്തരം ഉൽപ്പന്നങ്ങൾക്ക്‌ വിദേശത്തുൾപ്പെടെ മികച്ച വിപണന സാധ്യതയുണ്ട്‌.
ഫുഡ്‌ ആൻഡ്‌ സ്പൈസസ്‌ 
മാർക്കറ്റിങ്‌/റീപാക്കിങ്‌ യൂണിറ്റ്‌
ഫുഡ്‌ ആൻഡ്‌ സ്പൈസസ്‌ മാർക്കറ്റിങ്‌ യൂണിറ്റിലൂടെ ഭക്ഷ്യോൽപ്പന്ന വിപണനരംഗത്തും സഹ്യ ചുവടുവയ്ക്കുന്നു. സുഗന്ധവ്യഞ്ജനങ്ങളുടെ രാജ്യാന്തര സാധ്യത പ്രയോജനപ്പെടുത്തുകയാണ്‌ ലക്ഷ്യം. കുരുമുളക്‌, ഏലം, ഇഞ്ചി, ഗ്രാമ്പു, കടുക്‌, ജീരകം, ഉലുവ, പെരുംജീരകം, ബദാം, കശുവണ്ടി ഉൾപ്പെടെയുള്ളവ സഹ്യ ബ്രാൻഡിൽ വിപണിയിലെത്തിക്കും. ഇതോടൊപ്പം ഇരുപതിലധികം മസാലകളും പായസക്കൂട്ടും ഉണ്ട്‌. 
ടീ ബ്ലെൻഡിങ്‌ യൂണിറ്റ്‌ 
തേയിലയുടെ പാക്കിങ്‌ ശാസ്ത്രീയവും സുഗമവുമാക്കാൻ പുതിയ ടീ ബ്ലെൻഡിങ്‌ യൂണിറ്റ്‌ പ്രവർത്തനസജ്ജമായി. ടവർ മോഡലിലുള്ള അത്യാധുനിക ഉപകരണമാണ്‌ സ്ഥാപിച്ചിരിക്കുന്നത്‌. ഏലയ്ക്ക, ലെമൺ, മസാല ചായപ്പൊടികൾ വിപണിയിൽ ലഭ്യമാണ്‌.
കാപ്പിപ്പൊടി നിർമാണ യൂണിറ്റ്‌ 
ശാസ്ത്രീയമായി തയ്യാറാക്കുന്ന നാടൻ കാപ്പിപ്പൊടി സഹ്യയിലൂടെ വിപണിയിലേക്ക്‌. പാണ്ടിപ്പാറയിലെ കാപ്പിപ്പൊടി നിർമാണ യൂണിറ്റ്‌ പ്രവർത്തനസജ്ജമാകുന്നു. കർഷകരിൽ നിന്നും കാപ്പിക്കുരുവാങ്ങി പ്രൊസസ്‌ ചെയ്‌ത്‌ ഗുണമേന്മയുള്ള കാപ്പിപ്പൊടി വിപണിയിലെത്തിക്കുകയാണ്‌ ലക്ഷ്യം. 
പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന കാപ്പിക്കുരുവിനും പഴവർഗങ്ങൾക്കും കർഷകർക്ക്‌ മെച്ചപ്പെട്ട വില ലഭിക്കാനിടയാകും.
സംരംഭങ്ങൾ തുടരും
ഇടുക്കി പാക്കേജിൽ ഉൾപ്പെട്ട ചേംബർ സ്റ്റോറേജ്‌ യൂണിറ്റ്‌ താമസിക്കാതെ ആരംഭിക്കാനാകും. കൂടാതെ ധാന്യപ്പൊടി നിർമാണ യൂണിറ്റ്‌, കറിമസാല നിർമാണ യൂണിറ്റ്‌, ടൂറിസം പ്രൊജക്‌ട്‌ എന്നിവയും ആലോചനയിലുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top