ഇടുക്കി
ചൊക്രമുടി ഭൂമി കൈയേറ്റം അന്വേഷിക്കാൻ കലക്ടർ നിയമിച്ച അഞ്ചംഗ പ്രത്യേകസംഘം തിങ്കളാഴ്‌ച അന്വേഷണം ആരംഭിക്കും. അഞ്ച് തഹസിൽദാർമാർക്കാണ് അന്വേഷണ ചുമതല. ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ ഉദ്യോഗസ്ഥരെ സംഘത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൈയേറ്റവുമായി ബന്ധപ്പെട്ട് ഇവരുടെ പങ്കും പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഇവരെ സംഘത്തിൽ ഉൾപ്പെടുത്താതിരുന്നത്. സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്നാണ് മന്ത്രിയുടെ നിർദേശം.
കൈയേറ്റവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷക സംഘം സമർപ്പിച്ച 12 പേജുള്ള റിപ്പോർട്ടിൽ ഉദ്യോഗസ്ഥരുടെ പങ്കും വ്യക്തമാക്കിയിരുന്നു. പട്ടയം നൽകിയ റവന്യു ഉദ്യോഗസ്ഥർ, സർവേ ഉദ്യോഗസ്ഥർ, ഭൂമിയിൽ കെട്ടിടം നിർമിക്കാൻ അനുമതി നൽകിയവർ തുടങ്ങി വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥരുടെ ഇടപെടലുകളെക്കുറിച്ച് റിപ്പോർട്ടിലുണ്ട്. പ്രഥമദൃഷ്ടിയിൽതന്നെ കൈയേറ്റവും അനധികൃത നിർമാണവും നടന്നതായാണ് അന്വേഷക സംഘം നൽകിയ റിപ്പോർട്ട്. എന്നാൽ കൈയേറ്റ ലോബി പ്രശ്നം പൊതുവൽക്കരിക്കാനാണ് ശ്രമിക്കുന്നത്.
സാധാരണ കർഷകരെ കൂട്ടുപിടിച്ച് രക്ഷപെടാനാണ് നീക്കം ആരംഭിച്ചിരിക്കുന്നത്. ഇവിടെ വേറെയും പട്ടയം നൽകിയിട്ടുണ്ടെന്നും ധാരാളം കുടിയേറ്റക്കാരുണ്ടെന്നും വരുത്തിത്തീർത്ത് കൈയേറ്റം സാധൂകരിക്കാനാണ് ലക്ഷ്യമിടുന്നത്. കൈയേറ്റത്തിന് കൂട്ടുനിന്ന ചില ഉദ്യോഗസ്ഥരുടെ നിർദേശവും ലഭിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..