22 December Sunday

ഇടുക്കിയിലെ ജനങ്ങളെ 
എക്കാലവും ദ്രോഹിച്ചത് യുഡിഎഫ് സര്‍ക്കാരുകള്‍: സി വി വര്‍ഗീസ്

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024
കട്ടപ്പന
പരിസ്ഥിതി സംരക്ഷണത്തിന്റെ മറവിൽ ഇടുക്കിയിലെ ജനങ്ങളെ എക്കാലവും ദ്രോഹിച്ചത് യുഡിഎഫ് സർക്കാരുകളാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി കട്ടപ്പനയിൽ നടത്തിയ യുവജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷക ദ്രോഹ നിയമങ്ങളും കുടിയിറക്കലുകളും യുപിഎ, യുഡിഎഫ് സർക്കാരുകളുടെ കാലത്ത് നിലവിൽവന്നതാണ്. അതേസമയം സിഎച്ച്ആർ കേസിൽ എൽഡിഎഫ് സർക്കാരുകൾ കർഷകപക്ഷ നിലപാടെടുക്കുകയും ഏലമലപ്രദേശം വനമല്ലെന്നും റവന്യു ഭൂമിയാണെന്നും കാട്ടി സത്യവാങ്മൂലം നൽകുകയും ചെയ്തു.
കോൺഗ്രസ് അനുകൂല സംഘടനയായ വണ്ടൻമേട് കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ പരിസ്ഥിതി സംഘടനയെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചു. കുടിയിറക്കരുതെന്ന ആവശ്യവുമായി ഈ സംഘടന എംപവേർഡ് കമ്മിറ്റിയെ സമീപിച്ചതാണ് ഇപ്പോഴത്തെ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഉണ്ടാകാനുള്ള കാരണം. എന്നാൽ സംഘടനയെ പിന്തിരിപ്പിക്കാനോ തിരുത്താനോ ഡീൻ കുര്യാക്കോസ് എംപിയും ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളും തയാറായില്ല.
2002ൽ ഏലമല പ്രദേശം വനമാണെന്ന് സ്ഥാപിക്കാൻ വൺ എർത്ത് വൺ ലൈഫ് എന്ന പരിസ്ഥിതി സംഘടന ചില കോൺഗ്രസ് നേതാക്കളുടെ പിന്തുണയോടെ സുപ്രീംകോടതിയിൽ കേസ് നൽകിയതോടെയാണ് സിഎച്ച്ആർ പ്രശ്നം സങ്കീർണമായത്. 1897ലെ വിജ്ഞാപനപ്രകാരം 15,720 ഏക്കർ ഭൂമി മാത്രമേ സിഎച്ച്ആറിൽ ഉൾപ്പെട്ടിട്ടുള്ളൂവെന്ന് എംപവേർഡ് കമ്മിറ്റിയെ ബോധ്യപ്പെടുത്താനുള്ള അവസരം മുൻ ആന്റണി സർക്കാർ പാഴാക്കി.
2005ൽ സിഎച്ച്ആർ സംബന്ധിച്ച് സത്യവാങ്മൂലം നൽകാൻ ഉമ്മൻ ചാണ്ടി സർക്കാരും തയാറായില്ല. 2007ൽ അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ഉപസമിതിയെ നിയോഗിച്ച് റിപ്പോർട്ട് തയാറാക്കുകയും സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകുകയും ചെയ്തു. 2023 ഒക്ടോബർ 10നും 2024 മാർച്ച് 14നും രണ്ട് സത്യവാങ്മൂലങ്ങൾ കൂടി ഫയൽ ചെയ്തു. വാസ്തവം മറച്ചുവച്ച് കോൺഗ്രസും യുഡിഎഫും നടത്തുന്ന കള്ളപ്രചാരണം ജനം തിരിച്ചറിയണമെന്നും ജില്ലയെ വൈജ്ഞാനിക- ടൂറിസം മേഖലകളിൽ മുന്നിലെത്തിക്കുകയാണ് എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യമെന്നും സി വി വർഗീസ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top