തൊടുപുഴ
ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി നടത്തുന്ന ജില്ലാ പുസ്‌തകോത്സവത്തിന് 27ന് തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൊടുപുഴ വെങ്ങല്ലൂർ ഷെറോൺ കൾച്ചറൽ സെന്ററിൽ 29വരെയാണ് മേള. സംസ്ഥാനത്തൊട്ടാകെയുള്ള 40 പ്രസാധകരുടെ പുസ്‍തകങ്ങൾ 60ഓളം സ്റ്റാളുകളിൽ പ്രദർശിപ്പിക്കും. ജില്ലയിലെ 250ലേറെ ലൈബ്രറികൾക്കും വിദ്യാഭ്യാസ, സാംസ്‍കാരിക സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പുതിയ പുസ്‍തകങ്ങൾ തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. 27ന് രാവിലെ 10ന് കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനംചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ആർ തിലകൻ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ജിജി കെ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. നഗരസഭ ചെയർപേഴ്‍സൺ സബീന ബിഞ്ചു വിശിഷ്‍ട വ്യക്തികളെ ആദരിക്കും. ലൈബ്രറി കൗൺസിൽ എക്‍സിക്യുട്ടീവംഗം കെ എം ബാബു ആദ്യവിൽപ്പന നടത്തും. തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ് അഗസ്റ്റിൻ ഏറ്റുവാങ്ങും.
പകൽ 12ന് വഴിത്തല വർഗീസ് രചിച്ച നോവൽ ‘ഹുമന്നാസിന്റെ വംശാവലി’ കഥാകാരൻ വി ആർ സുധീഷ് പ്രകാശിപ്പിക്കും. സി പി രമേശൻ ഏറ്റുവാങ്ങും. 28ന് രാവിലെ 10ന് ‘നിർമിതബുദ്ധി വളർച്ചയും സമൂഹവും’ എന്ന വിഷയത്തിൽ ഡോ. അഡോണി ടി ജോൺ ശിൽപ്പശാല നയിക്കും. പകൽ 2.30ന് ദീപക് ശങ്കർ എഴുതിയ ‘ജാജ്ജ്വല്യമാനം’, ‘ദാവീദിന്റെ പുസ്‍തകം’ എന്നീ നോവലുകൾ വി ആർ സുധീഷ് പ്രകാശിപ്പിക്കും. വൈകിട്ട് 3.30ന് ‘കേരള നവോത്ഥാനവും കുമാരനാശാനും’ എന്ന വിഷയത്തിൽ സെമിനാർ. 5.30ന് ‘നവകേരള സൃഷ്‍ടിയിൽ കഥാപ്രസംഗ കല പകർന്ന ആത്മവീര്യം’ എന്ന വിഷയത്തിൽ കെ സി സുരേന്ദ്രൻ ലഘുപ്രഭാഷണം നടത്തും. തുടർന്ന് കാഥികൻ സുന്ദരൻ നെടുമ്പള്ളിയിലും സംഘവും അവതരിപ്പിക്കുന്ന കഥാപ്രസംഗം ആയിഷ. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ കെ എം ബാബു, ടി ആർ സോമൻ, പി കെ സുകുമാരൻ, ജോർജ് അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..