അടിമാലി
ഇടമലക്കുടി പഞ്ചായത്തിലെ എ രാജകുമാരനിത് സർക്കാരിന്റെ കരുതലിൽ സ്വന്തമായി റേഷൻ കാർഡായി. മാതാപിതാക്കളും രണ്ട് സഹോദരിമാരിൽ ഒരു സഹോദരിയും നഷ്ടപ്പെട്ട രാജകുമാരൻ അടിമാലി സർക്കാർ സ്കൂളിലെ കായിക അധ്യാപകൻ കെ ഐ സുരേന്ദ്രന്റെ സംരക്ഷണയിലാണ്.
ഉറ്റവർ നഷ്ടപ്പെട്ട രാജകുമാരൻ അടിമാലി പട്ടിക വർഗ ഹോസ്റ്റലിൽ താമസിച്ച് അടിമാലി ഗവൺമെന്റ് ഹൈസ്കൂളിലാണ് പഠിച്ചിരുന്നത്. കോവിഡിനെ തുടർന്ന് ഹോസ്റ്റൽ പൂട്ടി. പോകാൻ ഇടമില്ലാതെ ഒൻപതാം ക്ലാസുകാരനെ സുരേന്ദ്രനും കുടുംബ വും ഏറ്റെടുക്കുകയായിരുന്നു. ഇവരുടെ പൂർണ്ണ സംരക്ഷണയിൽ വളർന്ന രാജകുമാരൻ ഇപ്പോൾ ചങ്ങനാശേരി എസ് ബി കോളേജിൽ രണ്ടാം വർഷ ബി എ വിദ്യാർഥിയാണ്. കായിക താരംകൂടിയാണ് .
വിദ്യാഭ്യാസ ആവശ്യങ്ങൾക്കും മറ്റുമായി പലപ്പോഴും റേഷൻ കാർഡ് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. റേഷൻ കാർഡ് ലഭിച്ച സന്തോഷത്തിലാണ് എ രാജകുമാരൻ. എം ജി യൂണിവേഴ്സിറ്റി കായിക മേളയിൽ റിലേ മത്സരത്തിൽ മൂന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. രാജകുമാരൻ ഉൾപ്പടെ 10 പേർക്കാണ് അദാലത്തിൽ റേഷൻ കാർഡിന് പരിഹാരമായത്. ഇതിൽ ഏഴ് കുടുംബങ്ങൾ പട്ടിക വിഭാഗത്തിൽ നിന്നുള്ളത്. മന്ത്രിമാരായ വി എൻ വാസവനും റോഷി അഗസ്‌റ്റിനും പങ്കെടുത്ത് നടത്തിയ ദേവികുളം താലൂക്ക്‌തല അദാലത്തിൽ 131 പരാതികൾക്ക് പരിഹാരമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..