വണ്ടിപ്പെരിയാർ
വിവിധ ആവശ്യങ്ങളുന്നയിച്ച് പീരുമേട് തോട്ടം തൊഴിലാളി യൂണിയൻ(സിഐടിയു) നേതൃത്വത്തിൽ പോബ്സ് എസ്റ്റേറ്റ് തൊഴിലാളികൾ പണിമുടക്കി. പതിനാല് ഡിവിഷനുകളിലെ രണ്ടായിരത്തോളം തൊഴിലാളികളാണ് പണിമുടക്കിൽ പങ്കെടുത്തത്. നിലവിൽ തൊഴിലാളികൾ എട്ടുമണിക്ക് മസ്റ്ററിൽ വന്ന് മുദ്രാവാക്യം വിളിച്ച ശേഷം പണിക്ക് കയറുകയായിരുന്നു. എന്നാൽ പ്രശ്നം പരിഹരിക്കപ്പെടാത്തതിനെ തുടർന്ന് ചൊവ്വാഴ്ച തൊഴിലാളികൾ പണിമുടക്കുകയായിരുന്നു.
രണ്ടുമാസത്തെ ശമ്പള കുടിശ്ശിക നൽകുക, വർധിപ്പിച്ച ശമ്പള ആനുകൂല്യങ്ങൾ നൽകുക, കമ്പിളി കാശ് നൽകുക, ലീവ് ശമ്പളം നൽകുക, അപകടാവസ്ഥയിലായ ലയങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുക, കാടുപിടിച്ചുകിടക്കുന്ന തോട്ടങ്ങളിൽ വന്യജീവി ആക്രമണം മൂലം തൊഴിലാളികൾക്ക് പണിക്കിറങ്ങാൻ കഴിയാത്ത അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കുക, തോട്ടം തൊഴിലാളികളിൽനിന്ന് പിടിച്ച വായ്‌പ പണം ബന്ധപ്പെട്ട ബാങ്കുകളിൽ അടയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. തൊഴിലാളികൾ വിവിധ സഹകരണ ബാങ്കുകളിൽനിന്നെടുത്ത വായ്‌പകളാണ് മാനേജ്മെന്റ് പിടിച്ചിട്ടും അടയ്‌ക്കാതിരിക്കുന്നത്. ഇതുമൂലം പലിശവിഹിതം തൊഴിലാളികൾ തിരിച്ചടയ്ക്കേണ്ട സ്ഥിതി. മാനേജ്‌മെന്റ് വൈകി അടയ്ക്കുന്നതിനാൽ തൊഴിലാളികൾ പലിശ അധികമായി അടയ്ക്കേണ്ടിവരുന്നു. പുതിയ വായ്പ എടുക്കാനും കഴിയുന്നില്ല. തൊഴിലാളികൾക്ക് മാത്രമല്ല, ബാങ്കുകൾക്കും പ്രതിസന്ധിയുണ്ടാക്കുന്നു. 10 മാസത്തെ പിഎഫ് തുകയാണ് മാനേജ്‌മെന്റ് അടയ്ക്കാനുള്ളത്.
തുടർ സമരങ്ങളുടെ ഭാഗമായി നടത്തിയ സമരത്തിൽ പ്രതിഷേധം കനത്തു. മഞ്ചുമല അപ്പർ ഡിവിഷനിൽ ധർണ പീരുമേട് തോട്ടം തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി എം തങ്കദുര ഉദ്ഘാടനം ചെയ്തു. മറ്റ് ഡിവിഷനുകളായ ഗ്രാംബി നമ്പർ രണ്ടിൽ കെ ചന്ദ്രൻ, തേങ്ങാക്കല്ല് ഡി സുന്ദർ രാജ്, പശുമല- വി മുരുകലക്ഷ്മി, നെല്ലിമല- ആർ ഗണേശൻ, നമ്പർ എട്ട് കോളനി ആർ രാമരാജ്, പാമ്പനാർ പി എ ജേക്കബ്, ബ്രിട്ടൻ- വി ഷൈജൻ, മഞ്ചുമല എൽഡി ശാന്തി ഹരിദാസ്, പശുമല നമ്പർ രണ്ടിൽ ജി പൊന്നമ്മ എന്നിവർ ധർണ ഉദ്ഘാടനം ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..