കുമളി
കൊട്ടാരക്കര-– ദിണ്ടിഗൽ ദേശീയപാതയിൽ കുമളി അതിർത്തിക്കപ്പുറത്ത് തമിഴ്നാട് ഭാഗത്ത് ഗതാഗത കുരുക്ക് പതിവായി. തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്ന ദീർഘദൂരവും ഉൾനാടൻ ഉൾപ്പെടെയുള്ള സർവീസ് ബസുകൾ ദേശീയപാതയുടെ ഇരുഭാഗത്തും പാർക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നത്.
തമിഴ്നാടിന്റെ വിദൂര പ്രദേശങ്ങളിൽനിന്ന് കുമളിയിലേക്കുള്ള സർവീസുകൾകുമളിയിൽ എത്തി ബസ് ജീവനക്കാർ വിശ്രമിച്ചശേഷം മണിക്കൂറുകൾ കഴിഞ്ഞാണ് മടങ്ങി പോകുന്നത്. നേരത്തെ ബസുകൾ പാർക്ക് ചെയ്തിരുന്നത് തമിഴ്നാട് അതിർത്തിയിലുള്ള തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് സ്റ്റാൻഡിൽ ആയിരുന്നു. എന്നാൽ, ഏതാനും മാസങ്ങളായി ഇവിടെ പുതിയ ബെസ് ടെർമിനലിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വളപ്പിലേക്ക് വാഹനങ്ങൾ കയറ്റുന്നില്ല. കമ്പം, തേനി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള ഷട്ടിൽ സർവീസുകൾ കൂടാതെ മധുര, ചെന്നൈ, ദിണ്ടിഗൽ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള ദീർഘദൂര സർവീസ് ബസുകളും ദേശീയപാതയോരത്ത് തന്നെയാണ് നിർത്തിയിടുന്നത്. ഒരുവശത്തു ബസ് പാർക്ക് ചെയ്ത് സ്ഥലം ഇല്ലാതെ വരുമ്പോൾ അടുത്ത വശത്തുകൂടി ബസുകൾ പാർക്ക് ചെയ്യും. കുമളി അതിർത്തി മുതൽ തമിഴ്നാട് വനംവകുപ്പ് ചെക്ക് പോസ്റ്റ് വരെയുള്ള കാൽ കിലോമീറ്റർ ദൂരത്ത് ഇത്തരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ട്.
ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതോടെ മധ്യഭാഗത്ത് വാഹനങ്ങൾ കടന്നു പോകാൻ റോഡിന് വീതി കുറയും. ഇരുഭാഗത്തുനിന്നും വലിയ വാഹനങ്ങളും ചെറുവാഹനങ്ങളും കൂടുതലായി എത്തുന്നതോടെ വാഹനഗതാഗതം തടസപ്പെടും. ബസ് ടെർമിനൽ നിർമാണം പൂർത്തിയാകുന്നതോടെ മാത്രമേ പ്രശ്നത്തിന് പരിഹാരം ഉണ്ടാവുകയുള്ളൂ.
വാഹനങ്ങൾ തിരിക്കാൻ പ്രദേശത്ത് സ്ഥലപരിമിതിയുള്ളതുകൊണ്ട് അതിർത്തികടന്ന് കുമളി ബസ് സ്റ്റാൻഡ് വഴി ചുറ്റിയാണ് തമിഴ്നാട് വാഹനങ്ങൾ കടന്നു പോകുന്നത്. ശബരിമല സീസൺ എത്താനിരിക്കെ പ്രദേശത്ത് വാഹനങ്ങളുടെ എണ്ണം കൂടുന്നതോടെ ഗതാഗതക്കുരുക്കും പതിവാകാനാണ് സാധ്യത.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..