പുതിയ കാലത്തെ തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് വിദ്യാർഥികളെ സജ്ജമാക്കേണ്ടതുണ്ടെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. ഇതിനായി ഐടിഐകളിൽ പുതിയ ട്രേഡുകൾ ആരംഭിക്കും. കട്ടപ്പന സർക്കാർ ഐടിഐയിൽഅന്താരാഷ്ട്ര നിലവാരത്തിൽ നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ത്രിഡി പ്രിന്റിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ കോഴ്സുകൾ നടപ്പാക്കും. സാങ്കേതിക വിദ്യാഭ്യാസത്തിന്റെ പുതുയുഗത്തിന് തുടക്കമിടുകയാണ് പുതിയ കെട്ടിടത്തിലൂടെ സാധ്യമാകുന്നത്. ഉന്നത നിലവാരമുള്ള പരിശീലനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ആധുനിക ക്ലാസ് മുറികൾ, റഫ്രിജറേഷൻ, എയർ കണ്ടീഷനിങ്, മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, വയർമാൻ ട്രേഡുകൾ ഉൾപ്പെടെ പുതിയ സൗകര്യങ്ങളാണ് ഐടിഐയെ വ്യത്യസ്തമാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ മാത്രമല്ല, അത് വളർത്തുന്ന സമൂഹത്തിന്റയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും പ്രാധാന്യം കൂടിയുണ്ട്. സാങ്കേതിക അറിവ് നേടുന്നതിനുപരി സമൂഹത്തിന് തിരികെ നൽകേണ്ടതിന്റെ പ്രാധാന്യം പഠിക്കുകയും ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റൻ അധ്യക്ഷനായി. വാഴൂർ സോമൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോൺ, കട്ടപ്പനനഗരസഭ ചെയർപേഴ്സൺ ബീന ടോമി, വി ആർ സജി, ജനപ്രതിനിധികൾ, തിരുവനന്തപുരം ഇൻസ്പെക്ടർ ഓഫ് ട്രെയിനിങ് എ ആംസ്ട്രോങ്, ട്രെയിനിങ് ഡയറക്ടർ മിനി മാത്യു, പ്രിൻസിപ്പൽ സി എസ് ഷാന്റി, വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച 5.34 കോടി രൂപ ചെലവിൽ 1384 24ചതുരശ്ര മീറ്ററിലാണ് കെട്ടിടം നിർമിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..