കട്ടപ്പന
അതിരുകളില്ലാത്ത അറിവാകാശത്തേക്ക് അക്ഷരപ്പറവകളുടെ ടേക്ക് ഓഫ്. വായിച്ചും പഠിച്ചും നേടിയ അറിവുകൾ കൂട്ടുകാർ അക്ഷരമുറ്റത്ത് രാകിമിനുക്കി. ഏഷ്യയിലെ ഏറ്റവും വലിയ അറിവുത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 13–ാം സീസൺ ജില്ലാ മത്സരത്തിന് കട്ടപ്പന ഗവ. ട്രൈബൽ എച്ച്എസ്എസ് വേദിയായി. ഉത്തരങ്ങള്‍ ശരിയായപ്പോള്‍ മുഖത്താകെ ആവേശം, തെറ്റിയപ്പോള്‍ പരിഭവവും വിഷമവും. വിജയ, പരാജയങ്ങൾക്കപ്പുറം കുട്ടികൾക്ക് പുത്തനറിവ് ശേഖരിക്കാനുള്ള ഇടമായി മത്സരം. ടാലന്റ് ഫെസ്റ്റ് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോൺ ഉദ്ഘാടനംചെയ്‍തു. സംഘാടക സമിതി ചെയർമാൻ വി ആർ സജി അധ്യക്ഷനായി. അക്ഷരമുറ്റം സംസ്ഥാന കോ –ഓർഡിനേറ്റർ പ്രദീപ് മോഹൻ അക്ഷരമുറ്റം പദ്ധതി വിശദീകരിച്ചു. ജില്ലയിലെ ഏഴ് ഉപജില്ലകളിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയ 56 പേരാണ് എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി മത്സരിച്ചത്. വിജയികൾക്ക് യഥാക്രമം 10,000, 5000 രൂപ ക്യാഷ് അവാർഡും മൊമെന്റോയും സർടിഫിക്കറ്റുമാണ് സമ്മാനം. കെഎസ്ടിഎ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ആർ ഷാജിമോൻ, സംഘാടക സമിതി ജനറൽ കൺവീനർ എം പി ശിവപ്രസാദ്, പീരുമേട് എഇഒ എം രമേശ്, ദേശാഭിമാനി സീനിയർ സബ് എഡിറ്റർ ജോബി ജോർജ്, സുഗതൻ കരുവാറ്റ, സി ആർ മുരളി, എൻ വി ഗിരിജാകുമാരി എന്നിവർ സംസാരിച്ചു.
ശാസ്‍ത്രവിഷയത്തിൽ താൽപ്പര്യമുള്ള ജില്ലയിലെ എച്ച്എസ്, എച്ച്എസ്എസ് വിഭാഗം വിദ്യാർഥികളെ പങ്കെടുപ്പിച്ച് നടത്തിയ ശാസ്‍ത്ര പാർലമെന്റ് പുതുമയായി. നെടുങ്കണ്ടം എംഇഎസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. പി സി നന്ദജൻ കുട്ടികളുമായി സംസാരിച്ചു. പഠനത്തിനപ്പുറമുള്ള ശാസ്‍ത്രബോധമെന്ന ലക്ഷ്യത്തിലേക്ക് കുട്ടികളുടെ കൈപിടിക്കുന്നതായി പാർലമെന്റ്. സമാപന സമ്മേളനത്തിൽ പ്രദീപ് മോഹൻ അധ്യക്ഷനായി. വി ആർ സജി സമ്മാനങ്ങൾ നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..