ചെറുതോണി
വന്യജീവി ആക്രമണങ്ങള്‍ക്കെതിരെ 25ന് അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് രാജ്ഭവന്‍ മാര്‍ച്ചും ഡിഎഫ്ഒ ഓഫീസ് ഉപരോധവും നടക്കും. കേരള കര്‍ഷക സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാല് വനംവകുപ്പ് ഓഫീസുകള്‍ക്ക് മുന്നില്‍ ഉപരോധം സംഘടിപ്പിക്കുമെന്ന് സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍, പ്രസിഡന്റ് എന്‍ വി ബേബി എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളിലിറങ്ങി മനുഷ്യജീവനും കൃഷിക്കും നാശം വരുത്തുന്നത് അവസാനിപ്പിക്കുക, ഇതിനായി വനം വന്യജീവി നിയമത്തില്‍ ഭേദഗതി വരുത്തുക, വനവും ജനവാസമേഖലയും വേര്‍തിരിക്കുന്ന മതിലുകളും- വേലികളും- ട്രഞ്ചുകളും പണിയുക, വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും കൃഷിനശിച്ചവര്‍ക്കും നഷ്ടപരിഹാരം കാലോചിതമാക്കുക, വന്യജീവികളുടെ എണ്ണം അധികമാകുന്നത് നിയന്ത്രിക്കുക, പന്നി ഉള്‍പ്പെടെ അക്രമകാരികളായവയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുക, നാട്ടിലിറങ്ങുന്ന കാട്ടുപന്നിയെ വെടിവച്ച് കൊല്ലാനുള്ള നടപടി പ്രായോഗികമാക്കുക, വെടിവച്ച് കൊന്ന പന്നിയുടെ മാംസം നശിപ്പിക്കുന്നതിന് പകരം സര്‍ക്കാര്‍ വിപണനം നടത്തുക, ഉള്‍വനങ്ങളില്‍ മൃഗങ്ങള്‍ക്കാവശ്യമായ ഭക്ഷണവും വെള്ളവും ഉറപ്പ് വരുത്തുക, വനമേഖലയില്‍ താമസിക്കുന്ന മനുഷ്യരെ ആട്ടിയോടിക്കുന്ന ക്രേന്ദ്ര വനംവന്യജീവി നിയമം പൊളിച്ചെഴുതുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് സമര പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ജില്ലയില്‍ പീരുമേട് ഫോറസ്റ്റ് ഓഫീസിലേക്ക് നടക്കുന്ന സമരം അഖിലേന്ത്യ കിസാന്‍ സഭ ദേശീയ കൗണ്‍സിലംഗം എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. ചിന്നക്കനാല്‍ ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ നടക്കുന്ന ഉപരോധസമരം കേരള കര്‍ഷക സംഘം സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം സി വി വര്‍ഗീസും കാന്തല്ലൂര്‍ ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ നടക്കുന്ന സമരം കര്‍ഷക സംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യനും കൂമ്പന്‍പാറ വനംവകുപ്പ് ഓഫീസിനു മുന്നില്‍ നടക്കുന്ന സമരം ജില്ലാ പ്രസിഡന്റ് എന്‍ വി ബേബിയും ഉദ്ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..