ചെറുതോണി
തൊഴിലുറപ്പ് കാർഡിൽ വിവരങ്ങൾ തെറ്റായി അടയാളപ്പെടുത്തിയതിനാൽ അവകാശങ്ങൾ നിഷേധിക്കപ്പെട്ട ഇടുക്കി കോളനി സ്വദേശിനി മണിയമ്മ കൃഷ്ണൻകുട്ടിക്ക് ആനുകൂല്യവും ആശ്വാസവും ലഭ്യമാകും. പൊതുവിഭാഗമെന്ന് തെറ്റായി രേഖപ്പെടുത്തിയതാണ് പ്രശ്‌നമായത്. വീടോ സ്ഥലമോ മറ്റ് സഹായങ്ങളോ ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ അറുപതുകാരി ഇടുക്കി താലൂക്ക് തല അദാലത്തിൽ മന്ത്രി റോഷി അഗസ്റ്റിനെ കാണാനെത്തിയത്.
കേൾവിക്കുറവും വാർധക്യസഹജമായ പ്രശ്നങ്ങളും ഉള്ളതിനാൽ അയൽവാസിയേയും കൂട്ടിയാണ് എത്തിയത്. 2018 ലെ പ്രളയത്തിൽ ആകെയുണ്ടായിരുന്ന കിടപ്പാടം നഷ്ടമായി. പൂർണമായും വീട് നശിച്ചിട്ടില്ലെന്ന കാരണം പറഞ്ഞ് സഹായം നിഷേധിക്കപ്പെട്ടു. പട്ടിക ജാതി പുലയ വിഭാഗത്തിൽപ്പെട്ട തന്റെ തൊഴിലുറപ്പ് കാർഡിലെ തെറ്റ് തിരുത്തി ലഭിച്ചാൽ വലിയ സഹായമാകുമെന്നായിരുന്നു മന്ത്രിയോടുള്ള മണിയമ്മയുടെ ആവലാതി. പരാതി പരിശോധിച്ച മന്ത്രി രേഖകൾ പരിശോധിച്ച് പരാതി അടിയന്തരമായി പരിഹരിക്കാൻ വാഴത്തോപ്പ് പഞ്ചായത്ത് അധികൃതർക്ക് നിർദേശം നൽകി. കെ എസ് ഇ ബി യുടെ പഴയ കെട്ടിടത്തിലാണ് മണിയമ്മയുടെ താമസം. രേഖകൾ തിരുത്തി ലഭിക്കുന്നതോടെ പഞ്ചായത്ത് വഴിയുള്ള സഹായങ്ങൾ വേഗത്തിൽ ലഭ്യമാകുമെന്ന ഉറപ്പ് നൽകിയാണ് പരാതിക്കാരിയെ മന്ത്രി യാത്രയാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..