ഇടുക്കി
‘‘നമ്മുടെ മുഖ്യമന്ത്രിയുടെ ഓഫീസ് നമ്പർ എത്ര?’’ ഞൊടിയിടയിൽ ‘നാലായിര’ത്തിന്റെ ഉത്തരമെത്തി,‘‘0471 2333241’’.പേരിലെ കൗതുകം മാത്രമല്ല, പെട്ടെന്നാർക്കും അനുകരിക്കാനാകാത്ത നൈപുണ്യത്തിനുടമകൂടിയാണ് ഏലപ്പാറ സ്വദേശി എം നാലായിരം. ഈ അറുപത്താറുകാന്റെ സർടിഫിക്കറ്റുകളിലെ പേര് നാലായിരം എന്നാണ്. ഇദേഹം ഹൃദിസ്ഥമാക്കിയിട്ടുള്ളത് നാനൂറ് ഫോൺ നമ്പറുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങി സ്വന്തം സുഹൃത്തുകളുടെയും ബന്ധുക്കളുടെയും പരിചയക്കാരുടെയുംവരെ ഫോൺ നമ്പറുകൾ മനഃപാഠം.
ഏലപ്പാറ ടൈഫോർഡ് ടീ എസ്റ്റേറ്റിലെ തൊഴിലാളിയായ നാലായിരം കൂട്ടുകാരുടെ ഫോൺ നമ്പറുകളാണ് ഹൃദിസ്ഥമാക്കി തുടങ്ങിയത്. ഒരു നമ്പർ ചോദിച്ചാൽ ഫോണിന്റെയോ ഡയറക്‌ടറിയുടെയോ സഹായമില്ലാതെ നാലായിരം ഓർമയിൽ നിന്നെടുത്തുകൊടുക്കും. അങ്ങനെയായിരുന്നു തുടക്കം. ഫോൺ നമ്പറിനായി തൊഴിലാളികളും നാട്ടുകാരും ആശ്രയിച്ചുതുടങ്ങി. പിന്നീട് പ്രധാനപ്പെട്ട ഔദ്യോഗിക നമ്പറുകളെല്ലാം ഓർമയിലേക്ക് ‘സേവ്’ ചെയ്‌തു. ഒരു നമ്പർ രണ്ടോ മൂന്നോ തവണ ആവർത്തിച്ചാൽ അത് മനസ്സിൽ പതിയും. ഓർമയിൽ നിന്നെടുക്കാൻ ഒരു നിമിഷം തികച്ചുവേണ്ട.
രാഷ്ട്രപതി ഭവൻ മുതൽ പഞ്ചായത്ത് ഓഫീസ് വരെ, പ്രധാന മന്ത്രിയുടെ മുതൽ പ്രാദേശിക പൊതുപ്രവർത്തകരുടെ വരെ, കലക്‌ടറേറ്റ്, ജില്ലയിലെ ആശുപത്രികൾ, അടുത്ത പൊലീസ് സ്‌റ്റേഷനുകൾ, വില്ലേജ് ഓഫീസ്, റേഞ്ച് ഓഫീസ്, കൃഷിഭവൻ, അക്ഷയകേന്ദ്രങ്ങൾ അങ്ങനെ നീളുന്നു നാലായിരത്തിന്റെ ‘കോൺടാക്‌ട് ലിസ്‌റ്റ്’. കൈയിലുള്ള കീപാഡ് ഫോണിലെ ‘കോൺടാക്‌ട്‌സ്’ കാലിയാണ്. വിരലുകളുടെ സഹായമില്ലാതെ മനസിലെ കോൺടാക്‌ട് ലിസ്‌റ്റിൽ ഏത് നമ്പരും സെർച്ച് ചെയ്യാമല്ലോ എന്നാണ് നാലായിരം പറയുന്നത്. പ്രത്യേക കോഡിലൂടെയാണ് മനപാഠമാക്കുന്നത്. എല്ലാവരേയും കാണിക്കാൻ ഈ നമ്പരുകളെല്ലാം നോട്ട്‌ബുക്കിൽ എഴുതിവച്ചിട്ടുണ്ട്.
തമിഴ്‌നാട് തിരുനെൽവേലിയിൽനിന്ന് 1959ലാണ് അച്ഛൻ മാണിക്യത്തിനും അമ്മ ശിവകാമിക്കുമൊപ്പം ഏലപ്പാറയിലേക്ക് കുടിയേറിയത്. ലക്ഷ്മിയാണ് ഭാര്യ. ഔദ്യോഗിക ഫേൺ നമ്പറുകൾ തരപ്പെടുത്താൻ മക്കളായ മണികണ്ഠനും മുരുകനും സഹായിക്കും. തിരുനെൽവേലി ഇരുക്കൻദുരൈയിലുള്ള ‘നാലായിരം അമ്മൻ കോവിൽ' ക്ഷേത്രത്തിന്റെ പേരിൽനിന്നാണ് മകന് നാലായിരമെന്ന് മാതാപിതാക്കൾ പേരിട്ടത്.
1975ൽ ഏലപ്പാറ പഞ്ചായത്ത് ഹൈസ്‌കൂളിൽനിന്ന് 10 ാം ക്ലാസ് പൂർത്തിയാക്കി. അതേവർഷം പിതാവിനൊപ്പം തോട്ടം മേഖലയിൽ ജോലി ചെയ്‌തുതുടങ്ങിയാണ്. സിഐടിയു യൂണിറ്റംഗംകൂടിയായ നാലായിരത്തിന് 4000 ഫോൺ നമ്പർ മനഃപാഠമാക്കണമെന്നാണ് ആഗ്രഹം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..