22 December Sunday
ജോസ് താന പറയുന്നു

തിരശീല താഴുന്നില്ല

കെ പി മധുസൂദനന്‍Updated: Wednesday Nov 20, 2024

ജോസ് താന

തൊടുപുഴ
നിറഞ്ഞുകവിഞ്ഞ മൈതാനങ്ങള്‍, ആവേശത്തിന്റെ കരഘോഷങ്ങള്‍, അം​ഗീകാരങ്ങള്‍... ജോസ് താനയുടെ നാടക ഓര്‍മകള്‍ക്ക് പശ്ചാത്തല കര്‍ട്ടനുകളേക്കാള്‍ വര്‍ണപ്പകിട്ട്. പ്രൊഫഷണല്‍ നാടകവേദികളെ ഹരംകൊള്ളിച്ച ഒരുപിടി കഥാപാത്രങ്ങള്‍ ഇപ്പോഴും മനസില്‍ ചമയമിടുന്നു. ശാരീരിക അവശതകള്‍ കാരണം കലാരം​ഗത്തുനിന്നും വിടപറഞ്ഞെങ്കിലും ​ഗത​കാല സ്‍മരണകളിലാണ് നാടക–-സീരിയൽ–-സിനിമാതാരം ഇളംദേശം താനപ്പനാല്‍ ജോസ് താന.
 
ബെസ്റ്റ് ആക്‍ടര്‍
കലയന്താനി സ്‌കൂളിൽ അഞ്ചാം ക്ലാസിൽ തുടങ്ങിയതാണ്‌ നാടകാഭിനയം. പള്ളി വാർഷികങ്ങളിൽ ഏകാം​ഗ നാടകങ്ങളില്‍ പ്രതിഭ തെളിയിച്ചു. 1969 മുതൽ 75വരെ തൊടുപുഴ ന്യൂമാൻ കോളേജില്‍ പഠനകാലത്ത്‌ എൻഎൻ പിള്ളയുടെ ‘അതിനുമപ്പുറം’, സേതുനാഥിന്റെ ‘വേനൽ’ തുടങ്ങിയ നാടങ്ങളിലെ അഭിനയത്തിന്‌ ബെസ്‌റ്റ്‌ ആക്ടറായി. അക്കാലത്താണ്‌ പ്രേംനസീർ നായകനായ ‘പിക്‌നിക്‌’ സിനിമയിൽ കോളേജ്‌ വിദ്യാർഥിയായി അഭിനയിക്കാൻ അവസരം  ലഭിച്ചത്‌. 
കേരളത്തിൽ വിവിധയിടങ്ങളിൽ ഏകാം​ഗനാടക മത്സരങ്ങളിലും പങ്കെടുത്തിരുന്നു. പെരുമ്പാവൂരിൽ ‘ആർമാഗഡൻ’ നാടകത്തിലെ ‘വെളിച്ചം’ എന്ന കഥാപാത്രം അവതരിപ്പിച്ചത് വിധികർത്താവായിരുന്ന കാലടി ഗോപിക്ക്‌ ഇഷ്‍ടമായി. പിന്നാലെ അദ്ദേഹത്തിന്റെ കത്ത് വീട്ടിലെത്തി, ‘എന്നെ നേരിട്ട്‌ കാണണം’. അങ്ങനെ പെരുമ്പാവൂർ നാടകശാലയില്‍ അവസരമായി. സ്ഥിരം നാടകസമിതിയിലെ ആദ്യപടി. മാള അരവിന്ദൻ, നെല്ലിക്കോട്‌ ഭാസ്‌കരൻ, കുട്ട്യേടത്തി വിലാസിനി, കുതിരവട്ടം പപ്പു എന്നിവർക്കൊപ്പം ഒരു ചിത്രകാരന്റെ വേഷമായിരുന്നു. വടക്കേ ഇന്ത്യയിലടക്കം നാടകം അവതരിപ്പിക്കാൻ അവസരം ലഭിച്ചു. 
 
മികച്ച വേഷങ്ങള്‍
1978ൽ ചങ്ങനാശേരി ഗീതയിൽ വർഗീസ്‌ പോൾ രചിച്ച ‘മോഹം’ നാടകത്തിലെ ഡോക്‍ടര്‍ ജനപ്രിയമായി. പിന്നീട് ഗീതയുടെ മുഖ്യ നടത്തിപ്പുകാരനും നടനുമായി. ‘സായി’, ‘മോഹം’, ‘കാട്ടുതീ’, ‘ലാഭം’, ‘ഐബി’, ‘വീഥി’ നാടകങ്ങളിൽ ആറുവർഷം വേഷങ്ങള്‍ പകര്‍ന്നാടി. കൊല്ലം ട്യൂണയുടെ ‘അബ്‌കാരി’, ‘സിംഹനം’ നാടകങ്ങളിലും ചങ്ങനാശേരി അണിയറയിലും വേഷമിട്ടു. ചെല്ലപ്പൻ എന്ന മദ്യപാനി കഥാപാത്രമാണ് ജോസിന് പ്രിയം. 
 
ക്യാമറയ്‍ക്ക് മുന്നിലേക്ക്
സീരിയലിൽ ആദ്യം മുഖംകാണിച്ചത്‌ ജിജി പി ജോസ്‌ സംവിധാനം ചെയ്‌ത ഉണർത്തുപാട്ടിൽ. പിന്നീടും ചെറുതും വലുതുമായ നിരവധി വേഷങ്ങൾ. ഇതിനിടയിൽ ഭ്രമരം, പളുങ്ക്‌, പത്താംനിലയിലെ തീവണ്ടി എന്നീ സിനിമകളിലും അഭിനയിച്ചു. റേഡിയോ നാടകങ്ങളിലും സാന്നിധ്യമറിയിച്ചു. കഴുത്ത്‌ തിരിക്കാൻ വയ്യാത്ത അസുഖം പിടിപെട്ടതോടെയാണ് നാടകവേദികളില്‍നിന്ന് വിടപറയുന്നത്. കഴുത്തിലെ കശേരുക്കൾക്കിടയിൽ കൊഴുപ്പ്‌ അടിഞ്ഞുകൂടുകയായിരുന്നു. ഓപ്പറേഷൻ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. തന്റെ യൗവനത്തില്‍ മികച്ച കഥാപാത്രങ്ങളിലൂടെ ആസ്വാദകരുടെ മനസ് നിറയ്‍ക്കാനായ സന്തോഷം ആര്‍ത്തിരമ്പുന്ന മനസുമായാണ് ജോസ്‍ താനയുടെ വിശ്രമജീവിതം. ഭാര്യ ജെസി ഒപ്പമുണ്ട്. മക്കള്‍ രണ്ടുപേരും വിദേശത്തും.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top