08 September Sunday
354 കോടിയുടെ പദ്ധതികൾ

കംപ്ലീറ്റ്‌ പാക്കേജ്‌

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024
ഇടുക്കി
എൽഡിഎഫ് സർക്കാരിന്റെ നാലാം നൂറുദിന കർമപരിപാടികളുടെ ഭാഗമായി ജില്ലയ്‍ക്ക് കൈനിറയെ പദ്ധതികൾ. വിവിധ വകുപ്പുകൾക്ക് കീഴിൽ പുതിയ പദ്ധതികളും നിലവിലുള്ളവയുടെ പൂർത്തീകരണവും പൂർത്തിയായവയുടെ ഉദ്ഘാടനവും ഉൾപ്പെടെ 354.22 കോടി രൂപയുടെ പദ്ധതികളാണുള്ളത്. സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി ഒക്ടോബർ 22വരെയാണ്‌ കർമപരിപാടി. സംസ്ഥാനത്ത് 13,013.40 കോടി രൂപയുടെ പദ്ധതികളാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. ആകെ 1070 പദ്ധതികൾ.
ഇടുക്കിയുടെ പശ്ചാത്തല വികസനത്തിനും മനുഷ്യ–വന്യജീവി സംഘർഷത്തിന്‌ പരിഹാരം കാണാനും വിനോദ സഞ്ചാരമേഖലയ്‍ക്ക് ഉണർവേകാനുമെല്ലാം സർക്കാർ പരിഗണ നൽകിയിട്ടുണ്ട്‌. അടിയന്തര പ്രാധാന്യമുള്ള മേഖലകളിൽ മനുഷ്യ– വന്യജീവി സംഘർഷം ലഘൂകരിക്കാനും മെഡിക്കൽ കോളേജ് ആശുപത്രിക്കടക്കം പശ്ചാത്തല വികസനത്തിനും നൂറുദിനത്തില്‍ ഇടമുണ്ട്. 
വനം–വന്യജീവി 
വകുപ്പിന്‌ കീഴിൽ ആകെ 26.96 കോടിരൂപയുടെ എട്ട്‌ പദ്ധതികളാണ്. പെരിയാർ ഈസ്റ്റ്‌ ഡിവിഷനിൽ തേക്കടി, വള്ളക്കടവ്‌ റേഞ്ചുകളിൽ സൗരോർജ്ജ തൂക്കുവേലി(1.64 കോടി), മൂന്നാർ ഡിവിഷനിൽ മനുഷ്യ–വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തികൾ(6.08 കോടി), ദ്രുതകർമസേനയുടെയും വെറ്ററിനറി എമർജൻസി ടീമിന്റെയും അടിസ്ഥാന സൗകര്യവികസനം (2.76 കോടി), മറയൂർ ഡിവിഷനിൽ സൗരോർജ തൂക്കുവേലി(1.90 കോടി) എന്നിങ്ങനെ മനുഷ്യ–വന്യജീവി സംഘർഷം ലഘൂകരിക്കാൻ മൂന്ന്‌ മേഖലകളിലായി നാല്‌ പദ്ധതികളുണ്ട്‌. ഇരവികുളം ദേശീയോദ്യാനത്തിലെ വൈദ്യുതി മിനി ബസുകൾക്കായി 10കോടിയും ഇക്കോസോൺ നവീകരണത്തിന് 1.79കോടി രൂപയും വകയിരുത്തി. ഇടുക്കി ഡിവിഷനിൽ റേഞ്ച്‌ ഓഫീസിന്റെയും ക്വാർട്ടേഴ്‌സിന്റെയും നിർമാണം(1.58 കോടി), രണ്ട്‌ ബോട്ടുകൾ(1.20 കോടി) എന്നിവയുമുണ്ട്.
പൊതുമരാമത്ത്‌ 
ജില്ലയിലെ ഏഴ്‌ റോഡുകൾ നവീകരിക്കും. ഉടുമ്പൻചോല-–രാജാക്കാട്-–ആനച്ചാൽ-–രണ്ടാം മൈൽ– ചിത്തിരപുരം റോഡ് നവീകരണത്തിന് 176.25 കോടി രൂപ പദ്ധതിയിലുണ്ട്‌. 2022–23 സിആർഎഫ്‌ ഫണ്ടിൽനിന്ന്‌ 19 കോടി നെടുങ്കണ്ടം–പച്ചടി–മഞ്ഞപ്ര–മേലേചിന്നാർ റിവർവാലി റോഡിനായി വകയിരുത്തി. ബിഎം ആൻഡ്‌ ബിസി നിലവാരത്തിൽ കാരിക്കോട്‌–വെള്ളിയാമറ്റം, പന്നിമറ്റം–പൂമാല–മെത്തോട്ടി, പെരിഞ്ചാൻകുട്ടി–മാവടി–മഞ്ഞപ്പാറ–തൂവൽ–എഴുകുംവയൽ റോഡുകൾക്കായി 11കോടി. ഇടുക്കി-–ചുരക്കുളം–--കാരയൂർ, കൂതറ-–നെടുമശിവയൽ എന്നിവിടങ്ങളിൽ ഫാം റോഡുകളുടെ നിർമാണത്തിനും കാരിക്കോട്–അഞ്ചിരി–-ആനക്കയം–കാഞ്ഞാർ,- കാരിക്കോട്–-ശങ്കരപ്പിള്ളി റോഡുകൾക്കുമായി 9.09 കോടി. നെടുങ്കണ്ടം–കമ്പംമെട്ട് റോഡിൽ കൂട്ടാർ പാലത്തിന്റെ പുനർനിർമാണത്തിനായി 2.74 കോടിയും വകയിരുത്തി.
ജലവിഭവം
വണ്ടന്മേട്‌ പഞ്ചായത്ത്‌ അഞ്ച്‌, ഏഴ്‌ വാർഡ്‌ സായൂജ്യ ക്ലസ്റ്ററിൽ കമ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതി(3.10 കോടി), കൊച്ചറ തോടിന്‌ കുറുകെ വിസിബി നിർമാണം(ഒരുകോടി), നെടുങ്കണ്ടം പഞ്ചായത്തിൽ കുടിവെള്ള പദ്ധതി(14.93 ലക്ഷം), കാന്തല്ലൂർ പഞ്ചായത്തിൽ ചെമ്പകത്തോട്‌ ആടിവയൽ കനാൽ നവീകരണം–സംഭരണ ടാങ്ക്‌ നിർമാണം(1.80 കോടി). 
ആരോഗ്യം, കുടുംബക്ഷേമം
ഇടുക്കി മെഡിക്കൽ കോളേജിൽ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റലുകൾക്കും മൂന്ന്‌ ക്വാർട്ടേഴ്‌സുകൾക്കുമായി 92.14 കോടി രൂപയുണ്ട്. ഏലപ്പാറയില്‍ പുതിയ ഒപി ബ്ലോക്കിന് 1.36 കോടിയുടെ പദ്ധതിയുണ്ട്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top