തൊടുപുഴ
പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കുന്ന ‘ലിറ്റിൽ കൈറ്റ്സ്’ പദ്ധതിയുടെ ഭാഗമായി യൂണിസെഫ് സഹായത്തോടെ സംഘടിപ്പിക്കുന്ന ഉപജില്ലാ ക്യാമ്പുകൾ തുടങ്ങി. എഐ സംവിധാനങ്ങൾ ഉപയോഗിച്ച് ഭിന്നശേഷി കുട്ടികൾക്ക് കൈത്താങ്ങാകാൻ സഹായിക്കുന്ന പ്രോഗ്രാം തയാറാക്കുന്നതിനാണ് ക്യാമ്പുകൾ. പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണത്തിനുള്ള അനിമേഷൻ പ്രോഗ്രാമുകളും സ്വതന്ത്ര സോഫ്റ്റ്‍വെയറുകളായ ഓപ്പൺടൂൺസ്, ബ്ലെൻഡർ തുടങ്ങിയവ ഉപയോഗിച്ച് ക്യാമ്പിൽ കുട്ടികൾ തയാറാക്കും.
സംസാരിക്കാനും കേൾക്കാനും പ്രയാസം നേരിടുന്ന കുട്ടികൾക്ക് ആംഗ്യ ഭാഷയിൽ സംവദിക്കാൻ കഴിവുള്ള പ്രോഗ്രാമുകൾ എഐ ഉപയോഗിച്ച് തയാറാക്കുന്നത് ആംഗ്യ ഭാഷ പഠിക്കാൻ പ്രാപ്തമാക്കുന്ന വിധത്തിലാണ് മൊഡ്യൂൾ. വീഡിയോ ക്ലാസുകളും പരിചയപ്പെടുത്തും. നഗരവൽക്കരണത്തിലൂടെ നശിപ്പിക്കപ്പെട്ട പ്രദേശം രണ്ടുപക്ഷികളുടെ പ്രയത്നത്തിലൂടെ വീണ്ടും ഹരിതാഭമാക്കുന്നതെങ്ങനെ എന്ന ആശയത്തിലാണ് കുട്ടികൾ അനിമേഷൻ ചിത്രങ്ങൾ ക്യാമ്പിൽ തയാറാക്കുക. പ്രോജക്ട് പ്രവർത്തനങ്ങൾ ആരംഭിച്ചു.
ജില്ലയിൽ 100 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലായി 7559 അംഗങ്ങളാണുള്ളത്. സ്കൂൾതല ക്യാമ്പുകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട 550 കുട്ടികൾ ഉപജില്ലാക്യാമ്പുകളിൽ പങ്കെടുക്കും. അധ്യയന ദിവസങ്ങൾ നഷ്ടപ്പെടാതെയാണ് വിവിധ ബാച്ചുകളിലായി ക്യാമ്പുകൾ ക്രമീകരിച്ചിട്ടുള്ളത്. മികച്ച പ്രകടനം കാഴ്ചവക്കുന്ന 52 കുട്ടികളെ ജില്ലാക്യാമ്പിലേക്ക് തെരഞ്ഞെടുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..