27 December Friday
തോട്ടംതൊഴിലാളികളുടെ നരക ജീവിതം അഭ്രപാളിയിൽ

‘നീലക്കണ്ണുകൾ’ റിലീസായിട്ട് 50 വർഷം

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024
കുമളി
തേയിലത്തോട്ടം തൊഴിലാളികളുടെ നരകജീവിതം അഭ്രപാളിയിൽ ഒപ്പിയെടുത്ത ‘നീലക്കണ്ണുകൾ’ സിനിമയ്ക്ക് അമ്പതാണ്ട്. മധു സംവിധാനം ചെയ്ത നീലക്കണ്ണുകൾ 1974 മെയ് ഒന്നിനാണ് റിലീസായത്. തോട്ടം മേഖലയിലാകെ ആവേശകരമായ സ്വീകരണം ലഭിച്ച സിനിമയിലെ വിപ്ലവഗാനങ്ങൾ ഇന്നും ആവേശം തുളുമ്പുന്നതാണ്. 
അക്കാലത്തെ തൊഴിലാളി സ്ത്രീകൾ കൊളുന്ത് നുള്ളുന്നതും അവരുടെ വേഷവും തേയില അരയ്ക്കുന്ന യന്ത്രങ്ങളും ചിത്രത്തിൽ കാണാം. അരനൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും ആവേശം കൊള്ളിക്കുന്ന വയലാർ രാമവർമ്മ രചിച്ച ‘വിപ്ലവം ജയിക്കട്ടെ വിഗ്രഹങ്ങൾ തകരട്ടെ’ എന്ന ഗാനവും ‘മരിക്കാൻ ഞങ്ങൾക്ക് മനസ്സില്ല’ എന്ന ഗാനവും ഈ ചിത്രത്തിലാണ്. ഒഎൻവി രചിച്ച ‘അല്ലിമലർ കിളിമകളെ’ എന്ന ഹിറ്റ് ഗാനവും ചിത്രത്തിലാണ്. പീരുമേടിന്റെയും തോട്ടം മേഖലയിലെയും പ്രകൃതി സൗന്ദര്യവും പോരാട്ടവും ഗാനങ്ങളിൽ വരികളായി. കെപിഎസി ഫിലിംസിന്റെ ബാനറിൽ ഒഎൻവി കുറുപ്പിന്റെ ’നീലക്കണ്ണുകൾ’ എന്ന ഖണ്ഡകാവ്യത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ്.
തേയിലത്തോട്ടം മേഖലയിലെ സ്ത്രീ തൊഴിലാളികൾ അക്കാലത്ത് അനുഭവിച്ചിരുന്ന ഇരട്ട ചൂഷണങ്ങൾക്കെതിരെയും അടിമതുല്യം പണിയെടുത്തതിൽ നിന്നുള്ള മോചനത്തിനെതിരെയും കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ നടത്തിയ ഐതിഹാസിക സമരത്തിന്റെയും പോരാട്ടത്തിന്റെയും വിജയകഥ പറയുന്ന ചിത്രമാണിത്. തോട്ടം മേഖലയിൽ പൽപ്പൊടി വിൽപ്പനക്കാരൻ എന്ന മറവിലെത്തുന്ന കമ്യൂണിസ്റ്റ് നേതാവായി ശങ്കരാടി അവതരിപ്പിച്ച കഥാപാത്രം തേയിലത്തോട്ടം തൊഴിലാളി യൂണിയൻ സംഘടിപ്പിക്കുന്നു. കമ്യൂണിസ്റ്റ് പാർടിയെയും ട്രേഡ് യൂണിയനെയും തകർക്കുന്നതിനായി ശങ്കരാടിയെ ഗുണ്ട സംഘം കൊലപ്പെടുത്തുന്നു. കൊലപാതകത്തിനെതിരെ വലിയ പ്രതിഷേധങ്ങൾ നടക്കുന്നു. തുടർന്ന് പ്രതിസന്ധികളെ അതിജീവിച്ച് തൊഴിലാളി പ്രസ്ഥാനവും ട്രേഡ് യൂണിയനും മുന്നേറുന്നതിന്റെ പോരാട്ട കഥ കൂടി സിനിമ പറയുന്നു.  
മധു നായകനായ ചിത്രത്തിൽ ശങ്കരാടി, അടൂർ ഭാസി, ബഹദൂർ, മണവാളൻ ജോസഫ്, സുകുമാരൻ, കെപിഎസി അസീസ്, ജയഭാരതി, കവിയൂർ പൊന്നമ്മ, കെപിഎസി ലളിത, ടി പി രാധാമണി, പറവൂർ ഭരതൻ കെപിഎസി സണ്ണി തുടങ്ങിയ വലിയ താരനിരയുമുണ്ട്. തിരക്കഥയും സംഭാഷണവും എസ് എൽ പുരം സദാനന്ദനും സംഗീതം നിർവഹിച്ചത് ദേവരാജൻ മാസ്റ്ററുമായിരുന്നു. മധു സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായിരുന്നു നീലക്കണ്ണുകൾ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top