22 December Sunday
നാടകലോകത്തെ ‘കെ സി’

അരങ്ങൊഴിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024
കട്ടപ്പന
ബാല്യകാലം മുതൽ നാടകരചനയെ ജീവിതസപര്യയാക്കിയ എഴുത്തുകാരൻ, സംസ്ഥാന സർക്കാരിന്റെ പ്രൊഫഷണൽ നാടക പുരസ്‌കാരം രണ്ടുതവണ ജില്ലയിലെത്തിച്ച കലാകാരൻ, കട്ടപ്പന കുമ്പുക്കൽ കെ സി ജോർജിന്റെ(51) വിയോഗത്തിലൂടെ നഷ്ടമാകുന്നത് നാടകലോകത്ത് ഇടുക്കിയുടെ പേര് എഴുതിച്ചേർത്ത പ്രതിഭയെ. സ്‌കൂൾ പഠനകാലത്ത് നാടകരചന ആരംഭിച്ച് നിരവധി വേദികളിൽ അവതരിപ്പിച്ചുതുടങ്ങി. സംസ്ഥാന, ജില്ലാ സ്‌കൂൾ കലോത്സവങ്ങളിൽ പ്രശംസ പിടിച്ചുപറ്റിയ നിരവധി നാടകങ്ങൾക്ക് പേന ചലപ്പിച്ചത് കെ സി ജോർജായിരുന്നു. പിന്നീട് കലാരംഗത്തെ സുഹൃത്തുക്കൾക്കൊപ്പം ഹൈസ എന്ന അമച്വർ നാടകസമിതി രൂപീകരിച്ചു. അന്തരിച്ച ചലച്ചിത്ര- നാടകനടൻ എം സി കട്ടപ്പനയാണ് മാർഗനിർദേശങ്ങൾ നൽകിയത്. കെ സി ജോർജിന്റെ രചനയിൽ പിറവിയെടുത്ത ‘ഹൈസ’യുടെ നാടകങ്ങൾ സംസ്ഥാനത്തുടനീളം അരങ്ങുകളിലെത്തി. പിന്നീട് നിസ്തുല, കാൽവരിമൗണ്ട് താബോർ തിയറ്റേഴ്‌സ്, സ്വരാജ് സയൺ കമ്യൂണിക്കേഷൻസ് തുടങ്ങിയ സമിതികൾക്കും നാടകങ്ങൾ രചിച്ചു. 
2005ൽ ഓച്ചിറ സരിഗയുടെ ‘അതിരുകളില്ലാത്ത ആകാശ’ത്തിലൂടെ പ്രൊഫഷണൽ നാടകരംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്ന് ജനപ്രീതിയും പ്രശംസയും പിടിച്ചുപറ്റിയ നിരവധി രചനകൾ പിറവിയെടുത്തു. ഓച്ചിറ സരിഗയ്ക്കുവേണ്ടി 'പറന്ന്' എന്ന നാടകമാണ് ഒടുവിൽ രചിച്ചത്.
രണ്ടുതവണ 
സംസ്ഥാന പുരസ്‌കാരം
2010ൽ കോഴിക്കോട് സാഗർ കമ്യൂണിക്കേഷൻസിന്റെ ‘കുമാരൻ ഒരു കുടുംബനാഥൻ,’ ഈവർഷം കായംകുളം ദേവ കമ്യൂണിക്കേഷൻസിന്റെ ‘ചന്ദ്രികാവസന്തം’ എന്നീ രചനകൾക്കാണ് സംസ്ഥാന സർക്കാരിന്റെ  മികച്ച നാടകകൃത്തിനുള്ള പുരസ്‌കാരങ്ങൾ ലഭിച്ചത്. ദമ്പതികളായ ചന്ദ്രികയ്ക്കും വസന്തനും കിണർ കുഴിക്കുന്നതിനിടെ ലഭിച്ച സൗഭാഗ്യവും തുടർന്നുണ്ടായ പ്രശ്‌നങ്ങളും അതിജീവനവും പറഞ്ഞ ചന്ദ്രികാവസന്തം മികച്ച പ്രേക്ഷകാഭിപ്രായം നേടി. കുടുംബബന്ധങ്ങളുടെ തീവ്രതയും ഗ്രാമീണതയുമായിരുന്നു കെ സി ജോർജിന്റെ രചനകളിലേറെയും. ടെലിവിഷൻ ചാനലുകളില്‍ സംപ്രേഷണം ചെയ്ത നിരവധി സീരിയലുകളുടെയും രചയിതാവാണ്. കട്ടപ്പനയിലെ പ്രാദേശിക ചാനലിൽ ലേഖകനായും വാർത്താ അവതാരകനായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.
അന്തിമോപചാരമർപ്പിച്ച് നാട്
അസുഖബാധിതനായി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കൾ രാത്രി 10.30 ഓടെയായിരുന്നു അന്ത്യം. മന്ത്രി റോഷി അഗസ്റ്റിൻ, സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് എന്നിവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. ചൊവ്വാഴ്ച കട്ടപ്പന ഓപ്പൺ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനുവച്ചപ്പോൾ നൂറുകണക്കിനാളുകളെത്തി. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക പ്രവർത്തകർ അന്ത്യാഞ്ജലി അർപ്പിച്ചു. സംസ്‌കാരം ബുധൻ വൈകിട്ട് നാലിന് കട്ടപ്പന വള്ളക്കടവ് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top