26 November Tuesday

കർഷക 
താൽപര്യത്തിന്‌ ഒറ്റക്കെട്ട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024

നെടുങ്കണ്ടത്ത് സംഘടിപ്പിച്ച ജനകീയ സദസ്സിൽ മന്ത്രി റോഷി അഗസ്റ്റിൻ സംസാരിക്കുന്നു

നെടുങ്കണ്ടം
ഏലമേഖലയിലെ പ്രശ്നങ്ങളും ആശങ്കകളും ഫലപ്രദമായി പരിഹരിക്കാൻ രാഷ്ട്രീയാതീതമായി ഒറ്റക്കെട്ടായി നീങ്ങണമെന്ന് ജനകീയ സദസ്സ്‌. രാഷ്ട്രീയമായ വേർതിരിവുകൾക്കപ്പുറം തലമുറകൾക്ക് സ്വസ്ഥമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കുന്ന സർക്കാർ നീക്കങ്ങൾക്ക് എല്ലാ പിന്തുണയും ജനകീയ കർഷക സദസ്സ്‌ വാഗ്ദാനംചെയ്തു. സിഎച്ച്ആർ മേഖലയുടെ വസ്തുതകളും ആശങ്കകളും ചർച്ചചെയ്ത് ശാശ്വത പരിഹാരത്തിനായാണ്‌ മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ പൊതുചർച്ചാവേദി സംഘടിപ്പിച്ചത്. കർഷക സംഘടനാ നേതാക്കൾ, ഏലം മേഖലയിലെ സംഘടനാ പ്രതിനിധികൾ, വ്യാപാരി സംഘടനാ നേതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ഏലമല പ്രദേശവുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള അഭിപ്രായങ്ങൾ വിവിധ സംഘടനാ നേതാക്കൾ അവതരിപ്പിച്ചു. കർഷക താൽപ്പര്യം സംരക്ഷിക്കുന്നതിനും സുപ്രീം കോടതിയിൽനിന്ന്‌ അനുകൂലമായ വിധി നേടിയെടുക്കുന്നതിനും ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന്‌ സദസ്സ്‌ പ്രഖ്യാപിച്ചു. 
സിഎച്ച്ആർ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് രണ്ട് പതിറ്റാണ്ടിലേറെയായി തർക്കങ്ങൾ നിലനിൽക്കുന്നു. 2002ലാണ് സിഎച്ച്‌ആർ സംബന്ധിച്ച് ആദ്യമായി സുപ്രീം കോടതിയിൽ കേസുണ്ടാകുന്നത്. 1897ലെ തിരുവിതാംകൂർ ഗസറ്റ് വിജ്ഞാപന പ്രകാരം 2,15,720 ഏക്കർ സ്ഥലം സിഎച്ച്ആർ മേഖലയിൽ വനഭൂമിയായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന വ്യാജരേഖയാണ് വൺ എർത്ത്‌ വൺ ലൈഫ്‌ എന്ന പരിസ്ഥിതി സംഘടന സുപ്രീം കോടതിയിൽ സമർപ്പിച്ചത്. ഇത് 15,720 ഏക്കർ മാത്രമാണെന്ന് സർക്കാർ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്.
സിഎച്ച്‌ആർ മേഖല ഗ്രോ മോർ ഫുഡ് പദ്ധതി പ്രകാരമോ ഹൈറേഞ്ച് കോളനൈസേഷൻ പദ്ധതി പ്രകാരമോ കുടിയിരുത്തിയിട്ടുള്ളതാണ്. ഏലപ്പട്ടയമായോ ഏലം കുത്തകപ്പാട്ടമായോ 1964ലെ റൂൾ പട്ടയമായോ 1993ലെ പ്രത്യേക റൂൾ പട്ടയമായോ സർക്കാർ നിയമാനുസൃതം പതിച്ചുനൽകിയതാണ്‌. ഈ പട്ടയ നടപടികൾ സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്‌. അതിനാൽ 2023ലെ വനനിയമഭേദഗതിയുടെ പരിരക്ഷയും സിഎച്ച്‌ആർ മേഖലയ്ക്ക് ലഭിക്കും.
സിഎച്ച്ആർ റവന്യൂഭൂമി
സിഎച്ച്ആർ കേസിൽ സെൻട്രൽ എംപവേർഡ് കമ്മിറ്റിക്ക്‌(സിഇസി) ആദ്യമായി സത്യവാങ്മൂലം സമർപ്പിച്ചത്‌ 2007ൽ വി എസ്‌ അച്യുതാനന്ദൻ സർക്കാരാണ്. സിഎച്ച്ആർ റവന്യൂ ഭൂമിയാണെന്നായിരുന്നു സത്യവാങ്മൂലത്തിൽ. 2018ൽ പിണറായി വിജയൻ സർക്കാർ പുറപ്പെടുവിച്ച ഉത്തരവിലും നിലപാടിന്‌ മാറ്റമില്ല. പിന്നീട് 2023ലും 2024ലും നൽകിയ സത്യവാങ്മൂലത്തിലും എൽഡിഎഫ്‌ സർക്കാരിന്‌ ഇതേ നിലപാടാണ്‌. മുൻ എംപി അഡ്വ. ജോയ്‌സ് ജോർജ് വിഷയം അവതരിപ്പിച്ചു.
സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, കേരള കോൺഗ്രസ് ജെ ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ്, വിവിധ കർഷക - സംഘടനകളെ പ്രതിനിധീകരിച്ച് ഫാ. ജോസഫ് പുൽത്തകിടിയേൽ, സ്റ്റെനി പോത്തൻ, അഡ്വ. ഷൈൻ വർഗീസ്, മാത്യൂ വർഗീസ്, പി എം ബേബി, സാജൻ കുന്നേൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top