കട്ടപ്പന
കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവർത്തനസജ്ജമായ ജില്ലയിലെ ഏറ്റവും വലിയ സൗരോർജ പ്ലാന്റ് വെള്ളി പകൽ 2.30ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനംചെയ്യും. ആശുപത്രി ഡയറക്ടർ ബ്രദർ ബൈജു വാലുപറമ്പിൽ, കെഎസ്ഇബി കട്ടപ്പന സെക്ഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ ടോണി മാത്യു, എൽസോൾ പവർ സൊല്യൂഷൻസ് മാനേജിങ് ഡയറക്ടർ ടിൻസ് മാത്യു എന്നിവർ ചേർന്ന് സ്വിച്ച് ഓൺചെയ്യും. 270 കിലോവാട്ട് ശേഷിയുള്ള പ്ലാന്റ് 1.5 കോടി രൂപ ചെലവഴിച്ച് രണ്ടുവർഷംകൊണ്ട് നിർമാണം പൂർത്തിയായി. പ്രധാന കെട്ടിടത്തിന്റെ മുകളിലാണ് 20,000 ചതുരശ്രയടി പാനലുകൾ സ്ഥാപിച്ചത്. പകൽസമയം ആശുപത്രി പ്രവർത്തിക്കാനാവശ്യമായ വൈദ്യുതി പ്ലാന്റിൽനിന്ന് ലഭിക്കും.
സെന്റ് ജോൺ ഓഫ് ഗോഡ് ഹോസ്‍പിറ്റലർ സന്യാസ സമൂഹത്തിന്റെ ലോകമെമ്പാടുമുള്ള സ്ഥാപനങ്ങൾ സോളാർ വൈദ്യുതിയിലേക്ക് മാറുകയാണ്. ആശുപത്രി സ്ഥാപകൻ അന്തരിച്ച ബ്രദർ ഫോർത്തുനാത്തൂസും സോളാർ വൈദ്യുതിയിലേക്ക് മാറുന്നതിനെക്കുറിച്ച് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ പ്ലാന്റ് സ്ഥാപിച്ചത്. വാർത്താസമ്മേളനത്തിൽ ബ്രദർ ബൈജു വാലുപറമ്പിൽ, ജേക്കബ് കോര, ഡോ. ഭാരതി മോഹൻ, ജിജോ വർഗീസ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..