കട്ടപ്പന
ഒഴുക്കിൽപ്പെട്ട് കാണാതായ കുട്ടിക്കായി ഇരട്ടയാർ അണക്കെട്ടിൽനിന്ന് അഞ്ചുരുളിയിലേക്ക് വെള്ളമെത്തിക്കുന്ന തുരങ്കമുഖങ്ങളിൽ അഗ്നിരക്ഷാസേനയും നാട്ടുകാരും നടത്തിയത് സമാനതകളില്ലാത്ത തെരച്ചിൽ. വെള്ളത്തിന്റെ ശക്തിയായ ഒഴുക്കും ഓക്സിജൻ ആവശ്യത്തിനില്ലാത്തതും വിഷപ്പാമ്പുകളുടെ ശല്യവും തുരങ്കത്തിനുള്ളിൽ തെരച്ചിൽ അസാധ്യമാക്കുന്നു. ഇതോടെ തുരങ്കത്തിനുള്ളിൽ കുട്ടി കുടുങ്ങിക്കിടക്കാനുള്ള സാധ്യത പരിശോധിക്കാൻ ജാറുകൾ ഒഴുക്കിവിട്ടുള്ള ഡമ്മി പരീക്ഷണം നടത്തി. തെരച്ചിൽ നടത്താൻ നൈറ്റ് വിഷൻ ക്യാമറകളുള്ള ഡ്രോണുകളും എത്തിച്ചു. വ്യാഴം രാവിലെ 10 ഓടെയാണ് ഇരട്ടയാർ ഡാമിൽ തുരങ്കത്തിലേക്ക് വെള്ളമൊഴുകുന്ന ഭാഗത്ത് കുട്ടികൾ അപകടത്തിൽപ്പെട്ടത്. കായംകുളം മുതുകുളം നടുവിലേയത്ത് പൊന്നപ്പന്റെ മകൻ അതുൽ ഹർഷ് ഒഴുക്കിൽപ്പെട്ട് മരിച്ചു. അതുലിന്റെ മാതൃസഹോദരന്റെ മകൻ അസൗരേഷിനെയാണ് കാണാതായത്. കുട്ടികൾ വീണതറിഞ്ഞ് നാട്ടുകാർ ഓടിയെത്തി തെരച്ചിൽ ആരംഭിച്ചു. തൊട്ടുപിന്നാലെ കട്ടപ്പന അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ശക്തമായ അടിയൊഴുക്കുള്ള ഭാഗങ്ങളിൽ മരത്തിൽ വടംകെട്ടിയിറങ്ങി നടത്തിയ തിരച്ചിലാണ് ഇരട്ടയാറിലെ ടണൽമുഖത്തെ കോൺക്രീറ്റ് ഗ്രില്ലിനുസമീപം അതുലിന്റെ മൃതദേഹം കണ്ടെത്തിയത്.
അസൗരേഷിനായി ഒരുമണിക്കൂറിലേറെ തെരച്ചിൽ തുടർന്നെങ്കിലും ഫലമുണ്ടായില്ല. ഇതോടെ 5.5 കിലോമീറ്റർ അകലെ കുട്ടി ഒഴുകിയെത്താൻ സാധ്യതയുള്ള അഞ്ചുരുളിയിൽ അഗ്നിരക്ഷാസേന എത്തി. ശക്തമായ ഒഴുക്കിനെ അതിജീവിച്ച് ഇവിടുത്തെ തുരങ്കമുഖത്തിനുകുറുകെ വടംകെട്ടി നിന്ന് തിരച്ചിൽ നടത്തി. രക്ഷാപ്രവർത്തകർ അഞ്ചുരുളിയിൽ എത്തുംമുമ്പ് കുട്ടി ഒഴുകിയെത്തി ഇടുക്കി ഡാമിൽ പതിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് സ്‌കൂബ ടീമിന്റെ സേവനം തേടിയത്. തൊടുപുഴയിൽ നിന്ന് വിദഗ്‌ധർ അടങ്ങുന്ന സ്‌കൂബ സംഘം ഇടുക്കി അണക്കെട്ടിൽ മണിക്കൂറുകൾ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..