23 December Monday

ഇടുക്കി 
ചാമ്പ്യന്‍സ് 
യൂണിവേഴ്‌സ്

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024

ജില്ലാ സ്കൂൾ കായികമേളയിൽ 
ഓവറോൾ നേടിയകട്ടപ്പന വിദ്യാഭ്യാസ 
ഉപ ജില്ലാ ടീം ട്രോഫിയുമായി

 നെടുങ്കണ്ടം

നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന ‘ഇടുക്കി ചാമ്പ്യൻസ് യൂണിവേഴ്‌സി’ൽ ട്രാക്കിലും ഫീൽഡിലും ആദ്യദിനം മുതൽ സർവാധിപത്യം സ്ഥാപിച്ച കട്ടപ്പന ഉപജില്ലയ്ക്ക് കായിക കിരീടം. കാൽവരിമൗണ്ട് കാൽവരി, ഇരട്ടയാർ സെന്റ് തോമസ് ‘സ്‌ക്വാഡു’കളുടെ കരുത്തിൽ 42 സ്വർണവും 47 വെള്ളിയും 26 വെങ്കലവും ഉൾപ്പെടെ 420 പോയിന്റുകൾ നേടി. അടിമാലിയാണ് റണ്ണർഅപ്പ്. 28 സ്വർണവും 25 വെള്ളിയും 25 വെങ്കലവും ഉൾപ്പെടെ 267 പോയന്റുകൾ. ആറ് സ്വർണവും 14 വെള്ളിയും 14 വെങ്കലവുമടക്കം 92 പോയന്റുമായി നെടുങ്കണ്ടം മൂന്നാമതാണ്. സ്‌കൂളുകളിൽ തുടർച്ചയായ രണ്ടാംവർഷവും കാൽവരിമൗണ്ട് കാൽവരി എച്ച്എസ് ചാമ്പ്യൻപട്ടം കരസ്ഥമാക്കി. 15 വീതം സ്വർണവും വെള്ളിയും ഏഴ് വെങ്കലവും ഉൾപ്പെടെ 127 പോയിന്റ് ലഭിച്ചു. ഒമ്പത് സ്വർണവും 18 വെള്ളിയും എട്ട് വെങ്കലവും ഉൾപ്പെടെ 106 പോയിന്റുമായി ഇരട്ടയാർ സെന്റ് തോമസ് എച്ച്എസ്എസ് രണ്ടാമത്തെത്തി. 10 സ്വർണവും 11 വീതം വെള്ളിയും വെങ്കലവുമായി എൻആർ സിറ്റി എസ്എൻവി എച്ച്എസ്എസ് മൂന്നാം സ്ഥാനം നേടി. ഇടയ്ക്ക് രസംകൊല്ലിയായി പെരുമഴ എത്തിയതോടെ ഒന്നര മണിക്കൂറിലേറെ മത്സരം നിർത്തിവച്ചു.
സമാപന സമ്മേളനം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചൻ അധ്യക്ഷയായി. ഇടുക്കി ഡിഡിഇയും പ്രോഗ്രാം ജനറൽ കൺവീനറുമായ എസ് ഷാജി, വിജയികൾക്ക് ട്രോഫി വിതരണം ചെയ്തു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് എം സുകുമാരൻ, എഇഒ സുരേഷ് കുമാർ, നെടുങ്കണ്ടം ഗവ. വിഎച്ച്എസ്എസ് പ്രഥമാധ്യാപൻ ആസിഫ് അലി പട്ടർകടവൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഇ ജെ ഫ്രാൻസിസ്, പബ്ലിസിറ്റി കൺവീനർ ബിജു ജോർജ്, നെടുങ്കണ്ടം ഗവ. എച്ച്എസ് പ്രഥമാധ്യാപിക അല്ലി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top