തൊടുപുഴ
അരുവിക്കുത്ത് വെള്ളച്ചാട്ടം നയനമനോഹരമാണ്. ആരുകണ്ടാലും വെള്ളത്തിലൊന്നിറങ്ങാൻ തോന്നുന്നത്ര ഭംഗിയുള്ളയിടം. ശനിയാഴ്‍ച രണ്ട് കുരുന്ന് ജീവനുകള്‍ ഇല്ലാതായതും ഇവിടെത്തന്നെ. ദിവസേന അനേകം പേരാണ് അരുവിക്കുത്തിന്റെ മനോഹാരിതയില്‍ അലിയാനെത്തുന്നത്. ഇവിടെ മുമ്പ് അപകടങ്ങളോ മരണങ്ങളോ ഉണ്ടായതായി പരിസരവാസികള്‍ക്ക് അറിവില്ല. പക്ഷേ വെള്ളം കുത്തിയൊഴുകുന്നിടം മുതല്‍ അപകടവും ഒപ്പമുണ്ട്.
തൊടുപുഴ–-മുട്ടം റോഡിൽ മഹാദേവക്ഷേത്ര കവാടത്തിലൂടെ 30 മീറ്റർ ടാർ റോഡ്. അവിടെനിന്ന് ഇടത്തേക്കുള്ള മിറ്റൽ ഇളകിയ വഴിയിലൂടെ കുറച്ചുദൂരം ചെന്നാൽ പുഴയ്‍ക്ക് കുറുകെ മീറ്ററുകളോളം ഉയരത്തില്‍ നിര്‍മിച്ചിരിക്കുന്ന പാലം. പാലത്തിൽനിന്നാൽ വെള്ളച്ചാട്ടത്തിന്റെ ദൃശ്യവിരുന്ന് ആസ്വദിക്കാം. കാഴ്‌ചയിൽ മനോഹരമെങ്കിലും അപകടം പതിയിരിക്കുന്ന കയങ്ങൾ നിരവധിയുണ്ടിവിടെ. പരപ്പാൻ തോടിലൂടെ ഒഴുകിയെത്തുന്ന വെള്ളം പാറക്കൂട്ടത്തിന് മുകളിൽ പതിച്ച് നുരഞ്ഞുപൊങ്ങി കാഞ്ഞാർ പുഴയിലൂടെ തൊടുപുഴ ആറ്റിലെത്തും.
പാലത്തില്‍നിന്ന് വെള്ളച്ചാട്ടത്തിനടുത്തെത്താൻ തോന്നിയാല്‍ സാഹസിക യാത്ര തന്നെ നടത്തണം. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലൂടെയുള്ള നടപ്പുപാതയിലൂടെ കീഴോട്ടിറങ്ങി കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ കീഴ്‌ക്കാംതൂക്കായ പാറയിലൂടെ വേണം പുഴയിലേക്കെത്താൻ. സാഹസപ്പെട്ടായാലും ഇവിടെയെത്തിയാല്‍ കുളിർകാറ്റേറ്റ് വിശ്രമിക്കാം. വലിയ പാറകളും ആഴമേറിയ കുഴികളും ഒന്നിലേറെയുണ്ടിവിടെ.
സുരക്ഷയൊരുക്കാതെ
പഞ്ചായത്ത്
രണ്ടുവിദ്യാർഥികൾ മരണപ്പെട്ടെങ്കിലും അപകടവിവരം അറിഞ്ഞവരും അറിയാത്തവരുമായി നിരവധിപേർ അവധി ആഘോഷിക്കാനും മറ്റും കുടുംബസമേതം അരുവിക്കുത്തിലെത്തുന്നുണ്ട്. എന്നാല്‍ സഞ്ചാരികള്‍ക്കായി മുന്നറിയിപ്പ് സംവിധാനങ്ങളൊന്നും ഇവിടില്ല. ദിശാബോര്‍ഡോ സംരക്ഷണവേലിയോ സ്ഥാപിച്ചിട്ടില്ല. എക്കാലവും സമൃദ്ധമായ വെള്ളമുണ്ടാകാറുണ്ടിവിടെ. മഴക്കാലത്ത് ഒഴുക്കും വെള്ളച്ചാട്ടവും ശക്തമാകും. ചേര്‍ന്നുള്ള കീഴ്‍ക്കാംതൂക്കായ പാറയില്‍ വഴുക്കലാകും. സാഹസികത ഉള്ളിലുള്ള ചെറുപ്പക്കാർ അപകടത്തിൽപ്പെടാനുള്ള സാധ്യതയേറെയാണ്. വെള്ളച്ചാട്ടത്തിലേക്കെത്താനുള്ള ദുര്‍ഘടപാതയ്‍ക്ക് ഇരുവശവും കാടും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞതാണ്. ആരെങ്കിലും അപകടത്തില്‍പ്പെട്ടാലും വേഗത്തില്‍ ശ്രദ്ധ പതിയണമെന്നില്ല. രക്ഷിക്കാനെത്തുന്നവര്‍ക്കും വരാൻ ഈയോരു പാതമാത്രം. വെള്ളച്ചാട്ടത്തില്‍ പ്ലാസ്‌റ്റിക് അടക്കമുള്ള മാലിന്യം കെട്ടിക്കിടക്കുകയാണ്. അധികൃതരുടെ അനാസ്ഥമൂലമാകാം വെള്ളച്ചാട്ട പരിസരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്രമാകുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇനിയും മനുഷ്യജീവന് ഹാനിയുണ്ടാകാതിരിക്കുന്നതിനുള്ള അടിയന്തിര നടപടികൾ മുട്ടം പഞ്ചായത്ത് ഭരണസമിതിയുടെ ഭഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രസിഡന്റ് മേഴ്‌സി ദേവസ്യ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..