22 December Sunday
അറിവിൻ ജാലകം തുറന്ന്

ഈ പുസ്തകവീട്

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

വീട്ടിലെ ഗ്രന്ഥശാലയിൽ വിജയൻ മുക്കുറ്റി

തൊടുപുഴ
വായനയ്‌ക്കും പഠനത്തിനുമായി സ്വന്തം വീടുതന്നെ ഗ്രന്ഥശാലയാക്കി മാറ്റി തൊടുപുഴ മണക്കാട്‌ സ്വദേശി വിജയൻ  മുക്കുറ്റിയിൽ. രണ്ട്‌ നിലകളുളള വീടിന്റെ മുകളിലെനിലയിലെ വിശാലമായ മുറിയിൽ നിറയെ പുസ്‌തശേഖരമാണ്‌. ‘ചെലവ്‌ കുറഞ്ഞ ഈടുറ്റ വിനോദമാണ്‌ വായന’ എന്നതാണ്‌ വിജയന്റെ തിയറി. മുറിയിലെ അലമാരകളിൽ 13,393 പുസ്‌തകങ്ങളാണുള്ളത്‌. 
വായനമുറിയിലെ മേശയുടെ മുകളിലായി വൃത്തിയായി പൊതിഞ്ഞ്‌ സൂക്ഷിച്ചിട്ടുള്ള ചില ബുക്കുകളുണ്ട്‌. പുറംകവറിൽതന്നെ വടിവൊത്ത അക്ഷരത്തിൽ പുസ്‌തകങ്ങളുടെ പേരുവിവരം അടയാളപ്പെടുത്തുവെച്ചിട്ടുണ്ട്‌. വിജയന്‌ അച്ഛനിൽനിന്നാണ്‌ വയനയോടുള്ള കമ്പം ആരംഭിച്ചത്‌. സർക്കാർ സ്‌കൂൾ അധ്യാപകനായിരുന്ന എം കെ നാരായണൻ വിജയന്റെ കുട്ടിക്കാലത്ത്‌ തന്നെ പുസ്‌തകങ്ങൾ വാങ്ങി നൽകിയിരുന്നു. 
 
ദേശസേവിനി വായനശാലയും നാലണ അംഗത്വവും 
വീടിനടുത്തുള്ള ദേശസേവിനി വായനശാലയിൽ ‘നാലണ’ അംഗത്വം എടുത്താണ്‌ തുടങ്ങിയത്‌. അന്ന്‌ ഓലമെടഞ്ഞ്‌ വിറ്റുകിട്ടുന്ന പണമാണ്‌ മാസവരിയായി അടച്ചിരുന്നത്‌. 1960ൽ മണക്കാട്‌ വയനശാലയിൽ ‘ലൈഫ്‌ ’ മെമ്പറാകാനുള്ള 25രൂപ അച്ഛനാണ്‌ നൽകിയത്‌. ഇക്കണോമിക്‌സിൽ ബിരുദാനന്തര ബിരുദംനേടിയ വിജയൻ തൊടുപുഴ ന്യൂമാൻ കോളേജിലെ ആദ്യ ബാച്ചുകാരനാണ്‌. കനറ ബാങ്കിൽനിന്ന് വിരമിച്ചശേഷം ഈ 72കാരൻ വായനയിലും സാമൂഹ്യ ശാസ്‌ത്രപഠനത്തിലും സമയം ചെലവഴിക്കുന്നു. 
ഭൂമിയുടെ ഉൽപ്പത്തി മുതൽ ഭൂമിയുടെ അടിത്തട്ടിൽ ഉണ്ടാകുന്ന രാസ പരിണാമം വരെയാണ്‌ പ്രധാന പഠനവിഷയങ്ങൾ. ഇതിനായി കമ്പോഡിയ, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്‌. ഭൂമിയിലുണ്ടാകുന്ന വ്യതിയാനങ്ങൾ പഠിക്കുന്നതിന്‌ ഹിമാലയസാനുക്കളിൽ പലതവണയും 1600 കിലോമീറ്റർ ദൈർഘ്യമുള്ള പശ്ചിമഘട്ട മലനിരകളിൽ 12തവണയും ഇദ്ദേഹം സന്ദർശനംനടത്തിയിട്ടുണ്ട്‌. 
കുട്ടിക്കാലത്ത്‌ കഥകളും നോവലുകളും വായിച്ചായിരുന്നുതുടക്കം. പിന്നീട്‌ പഠനവിഷയത്തിനുതകുന്ന പുസ്‌തകങ്ങളോടായി താൽപര്യം. എല്ലാമാസവും ചുരുങ്ങിത്‌ മൂവായിരം രൂപയുടെ പുസ്‌തകങ്ങൾ വാങ്ങും. വിജയന്റെ പുസ്‌തക ശേഖരത്തിൽ നോവൽ, യാത്രാ വിവരണങ്ങൾ, കവിതകൾ, കഥകൾ, ജീവചരിത്രം, വിനോദസഞ്ചാരം, തിരക്കഥകൾ, കൃഷിശാസ്‌ത്രം, വേട്ടക്കഥകൾതുടങ്ങി ഇരുപതിലധികം വിഭാഗങ്ങളിലുള്ള പുസ്‌തകങ്ങളാണുള്ളത്‌. 
അക്ഷരം എഴുതിയ ഒരുതുണ്ടു കടലാസുപോലും ഇദ്ദേഹം വലിച്ചെറിയില്ല. 1952ൽ  ഒന്നാം ക്ലാസിൽ പഠിച്ച മലയാള പാഠപുസ്‌തകം കേടുപാടില്ലാതെ സൂക്ഷിച്ചിട്ടുണ്ട്‌. 
എം ജി, കാലടി സർവകലാശാലകളിലെ വിദ്യാർഥികൾ ഇദ്ദേഹത്തിന്റെവീട്ടിൽ പഠനത്തിനായി വരാറുണ്ട്‌. 
  രാവിലെ ഉണർന്നാൽ പുരയിടത്തിൽ കൃഷി കാര്യങ്ങൾ നോക്കുന്ന വിജയൻ പകൽ രണ്ടുമുതൽ രാത്രി രണ്ടുവരെ വായനയ്‌ക്കായി നീക്കിവച്ചിരിക്കുന്നു. ഇത്‌ 50 വർഷത്തെ ദിനചര്യയാണ്‌. അച്ഛനും അമ്മയും കഴിഞ്ഞാൽ പുസ്‌തകങ്ങളോടാണ്‌ ഇദ്ദേഹത്തിന്‌ കടപ്പാട്‌. വിജയന്‌ പിന്തുണയുമായി സിവിൽ സപ്ലൈസിൽനിന്ന്‌ വിരമിച്ച ഭാര്യ ഇ എൻ ഓമനയും ഒപ്പമുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top