20 October Sunday

റബര്‍വില ഇടിയുന്നു 
കര്‍ഷകർക്ക് ആശങ്ക

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024
മൂലമറ്റം
റബര്‍ വില തുടര്‍ച്ചയായി കുറയുന്നത് കര്‍ഷകരെ ആശങ്കയിലാഴ്‍ത്തുന്നു. ഒരുമാസം മുമ്പുവരെ വ്യാപാരികള്‍ 250 രൂപയ്‍ക്കാണ് റബര്‍ വാങ്ങിയിരുന്നത്. നിലവിലിത് 190 രൂപയായി കുറഞ്ഞു. അടിക്കടി വിലകുറയുന്നതിനമാല്‍ ചെറുകിട വ്യാപാരികളില്‍ പലരും റബര്‍ വാങ്ങാന്‍ മടികാണിക്കുന്നു. രാജ്യാന്തര വിലയും കൂപ്പുകുത്തുകയാണ്. ബാങ്കോക്ക് വില 222 രൂപയായി കുറഞ്ഞു. വിദേശത്തുനിന്നും വന്‍തോതില്‍ ഇറക്കുമതി നടന്നതാണ് ആഭ്യന്തര വില കുറയാൻ കാരണം. ടയര്‍ കമ്പനികള്‍ ആവശ്യത്തിന് റബര്‍ ശേഖരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കമ്പനികള്‍ വിപണിയില്‍ താല്‍പര്യം കാണിക്കുന്നില്ല. കര്‍ഷകര്‍ റബര്‍ കാര്യമായി പിടിച്ചുവയ്‍ക്കാറില്ല. വരുംദിവസങ്ങളില്‍ വില 180 രൂപയാകുമെന്നാണ് സൂചന. 
ഇറക്കുമതി തീരുവ 
വര്‍ധിപ്പിക്കണം
ടയര്‍ കമ്പനികള്‍ കിട്ടിയ അവസരത്തില്‍ ആവശ്യത്തിന് റബര്‍ ഇറക്കുമതി ചെയ്‍‍തിട്ടുണ്ട്. കണ്ടെയ്‌നര്‍ ക്ഷാമകാലത്ത് ഇറക്കുമതി പാടേ നിലച്ചിരുന്നു. ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് കമ്പനികള്‍ ജാഗ്രത പുലര്‍ത്തുന്നത്. പലിശയ്‍ക്ക് പണം വാങ്ങി റബര്‍തോട്ടങ്ങള്‍ പാട്ടത്തിനെടുത്തവര്‍ ഉള്‍പ്പെടെ സമ്മര്‍ദത്തിലാണ്. വില ഇടിയുന്നത് തടയാന്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഭക്ഷ്യ എണ്ണയുടെ തീരുവ വര്‍ധിപ്പിച്ച് നാളികേര കര്‍ഷകരെ സഹായിച്ചതുപോലെ റബര്‍ കര്‍ഷകരെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണം.
 താങ്ങുവില 
വര്‍ധിപ്പിക്കണം
യുഡിഎഫ് സര്‍ക്കാര്‍ കിലോയ്‍ക്ക് 150 രൂപയായിരുന്നു താങ്ങുവില പ്രഖ്യാപിച്ചത്. അതായത്, റബറിന്റെ വിപണിവിലയും താങ്ങുവിലയും തമ്മിലെ അന്തരം കര്‍ഷകര്‍ക്ക്  സര്‍ക്കാര്‍ സബ്സിഡിയായി നല്‍കും. എല്‍ഡിഎഫ് സര്‍ക്കാരിത് 180 രൂപയാക്കി വര്‍ധിപ്പിച്ചു. നിലവില്‍ റബറിന് 195 രൂപയ്‍ക്കടുത്താണ് വില. 
    താങ്ങുവില 230രൂപയെങ്കിലും ആക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. 9.5 ലക്ഷത്തോളം റബര്‍ കര്‍ഷകരാണ് കേരളത്തിലുള്ളത്. 2024ലെ സംസ്ഥാന സാമ്പത്തിക സര്‍വേ പ്രകാരം 5.50 ലക്ഷം ഹെക്ടറിലാണ് കൃഷി. 5.99 ലക്ഷം ടണ്ണാണ് ഉൽപ്പാദനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top