22 December Sunday
ഭക്ഷ്യവിഷബാധ 
ഏറുന്നു

കാക്കണം ആരോ​ഗ്യം

കെ ടി രാജീവ്Updated: Wednesday Nov 20, 2024
ഇടുക്കി 
വിലയല്‍പ്പം കൂടിയാലും നല്ല ഭക്ഷണത്തിന് ആവശ്യക്കാരേറെയാണ്. മായമില്ലാത്ത ശുചിത്വമുള്ള ഭക്ഷണം കുറച്ചകലെയാണെങ്കിലും അവിടെയെത്തി വയറുനിറയ്‌ക്കുന്നവർ ധാരാളം. ചില ഹോട്ടലുകളിലെ ഭക്ഷണം അത്രയ്‍ക്ക്‌ പോരാത്തതിനാലാണ് ‘വീട്ടിലെ ഊണ്‌’ കടകൾ കൂണുപോലെ മുളച്ചത്.  പലകടകളിലും നല്ല തിരക്കുമുണ്ട്‌. എന്നാൽ ഇവിടങ്ങളിലടക്കം ഉപയോഗിച്ച എണ്ണ വീണ്ടും വറുക്കുന്നതിനും മറ്റും ഉപയോഗിക്കുന്നതായി ധാരാളം പരാതികൾ ഉയരുന്നുണ്ട്‌. പ്രത്യേക സ്‌ക്വാഡുകളുടെ പരിശോധനയുണ്ടെങ്കിലും ഫലംകാണുന്നില്ല. ഗുണമേന്മയുള്ള ഭക്ഷണം നൽകുന്നവരെയും ഇത്‌ പ്രതികൂലമായി ബാധിക്കുന്നു.
മലിനജലം, മായംകലർന്നതും പഴകിയതുമായ ഭക്ഷണങ്ങൾ, പലതവണ ഉപയോഗിച്ച എണ്ണയിൽ പാകം ചെയ്‌ത ഭക്ഷണം, കേടാകാതിരിക്കാൻ രാസവസ്‌തു പ്രയോ​ഗം, രുചി കൂട്ടുന്ന കൃത്രിമ സാധനങ്ങൾ തുടങ്ങിയവയാണ്‌ മനുഷ്യാരോഗ്യത്തിന്‌ ഭീഷണിയാകുന്നത്‌. ഭക്ഷ്യവിഷബാധയെ തുടർന്ന്‌ മരണംവരെ സംഭവിക്കുന്നു. ഹൈറേഞ്ചിൽ പച്ചമീൻ തിന്ന പൂച്ചകൾ ചത്തത് അടുത്തിടയാണ്‌. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വല്ലപ്പോഴുമുള്ള പരിശോധനയും ബോധവൽക്കരണവും നടക്കുന്നുണ്ടെങ്കിലും ഭക്ഷ്യവിഷബാധ വിദ്യാഭ്യാസ ഹോസ്‌റ്റലുകളിൽ ഉൾപ്പെടെ തുടരുന്നു. വെള്ളത്തിൽ ഇകോളിൻ കണ്ടെത്തിയാൽ കക്കൂസ്‌ മാലിന്യം കലരുന്നതായി മനസിലാക്കാം. മഞ്ഞപ്പിത്തമടക്കമുള്ള രോഗങ്ങൾക്കിത്‌ മതി. നിയമ നടപടി ശക്തമാക്കണമെന്ന ആവശ്യമാണ്‌ വിവിധ മേഖലകളിൽനിന്നും ഉയരുന്നത്‌. 
ഫ്രിഡ്‌ജിൽ വയ്‌ക്കാം, 
നിബന്ധനകളുണ്ട്‌
പാകം ചെയ്‌തതും അല്ലാത്തതുമായ ഭക്ഷണ സാധനങ്ങൾ ശീതീകരണ സംവിധാനങ്ങളിൽവയ്‌ക്കാൻ നിയമമുണ്ട്‌. ഭക്ഷണം പാകംചെയ്‌ത്‌ രണ്ടുമണിക്കൂർ മാത്രമേ പുറത്തുവയ്‌ക്കാൻ നിയമമുള്ളൂ. സസ്യാഹാരം, മാംസാഹാരം, പാകം ചെയ്‌തവ, ചെയ്യാത്തവ എന്നിവ ഫ്രിഡ്‍ജില്‍ വയ്‍ക്കാൻ കൃത്യമായ നിബന്ധനകളുണ്ട്. ഇവയ്‍ക്ക് പ്രത്യേക ലേബൽ ഉണ്ടാവണം. എന്നാൽ ഇതൊന്നും സാധാരണ കടയുടമകൾക്ക്‌ ചെയ്യാനാവില്ല. വളരെ പഴകിയവയും ചില ഹോട്ടലുകളിൽ വിൽക്കുന്നുണ്ട്. 
ഉപയോഗിച്ച എണ്ണ വിൽക്കാം
വറുക്കുന്നതിന്‌ ഒരിക്കൽ ഉപയോഗിക്കുന്ന എണ്ണയും ഓയിലും പിന്നീട്‌ പാചകം ചെയ്യാൻ പാടില്ലെന്നാണ്‌ നിയമം. അർബുദംപോലുള്ള മാരക രോഗങ്ങൾക്കിത്‌ കാരണമാകുമെന്ന് ആരോഗ്യവകുപ്പും സമ്മതിക്കുന്നു. ഒരിക്കൽ ഉപയോഗിച്ച എണ്ണ പാഴാക്കാതെ ജൈവ ഡീസലായി ഉപയോഗിക്കാം. അത്തരം സ്ഥാപനങ്ങൾക്ക്‌ വിൽക്കാൻ അവസരം ഉണ്ടെങ്കിലും ആരും അതിന് നില്‍ക്കാറില്ല. കൂടെക്കൂടെ വെള്ളം പരിശോധിച്ച റിപ്പോർട്ട്‌ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‌ നൽകണം. പരിശോധിച്ച്‌ നല്ല റിപ്പോർട്ട്‌ നൽകുന്ന സ്ഥാപനങ്ങളും ധാരാളം. 
നിയോജക
മണ്ഡലാടിസ്ഥാനത്തിൽ 
ഓഫീസർ
ജില്ലയിൽ അസിസ്‌റ്റന്റ്‌ കമീഷണറുടെ കീഴിൽ നിയോജക മണ്ഡലാടിസ്ഥാനത്തിൽ ഓരോ ഭക്ഷ്യസുരക്ഷാ ഉദ്യാഗസ്ഥരാണ്‌ പരിശോധനയ്‍ക്കുള്ളത്‌. 2013 മുതലാണ്‌ ഈ സുരക്ഷാവിഭാഗം സംസ്ഥാനത്ത്‌ നിലവിൽവന്നത്‌. തദേശസ്ഥാപനങ്ങളിൽ പ്രത്യേക ഹെൽത്ത്‌വിങ്‌ പ്രവർത്തിക്കുന്നു. ഇവർക്ക്‌ അധികാരം കുറവാണ്‌. മാസത്തിൽ ശരാശരി രണ്ടോമൂന്നോ കേസുകളുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ജില്ലയിൽ വർധിച്ചുവരുന്ന കടകൾക്ക്‌ ആനുപാതികമായി ജീവനക്കാരില്ലാത്ത സ്ഥിതിയുണ്ട്‌. ഹോട്ടലുകളിൽനിന്നോ ബേക്കറികളില്‍നിന്നോ പഴകിയ ഭക്ഷണം പിടിച്ചെടുത്ത്‌ നോട്ടീസ്‌ നൽകിയാലും കേടായവ വിൽക്കുന്നത്‌ പതിവാണ്. 
നോട്ടീസ്‌, ഹിയറിങ്‌, പിഴ, ലൈസൻസ്‌ സസ്‌പെൻഷൻ
ശുചിത്വമില്ലാതെയും മായം കലർത്തിയതുമായ ഭക്ഷണം പിടിച്ചെടുത്താൽ നടപടി നീണ്ട പ്രക്രിയയാണ്‌. ആദ്യം നോട്ടീസ്‌ നൽകി ബോധ്യപ്പെടുത്തും. സ്ഥിരീകരിച്ചാൽ വിളിച്ചുവരുത്തി വിശദീകരിക്കും. ആവശ്യമെങ്കിൽ പിഴയും ഈടാക്കും. കേസിന്റെ ഗൗരവം കണക്കിലെടുത്ത്‌ ലൈസൻസ്‌ റദ്ദാക്കൽ അവസാന നടപടിയാണ്‌. എന്നാലിത്‌ നീളുന്ന നടപടിയായതിനാൽ ഈ കാലയളവിലെല്ലാം കട തുറന്നിട്ടുണ്ടാവും. നിയമ നടപടി കർശനമാക്കണമെന്ന ആവശ്യം ശക്തമാണ്. 
പരിശോധനയുണ്ട്‌: 
അസിസ്‌റ്റൻ്‌ കമീഷണർ
ജീവനക്കാരുടെ കുറവുണ്ടെങ്കിലും പരിശോധന ശക്തമായി നടത്തുന്നുണ്ടെന്ന്‌ ഭക്ഷ്യസുരക്ഷാ ചുമതലയുള്ള അസിസിറ്റന്റ്‌ കമീഷണർ ബൈജു പി ജോസഫ്‌ പറഞ്ഞു. കൂട്ടായ പരിശ്രമം ആവശ്യമാണ്‌. പല വിഭാഗങ്ങൾക്കായി ബോധവൽക്കരണ ക്ലാസുകളും നടത്തുന്നു. എടുക്കുന്ന  കേസിന്റെ ഗൗരവാവസ്ഥ കണക്കിലെടുത്ത്‌ ലൈസൻസ്‌ സസ്‌പെൻഷനടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കുന്നുവെന്ന്‌ അസിസിറ്റന്റ്‌ കമീഷണർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top