21 December Saturday

സൈനികക്ഷേമ വകുപ്പ് കരാർവൽക്കരണം; എൻജിഒ യൂണിയൻ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024
തൊടുപുഴ 
സൈനിക ക്ഷേമവകുപ്പ് കരാർവൽക്കരണത്തിനെതിരെ ജീവനക്കാർ ജില്ലാ സൈനിക ക്ഷേമ ഓഫീസിനുമുമ്പിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സൈനിക ക്ഷേമവകുപ്പിൽ മാതൃകാപരമായ പ്രവർത്തനമാണ് കേരളം നടത്തുന്നത്. കേന്ദ്ര സർക്കാർ നയങ്ങൾ വകുപ്പിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാക്കും. വകുപ്പിലെ എല്ലാ നിയമനങ്ങളും വിമുക്തഭടന്മാർക്ക് പിഎസ്‌സി വഴി മാത്രവും ജീവനക്കാർ കെഎസ്ആർ ചട്ടങ്ങൾക്ക് വിധേയരുമാണ് നടത്തുന്നത്‌. 
ജില്ലാ സൈനിക ക്ഷേമ ഓഫീസർ, അഡീഷണൽ ഡയറക്ടർ തസ്തികയിലേക്ക് 50 ശതമാനം പ്രമോഷനിലും 50 ശതമാനം നേരിട്ടുമാണ് നിയമനം നടത്തുന്നത്. ഈ തസ്തികയിൽനിന്ന് പ്രമോഷൻ നൽകിയാണ് ഡയറക്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നത്. എന്നാൽ വിവിധ തസ്തികകളിലേക്കാണ് ഉയർന്ന റാങ്കിൽ വിരമിച്ച സൈനിക ഓഫീസർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ കേന്ദ്ര സർക്കാർ നിബന്ധനവച്ച് സമ്മർദ്ദം സൃഷ്ടിക്കുന്നത്‌.
കേന്ദ്ര സൈനിക ബോർഡ് വഴി നൽകുന്ന 60 ശതമാനം സഹായം കേരളത്തിന് നൽകുന്നതിന് നിബന്ധനകൾ അംഗീകരിക്കണം എന്നതാണ് കേന്ദ്ര സർക്കാർ നിലപാട്. വകുപ്പിലെ ജീവനക്കാർക്ക് പരിമിതമായി മാത്രം ലഭിക്കുന്ന പ്രമോഷൻ നഷ്ടപ്പെടുത്തുന്ന നിലപാട് പ്രതിഷേധാർഹമാണ്. 60 ശതമാനം ഫണ്ടുതരുന്നു എന്ന ന്യായംപറഞ്ഞ് നിയമന രീതിയെയും പ്രവർത്തനങ്ങളെയും നിയന്ത്രിക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നു. വിമുക്തഭടന്മാരുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേരള സൈനിക ക്ഷേമ വകുപ്പിനെ ഇല്ലാതാക്കാനുള്ള നീക്കമാണ്‌ നടക്കുന്നത്‌.
തൊടുപുഴ ജില്ലാ സൈനികക്ഷേമ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ യോഗം എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ കെ പ്രസുഭകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ്‌  സെക്രട്ടറി ടി ജി രാജീവ്‌, ജില്ലാ സെക്രട്ടറിയറ്റംഗം കെ എ ബിന്ദു, തൊടുപുഴ വെസ്റ്റ് ഏരിയ സെക്രട്ടറി കെ എസ് ഷിബുമോൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top