തൊടുപുഴ
ജില്ലയിലെ യുഡിഎഫിൽ കോൺഗ്രസ് – മുസ്ലീംലീഗ് ഭിന്നത രൂക്ഷമായി തുടരുന്നു. ഇതിന് തെളിവാണ് വൈസ് ചെയർപേഴ്‍സൺ പ്രൊഫ. ജെസ്സി ആന്റണിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ചർച്ചചെയ്യുന്ന ദിവസം ലീഗ് കൗൺസിലർമാർ വിട്ടുനിന്നത്. ബിജെപി കൗൺസിലർമാരും എത്താതിരുന്നതോടെയാണ് ക്വാറം തികയാതെ അവിശ്വാസ പ്രമേയം ചർച്ചയ്‌ക്കെടുക്കാതെ തള്ളിയത്. കൈക്കൂലിക്കേസിൽ പ്രതിയായ മുൻ ചെയർമാൻ സനീഷ് ജോർജ് രാജിവച്ചതിന് പിന്നാലെയാണ് വൈസ് ചെയർപേഴ്സണെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. 13 അംഗങ്ങളുള്ള യുഡിഎഫിന് അവിശ്വാസം പാസാക്കണമെങ്കിൽ ബിജെപിയുടെ പിന്തുണകൂടി വേണമായിരുന്നു. ഈ സാഹചര്യത്തിൽ ലീഗും എത്താതിരുന്നത് കനത്ത തിരിച്ചടിയായി.
അഴിമതി കേസിൽ രണ്ടാം പ്രതിയായതോടെയാണ് മുൻചെയർമാന് രാജിവയ്‍ക്കേണ്ടിവന്നത്. പുതിയ ചെയർപേഴ്‍സൺ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു കോൺഗ്രസ് –- ലീഗ് ഭിന്നതയ്‍ക്ക് തുടക്കം. യുഡിഎഫ് ധാരണയനുസരിച്ച് ആദ്യാവസരം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനും പിന്നീട് ലീഗിനും അവസാന രണ്ടുവർഷം കോൺഗ്രസിനുമായിരുന്നു ചെയർമാൻ സ്ഥാനം. എന്നാൽ ഭരണം എൽഡിഎഫിന് ലഭിച്ചതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. പുതിയ ചെയർമാൻ തെരഞ്ഞെടുപ്പിൽ ലീഗുമായി കോൺഗ്രസ് ചർച്ച നടത്തിയെങ്കിലും രമ്യതയിലെത്തിയില്ല. ഇതോടെ ലീഗും കോൺഗ്രസും സ്ഥാനാർഥികളെ നിർത്തി. എങ്കിലും എൽഡിഎഫ് ഭരണം നിലനിർത്തുകയായിരുന്നു. തുടർന്ന് ജില്ലയിലെ യുഡിഎഫുമായി സഹകരിക്കില്ലെന്ന് ലീഗ് നേതൃത്വം പരസ്യമായി പ്രഖ്യാപിച്ചു. അവർക്ക് അവരുടെ വഴിയെന്ന് ഡിസിസി പ്രസിഡന്റ് തിരിച്ചടിച്ചു. വാക്‍പോര് തുടരുന്നതിനിടെയാണ് വൈസ് ചെയർപേഴ്‌സണെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയാകുന്നത്.
ജില്ലാ നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ലീഗ് കൗൺസിലർമാർ അവിശ്വാസപ്രമേയ ചർച്ചയിൽനിന്ന് വിട്ടുനിന്നതെന്ന് മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് കെ എം എ ഷുക്കൂർ പറഞ്ഞു. ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നഗരസഭയിലെ കോൺഗ്രസ് തങ്ങളോട് കാണിച്ചത് തെറ്റായിപ്പോയെന്ന് നേതൃത്വത്തിന് ബോധ്യമായി തുടങ്ങിയിട്ടുണ്ട്. പ്രശ്ന പരിഹാരത്തിന് യുഡിഎഫ് സംസ്ഥാനതലത്തിൽ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നാണ് വിവരം. തീരുമാനമാകുന്നതുവരെ നിലവിലെ നിസഹകരണം തുടരുമെന്നും ഷുക്കൂർ പറഞ്ഞു.
കോൺഗ്രസും മുസ്ലീംലീഗും തമ്മിലുള്ള അനൈക്യം ഇനിയെങ്കിലും പരിഹരിച്ചില്ലെങ്കിൽ യുഡിഎഫിന് ദോഷംചെയ്യുമെന്ന് കൗൺസിലിലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം പ്രതിനിധി ജോസഫ് ജോണും പ്രതികരിച്ചു. റിവർവ്യൂ വാർഡിനെ ഏഴാംതവണയാണ് പ്രതിനിധീകരിക്കുന്നത്. കൗൺസിലർമാരും ജനവും അർപ്പിച്ച വിശ്വാസം തുടർന്നും കാത്തുസൂക്ഷിക്കാൻ ശ്രമിക്കുമെന്നും പ്രൊഫ. ജെസ്സി ആന്റണി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..