ചെറുതോണി
വാടക കെട്ടിടങ്ങള്‍ക്ക് 18 ശതമാനം നികുതി വ്യാപാരികളുടെമേല്‍ അടിച്ചേല്‍പ്പിക്കാനുളള ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനം പിന്‍വലിക്കാത്തതിൽ വ്യാപക പ്രതിഷേധം. വ്യാപാരി വ്യവസായി സമിതി സംസ്ഥാനത്തൊട്ടാകെ സംഘടിപ്പിക്കുന്ന സമരത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാഴം പകൽ 11ന് അടിമാലി ജിഎസ്ടി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. അടിമാലിയില്‍ നടക്കുന്ന ധര്‍ണ വ്യാപാരി വ്യവസായി സമിതി ജില്ലാസെക്രട്ടറി സാജന്‍ കുന്നേല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് റോജിപോള്‍ അധ്യക്ഷനാകും.
ചെറുകിട വ്യാപാര മേഖല രൂക്ഷമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ ഭൂരിപക്ഷം വ്യാപാരികളും വാടകകെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. സാമ്പത്തിക മാന്ദ്യവും ഓണ്‍ലൈന്‍ വ്യാപാരവും വലിയ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ കടന്നുവരവും ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി പോകുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ചില്ലറ വ്യാപാര മേഖലയില്‍ മുമ്പ് ഒരുകാലത്തും ഇല്ലാത്ത നിലയില്‍ പ്രത്യക്ഷ വിദേശനിക്ഷേപവും സ്വകാര്യ മൂലധന നിക്ഷേപവും വ്യാപകമാകുകയാണ്. സ്വയം തൊഴില്‍ കണ്ടെത്തുകയും ലക്ഷക്കണക്കിനാളുകള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ നല്കുകയും ചെയ്യുന്ന സുപ്രധാന മേഖലയുടെ അടിവേരറുക്കുന്നതാണ് പുതിയതായിട്ടുളള ഈ തീരുമാനം. ഈ വിഷയം ഉന്നയിച്ച് യോജിക്കുവാന്‍കഴിയുന്ന വ്യക്തികളും സംഘടനകളുമായി സഹകരിച്ച് വലിയ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് വ്യാപാരി വ്യവസായി സമിതിയുടെ തീരുമാനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..