കല്ലാർകുട്ടി
‘കയറിക്കിടക്കാനൊരു പാർപ്പിടമെന്നത് സ്വപ്നമായിരുന്നു. ലൈഫിൽ ആദ്യ ഗഡു ലഭിച്ചതോടെ നിർമാണം ആരംഭിക്കാനായി. ഇനി പൂർത്തിയാക്കണം, ഈ സർക്കാരിന്റെ സംരക്ഷണം ചെറുതല്ലെന്ന് സുബ്രഹ്മണ്യൻ. സി വി വർഗീസ് നയിക്കുന്ന ജനകീയ വിജയ സന്ദേശ യാത്രയുടെ ആദ്യദിനത്തിൽ കല്ലാർകുട്ടിയിൽ വരവേൽക്കാനെത്തിയതാണ് ശാരീരിക വെല്ലുവിളികൾ നേരിടുന്ന കല്ലാർകുട്ടി പട്ടാലമ്മൻ സുബ്രഹ്മണ്യൻ. വീണ് പരിക്കേറ്റതിനെ തുടർന്ന് കാൽനഷ്ടമായതിനാൽ ജോലിക്ക് പോകാനാവാത്ത വിഷമഘട്ടത്തിൽ വീട് ലഭിച്ചത് വലിയ കാര്യമാണെന്നും ജീവിക്കാൻ രണ്ടുപേർക്കും പെൻഷൻ ലഭിക്കുന്നുണ്ടെന്നും സുബ്രഹ്മണ്യൻ പറഞ്ഞു. സ്വീകരണം നൽകിയ സന്തോഷ് കുമാറിന് ആദ്യമായി സൗജന്യ കെ ഫോൺ ലഭിച്ച നന്ദിയാണ് പ്രകടിപ്പിക്കാനുണ്ടായിരുന്നത്.
പുതു അധ്യായമായി
പുതിയ ഇടുക്കി, പുതുമുന്നേറ്റം എന്നതുൾപ്പെടെ അഞ്ച് മുദ്രാവാക്യമുയർത്തി സിപിഐ എം സംഘടിപ്പിക്കുന്ന കാൽനടജാഥ മലനാട്ടിൽ പുതുഅധ്യായം കുറിക്കുകയാണ്. വരവേൽക്കുന്നത് സമൂഹ പരിഛേദത്തിന്റെ നാനാതുറകളിലുള്ളവർ. ചുവപ്പുഹാരം മാത്രമല്ല, കാർഷിക ഫലങ്ങൾ, പഴക്കുല, ഉൽപ്പന്നങ്ങൾ, ഷാൾ തുടങ്ങി സ്നേഹോപഹാരം നിരവധി. പൊരിവെയിലിലും സ്ഥിരാംഗങ്ങൾക്കു പുറമെ അനുഗമിക്കുന്നത്ആയിരങ്ങളാണ്. നാടിന്റെയും ജനതയുടേയും പ്രതീക്ഷയ്ക്കൊപ്പം ഉണർന്നു പ്രവർത്തിക്കുന്ന സർക്കാരിനും ജില്ലയിലെ പുരോഗമ പ്രസ്ഥാനത്തിനും പൊതുസമൂഹം നൽകുന്ന അകൈതവ പിന്തുണ ജാഥയിൽ ദൃശ്യം. ഭൂ സ്വാതന്ത്ര്യം ഉൾപ്പെടെ അനുഭവേദ്യമാക്കിയ ഭരണത്തിന് അഭിവാദ്യമർപ്പിച്ചും കൊടിയ ജീവിതക്ലേശം സൃഷ്ടിച്ചവരെ തുറന്നു കാട്ടിയുമാണ് കയറ്റിറക്കങ്ങളിലൂടെ ആയിരങ്ങൾ പങ്കെടുക്കുന്ന ജാഥ ആവേശത്തിന്റെ അലയുയർത്തി മുന്നേറുന്നത്.
പര്യടനം ആദ്യദിനം കല്ലാർകുട്ടിയിൽ നിന്നാരംഭിച്ചു. ടി ആർ ബിജി അധ്യക്ഷനായി. ടി എം ഗോപാലകൃഷ്ണൻ സംസാരിച്ചു. വെള്ളത്തുവലിൽ കെ ജി ജയദേവൻ, ആനച്ചാലിൽ മനു തോമസ്, കുഞ്ചിത്തണ്ണിയിൽ എൻ എം വിജയൻ, രാജാക്കാട് ഇ പി ശ്രീകുമാർ എന്നിവർ അധ്യക്ഷരായി. ജാഥാക്യാപ്റ്റനുപുറമെ വിവിധ കേന്ദ്രങ്ങളിൽ ജില്ലാ സെക്രട്ടറിയറ്റംഗം പി എസ് രാജൻ, മാനേജർ കെ വി ശശി, നേതാക്കളായ എം ജെ മാത്യു, രമേശ് കൃഷ്ണൻ, ലിസി ജോസ്, അഡ്വ. സൗമ്യ, സുമ സുരേന്ദ്രൻ, കെ പി സുമോദ്, ടി എം ജോൺ, രമ്യ റനീഷ് എന്നിവർ സംസാരിച്ചു. വി എൻ മോഹനൻ, ടി കെ ഷാജി, ചാണ്ടി പി അലക്സാണ്ടർ, വി എ കുഞ്ഞുമോൻ എന്നിവർ അനുഗമിച്ചു.
സമാപന സമ്മേളനം രാജാക്കാട് എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. അഡ്വ. ജോയ്സ് ജോർജ്, ഏരിയ സെക്രട്ടറി എം എൻ ഹരിക്കുട്ടൻ, സെൽ വത്തായി എന്നിവർ സംസാരിച്ചു. വിവിധ ഉപജാഥകളും പര്യടനം നടത്തുന്നു. വിവിധയിടങ്ങളിൽ സഫലകലാവേദിയുടെ കലാപരിപാടിയും രാജാക്കാട്ട് കെ സി രാജുവിന്റെ സംഗീതാലാപനവുമുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..