05 November Tuesday
വീണ്ടെടുക്കണം ആൽബിന്റെ പുഞ്ചിരി

ബിരിയാണി ചലഞ്ചുമായി വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024
അടിമാലി
 ഇരുവൃക്കകളും പ്രവർത്തനരഹിതമായ ആൽബിൻ ജോയി ചികിത്സാ സഹായനിധിയിലേക്ക് അടിമാലി എസ്എൻഡിപി വൊക്കേഷണൽ ഹയർസെക്കൻഡറി എൻഎസ്എസ്  യൂണിറ്റിന്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി. 5500 ബിരിയാണിയാണ് ചലഞ്ചിലൂടെ വിറ്റഴിച്ചത്. ആയിരമേക്കർ റേഷൻകടപടി മുറുത്താങ്കൽ ജോയി–- -ജാൻസി ദമ്പതികളുടെ മകൻ ആൽബിൻ ജോയി (18) യാണ് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സഹായംതേടുന്നത്. ബിരിയാണി വിൽപ്പനയിലൂടെ ലഭിക്കുന്ന ലാഭവിഹിതം പൂർണമായും ചികത്സസഹായനിധിയിലേക്ക്  നൽകും.
ബിരുദപഠനത്തിനായി അടിമാലി എംബി കോളജിൽ പ്രവേശനം നേടിയെങ്കിലും രോഗത്തെതുടർന്ന് പഠനം ഉപേക്ഷിക്കേണ്ടിവന്നു. തുടർന്ന് വിവിധ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവഴിച്ച് ചികിത്സ നടത്തിയെങ്കിലും പ്രയോജനപ്പെട്ടില്ല. ഒന്നര വർഷമായി ഡയാലിസിസിന് വിധേയനായി കഴിയുകയാണ്. കൂലിപ്പണിക്കാരനായ അച്ഛനും രോഗിയായ അമ്മയും ഒരു സഹോദരിയും ഉൾപ്പെട്ടതാണ്‌ കുടുംബം. മകനുവേണ്ടി വൃക്കനൽകാൻ അച്ഛൻ ജോയി തയാറായതോടെ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കും വേണ്ടിയുള്ള പണം കണ്ടെത്താനുള്ള പരിശ്രമത്തിലാണ്‌ നാട്‌ ഒന്നാകെ. ഇതിന്റെ ഭാഗമായി ഫെഡറൽ ബാങ്ക് അടിമാലി ശാഖയിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്.   പൂർവവിദ്യാർഥിയെ സഹായിക്കാൻ വിഎച്ച് എസ് എസ് പ്രിൻസിപ്പൽ എം എസ് അജി, എൻ എസ് പ്രോഗ്രാം ഓഫീസർ നിഥിൻ മോഹൻ എന്നിവർ ബിരിയാണി ചലഞ്ചിന് നേതൃത്വം നൽകി. 
കുട്ടികളുടെ മാതൃകാ പ്രവർത്തനത്തിന് പിന്തുണയും ആശംസയുമായി അഡ്വ. എ രാജ എംഎൽഎയും സ്കൂളിലെത്തി. ജില്ലാ പഞ്ചായത്തംഗം സോളി ജീസസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം, വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് റോജി പോൾ എന്നിവരും ഒപ്പമുണ്ടായിരുന്നു.അക്കൗണ്ട് വിവരങ്ങൾ: ഫെഡറൽ ബാങ്ക്, അടിമാലി ശാഖ അക്കൗണ്ട് നമ്പർ : 13640100247806, ഐഫ്‌എസ്‌സി കോഡ്: FDRL0001364

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top