27 December Friday
ക്രിസ്‍മസ്, ന്യൂ ഇയര്‍ സ്‍പെഷ്യല്‍ ഡ്രൈവ് ഉടൻ

ലഹരിക്ക് പൂട്ടിട്ട് എക്‍സൈസ്

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024
തൊടുപുഴ
ലഹരി ഉപയോഗത്തിനെതിരെ പ്രതിരോധം തീർത്ത് എക്‍സൈസ് വകുപ്പ്. സ്‍കൂൾ, കോളേജ് വിദ്യാർഥികൾക്കും പൊതുസമൂഹത്തിനും നേർക്ക് വരുന്ന ലഹരിവലയങ്ങൾ പൊട്ടിച്ചെറിയുകയാണ് അധികൃതർ. ജില്ലയിൽ ഈ വർഷം നവംബർ 21 വരെ 5029 കേസുകൾ രജിസ്‍റ്റർ ചെയ്തു. 898 അബ്കാരി കേസുകളും 652 മയക്കുമരുന്ന്(എൻഡിപിഎസ്) കേസുകളും 3479 നിരോധിത പുകയില വിൽപ്പന കേസുകളും ഉൾപ്പെടെയാണിത്. അബ്‍കാരി കേസുകളിൽ 845 പേരെ അറസ്റ്റ് ചെയ്‍തു. 54 വാഹനങ്ങൾ പിടിച്ചെടുത്തു. മയക്കുമരുന്ന് കേസുകളിൽ 649 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 13 വാഹനങ്ങളും പിടിച്ചെടുത്തു. നിരോധിത പുകയില ഉൽപ്പന്ന വിപണന കേസുകളിൽ 3407 പേർ ഉൾപ്പെട്ടു. പിഴയിനത്തിൽ 6,95,500 രൂപ ഈടാക്കി.
634.9 ലിറ്റർ ചാരായം, ഇന്ത്യൻ നിർമിത വിദേശ മദ്യം 2860.75 ലിറ്റർ, ബീർ 135.4 ലിറ്റർ, 39.5 ലിറ്റർ കള്ള്, 33.3 ലിറ്റർ അരിഷ്‍ടം, 12,935 ലിറ്റർ വാഷ്, രണ്ട് ലിറ്റർ വ്യാജ മദ്യം എന്നിവ പിടിച്ചെടുത്തു. പുകയില ഉൽപ്പന്നങ്ങൾ 55.277 കിലോ, 91.82 കിലോ കഞ്ചാവ് എന്നിവയും പിടിച്ചെടുത്തു. 79 കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു. ഹെറോയ്‍ൻ, ബ്രൗൺഷുഗർ, 962 ഗ്രാം ഹാഷിഷ് ഓയിൽ, 13.30 ഗ്രാം എംഡിഎംഎ, 19 ഗ്രാം മെത്താംഫിറ്റമിൻ, ചരസ്, എൽഎസ്ഡി, ആംഫിറ്റമിൻ, നൈട്രോസെപാം ഗുളികകളും പിടിച്ചെടുത്തവയിലുണ്ട്. പ്രതികളുടെ പക്കൽനിന്ന് 1,33,186 രൂപ തൊണ്ടിക്കാശായി കണ്ടെടുത്തു. ഇതിൽ 1,11,460 രൂപ അബ്കാരി കേസുകളിലാണ്. എൻഡിപിഎസ് കേസുകളിൽ 21,726 രൂപയും.
പ്രതിരോധം ശക്തം
തമിഴ്‌നാട്ടിൽനിന്നാണ് ജില്ലയിലേക്ക് കൂടുതൽ ലഹരിവസ്‍‍തുക്കൾ എത്തുന്നത്. ഇക്കാലയളവിൽ 8985 പരിശോധനകളാണ് എക്‍സൈസ് നടത്തിയത്. 1,33,467 വാഹനങ്ങൾ പരിശോധിച്ചു. പൊലീസ്, റവന്യു, വനം, ആരോഗ്യം തുടങ്ങിയ വകുപ്പുകളുമായി ചേർന്ന് 416 പരിശോധനകളും നടത്തി. കമ്പംമെട്ട്, ബോഡിമെട്ട്, കുമളി, ചിന്നാർ എന്നിവിടങ്ങളിലെ ചെക്ക്പോസ്റ്റുകൾ കേന്ദ്രീകരിച്ചും പരിശോധന ശക്തമാണ്. രണ്ട് സ്ട്രൈക്കിങ് ഫോഴ്‍സിനെ ഉപയോഗിച്ച് രാത്രികാലങ്ങളിൽ പട്രോളിങ്ങും വാഹന പരിശോധനയുമുണ്ട്. ഒരു ഹൈവേ പട്രോളിങ്ങുമുണ്ട്. ക്രിസ്‍മസ്, ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ സ്‍പെഷ്യൽ ഡ്രൈവ് ഉടൻ ആരംഭിക്കുമെന്ന് എക്‍സൈസ് ഡെപ്യൂട്ടി കമീഷ്‍ണറുടെ ചുമതല വഹിക്കുന്ന അസി. എക്‍സൈസ് കമീഷണർ കെ എസ് സുരേഷ് പറഞ്ഞു. 
ബോധവൽക്കരണവും
ലഹരിക്കെതിരെ ബോധവൽക്കരണവും ജില്ലയിൽ ശക്തമാണ്.സ്‍കൂളുകൾ, കോളേജുകൾ കേന്ദ്രീകരിച്ച് വിവിധ പരിപാടികളാണ് വകുപ്പ് നടത്തുന്നത്. മത്സരാധിഷ്‍ഠിത ബോധവൽക്കരണവുമുണ്ട്. പൊതുജനങ്ങൾക്കായി വാർഡുതല കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. വിവരശേഖരണത്തിനും ബോധവൽക്കരണത്തിനും ഇവ സഹായകരമാണ്. ആദിവാസി മേഖലകളിൽ ജനമൈത്രി എക്‍സൈസും പ്രവർത്തിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top