24 December Tuesday

വിളവ്‌ നശിപ്പിക്കുന്നത് നീല തത്തകൾ

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024
നെടുങ്കണ്ടം 
ഏലത്തോട്ടങ്ങളിൽ വിളവ്‌ നശിപ്പിക്കുന്നത് നീലത്തത്തയെന്ന്‌ കൃഷിവകുപ്പ്. മലബാർ പാരക്കീറ്റ് ഇനത്തിൽപ്പെട്ട തത്തകളാണെന്നാണ്‌ കണ്ടെത്തൽ. ഏലം ഗവേഷണ കേന്ദ്രം എന്റമോളജിസ്റ്റ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. ഇതുസംബന്ധിച്ച് കേരള കാർഷിക സർവകലാശാല സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. 
മാവടി, ഉടുമ്പൻചോല, കുഴികൊമ്പ്, ചീനിപാറ, കാമാക്ഷി വിലാസം തുടങ്ങിയ മേഖലകളിൽ തത്തകൾ വ്യാപകമായി കൃഷിനാശമുണ്ടാക്കി. 200 ഏക്കറിലധികം കൃഷിയാണ് താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നശിച്ചത്. കർഷകർ പരാതി നൽകിയതിനെത്തുടർന്ന് പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രം മേധാവി ഡോ. എം മുരുകന്റെ നേതൃത്വത്തിൽ എന്റമോളജിസ്റ്റ് നഫീസ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് മാവടിയിൽ പരിശോധന നടത്തിയത്. ഇവർ ശേഖരിച്ച ചിത്രങ്ങളിൽനിന്ന്‌ ദേശാടന തത്തകളല്ലെന്നും മലബാർ പാരക്കീറ്റുകളാണെന്നും സ്ഥിരീകരിച്ചു. വ്യാപകമായി ആക്രമണം ഉണ്ടാകുന്ന മേഖലകളിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ വർഷങ്ങളിലും തത്തകളുടെ ആക്രമണം ഉണ്ടാകാറുണ്ടെങ്കിലും ഇക്കൊല്ലം വ്യാപകമായ ആക്രമണമുണ്ടായെന്നാണ് കർഷകർ പറയുന്നത്. ചെണ്ടകൊട്ടിയും പാട്ടയടിച്ചുമൊക്കെയാണ്‌ ഇവർ തത്തകളെ തുരത്തിയിരുന്നത്‌.
വ്യാപകമായി കൃഷിനശിച്ച മേഖലകളിലെ കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നുള്ള ആവശ്യം ശക്തമാണ്‌. എന്നാൽ വിദഗ്ധസമിതി സമർപ്പിച്ച റിപ്പോർട്ട് പഠിച്ചതിനുശേഷമേ നഷ്ടപരിഹാരത്തുകയെക്കുറിച്ച് തീരുമാനമെടുക്കു എന്നാണ്‌ അധികൃതരുടെ നിലപാട്‌. അതേസമയം എത്രയുംവേഗം കർഷകർക്ക് നഷ്ടപരിഹാരത്തിനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരുമെന്ന് വിവിധ കർഷക സംഘടനകളും അറിയിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top