24 September Tuesday

മഴമായിച്ചൊരു ഗ്രാമം വീണ്ടെടുത്തൂ ‘മനക്കരുത്തിൽ’

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

പ്രളയത്തിൽ തകർന്ന പന്നിയാർകുട്ടി

 ഇടുക്കി

മഹാപ്രളയം ഇടുക്കിയുടെ ഭൂപടത്തിൽനിന്ന് തുടച്ചുനീക്കിയ ഒരു ഗ്രാമമുണ്ട് പന്നിയാർകുട്ടി. 2018 ആഗസ്ത് 17ന് മണ്ണിടിച്ചിലിൽ പാടെ തകർന്ന് ഗ്രാമംതന്നെ ഇല്ലാതായിരുന്നു. ഇവരെ ദുരിതത്തിൽനിന്ന് കരയേറ്റിയത് വെെദ്യുതിമന്ത്രിയായിരുന്ന എം എം മണി എംഎൽഎയും സംസ്ഥാന സർക്കാരും ഇടപ്പെട്ടാണ്. പ്രളയമെടുത്ത നടപ്പാലത്തിന് പകരം പുതിയപാലം നിർമിക്കാൻ തുക അഡ്വ. എ രാജ എംഎൽഎയും അനുവദിച്ചു.
പന്നിയാർകുട്ടിയിൽ അന്നുണ്ടായ ഉരുൾപൊട്ടലിൽ എസ് വളവിൽ രണ്ട് വീട്ടിലെ അഞ്ച് പേർ മരിച്ചു. 16 കുടുംബങ്ങളുടെ വീടും സ്ഥലവും നഷ്ടപ്പെട്ടു. വെെദ്യുതിമന്ത്രിയായിരുന്ന എം എം മണി എംഎൽഎ ഇടപെട്ട് എല്ലാവർക്കും വീടും സ്ഥലവും സർക്കാരിൽനിന്ന് അനുവദിപ്പിച്ചു. വീട്ടുപകരണങ്ങളും നൽകി. ഭവനം നഷ്ടമായ അഞ്ച് കുടുംബങ്ങൾക്ക് വീടും നൽകി.
പൊന്മുടി അണക്കെട്ടിന് താഴെയായി പന്നിയാർ പുഴയുടെ തീരത്തായതിനാൽ  കുടിയേറ്റ കർഷകർ പന്നിയാർകുട്ടിയെന്ന് പേര് നൽകി. ഇവിടെ പടുത്തുയർത്തിയ ചെറുകിട വ്യപാരസ്ഥാപനങ്ങൾ, കുരിശുപള്ളി,പോസ്റ്റ് ഓഫീസ്,ആരോഗ്യ ഉപകേന്ദ്രം, ക്ലബ്, വീടുകൾ സംസ്ഥാനപാത എല്ലാം മഴവെള്ളപ്പാച്ചിലിൽ ഓർമയായി, അന്ന് ബാക്കിയായത് കുറെ പ്രാണനുകൾ മാത്രം.
കെെകോർത്തു നാടിനായി 
പന്നിയാർകുട്ടിയിലെ ജനങ്ങളുടെ മനക്കരുത്ത് ഒന്ന് മാത്രമാണ് പ്രളയ കുത്തൊഴുക്കിനെതിരെ നീന്താൻ സഹായിച്ചത്. ആരെയും കാത്തുനിൽക്കാതെയവർ മണ്ണുകൾ മാറ്റി വഴികൾ പുനഃസ്ഥാപിച്ചു. പന്നിയാർകുട്ടി, കുളത്രക്കുഴി, മരക്കാനം മേഖലയിലെ ജനങ്ങൾ പ്രധാന ടൗണുകളുമായി ബന്ധപ്പെടാനാകാതെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. വൈദ്യുതി മന്ത്രിയായിരുന്ന എം എം മണി  സ്ഥലം സന്ദർശിക്കുകയും സർക്കാരിൽ നിരന്തരമായി ഇടപ്പെട്ടതും ഈ ജനതയുടെ പുനരധിവാസത്തിന് കരുത്തായി.
റോഡുകൾ ആധുനിക 
നിലവാരത്തിൽ
പന്നിയാർകുട്ടിയിൽ മണ്ണിടിച്ചിലുണ്ടായ ഭാഗത്ത്  റോഡിന്റെ അടിവശത്ത് എട്ട് മീറ്റർ വീതിയിലും 60 മീറ്റർ നീളത്തിലും 15 മിറ്റർ ഉയരമുള്ള സംരക്ഷണഭിത്തി യുദ്ധകാലാടിസ്ഥാനത്തിൽ നിർമിച്ചു. 10.5 കോടിരൂപ അനുവദിച്ച് രാജാക്കാട് വെള്ളത്തുവൽ റോഡ് ബിഎം ആൻഡ് ബിസി ടാറിങ് നടത്തി ആധുനിക നിലവാരത്തിലാക്കി. റോഡിന്റെ തിട്ടവശത്തും സംരക്ഷണഭിത്തി നിർമിച്ചു.റോഡിന്റെ മുകൾഭാഗത്ത് ഇളകിയ മണ്ണ്, കയർ ഭൂവസ്ത്രം വിരിച്ച് പുല്ല് നട്ടുപിടിപ്പിച്ച് മണ്ണിടിച്ചിൽ തടഞ്ഞു. ഇവിടെ സമയബന്ധിതമായി നിർമാണം പൂർത്തിയാക്കിയത് എൽഡിഫ് സർക്കാരിന്റെ ഇച്ഛാശക്തിയുടെ നേർകാഴ്ചയായി. 
എംഎൽഎ ഫണ്ടിൽ 
പുതിയപാലം
പന്നിയാർകുട്ടിയിലെ കൊന്നത്തടി– വെള്ളത്തുവൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം പ്രളയത്തിൽ പൂർണമായി തകർന്നു. ആർത്തലച്ചൊഴുകുന്ന പന്നിയാർപുഴ കടക്കാനാകാതെ പന്നിയാർകുട്ടി പോത്തുപാറയിലെ ഇരുനൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. മരുന്നും നിത്യോപയോഗ സാധനങ്ങളും വാങ്ങാൻ ഉരുൾപൊട്ടലിൽ തകർന്നുകിടക്കുന്ന റോഡിലൂടെ നാല് കിലോമീറ്റർ സഞ്ചരിച്ച് എല്ലക്കല്ലിൽ എത്തണം. പന്നിയാർകുട്ടി– വള്ളക്കടവ് നടപ്പാലത്തിൽ കമുകും മുളയുംകൊണ്ട് താൽക്കാലിക സംവിധാനമൊരുക്കിയത് നാട്ടുകാരായിരുന്നു. മുതിരപ്പുഴയ്ക്ക് കുറുകെ വെള്ളത്തൂവൽ രാജാക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് പുതുതായി കോൺക്രീറ്റ് പാലം നിർമിക്കാൻ അഡ്വ. എ രാജ എംഎൽഎ ഇടപെട്ടു. എംഎൽഎ ഫണ്ടിൽനിന്ന്  62 ലക്ഷം രൂപ ചെലവഴിച്ച് പുതിയ പാലം പണിതു. പോത്തുപാറ മുതുവാൻകുന്ന്, എലിക്കുന്ന് തുടങ്ങിയ 500 ലധികം കുടുംബത്തിലെ യാത്രാ പ്രശ്നം പരിഹരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top