21 November Thursday

സിഎച്ച്ആര്‍ വനമല്ല

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024

 ചെറുതോണി

ഏലമല പ്രദേശം വനഭൂമിയല്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വീണ്ടും സത്യവാങ്മൂലം നൽകി. ബുധൻ വൈകിട്ടാണ് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. സിഎച്ച്ആർ വനമല്ലെന്ന് വി എസ് മുഖ്യമന്ത്രിയായിരിക്കെ അന്നത്തെ ചീഫ് സെക്രട്ടറി പി ജെ തോമസ് 2007 നവംബറിൽ നൽകിയ സത്യവാങ്മൂലത്തിന്റെ തുടർച്ചയായാണ് ഇപ്പോൾ എൽഡിഎഫ് സർക്കാർ വീണ്ടും സത്യവാങ്മൂലം ഫയൽ ചെയ്തത്. 1822 ലെ ഏലംകൃഷിക്കുവേണ്ടിയുള്ള വിജ്ഞാപനത്തിൽ കൃത്യമായ അളവ് പറയുന്നില്ലെങ്കിലും സർവേ ജനറൽ ഓഫ് ഇന്ത്യയുടെ റെക്കോർഡ് പ്രകാരം 413 ചതുരശ്രമൈൽ ആണ് ഏലമല പ്രദേശമായി രേഖപ്പെടുത്തിയിട്ടുള്ളതെന്ന് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിച്ചു. 
 ഏലമല ഭൂമി റവന്യു ഭൂമി; 
വനംവകുപ്പിന് അധികാരമില്ല
നൂറ്റാണ്ടുകളായി കർഷകർ ഏലം കൃഷി ചെയ്യുന്ന ഈ പ്രദേശത്ത് വനംവകുപ്പിന് ഒരു അധികാരവുമില്ല. റവന്യു ഭൂമിയിലെ ഏലക്കൃഷിക്കകത്തുള്ള മരങ്ങളുടെമേൽ നിയന്ത്രണം ഒഴിച്ചാൽ മറ്റുള്ള അവകാശങ്ങളൊന്നും വനംവകുപ്പിനില്ല. 1996 ഡിസംബർ 12ന് വനത്തെ നിർവചിക്കുന്നതിനും വനഭൂമി തിട്ടപ്പെടുത്തുന്നതിനുമായി ഗോപിനാഥൻ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം ഏലമല പ്രദേശത്തെ വനഭൂമിയായി കണ്ടെത്തിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിച്ചു. 
    1993 ലെ വനഭൂമി കെെയേറ്റം ക്രമീകരിക്കൽ ചട്ടപ്രകാരം പട്ടയം നൽകുന്നതിന് കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങേണ്ട ആവശ്യമില്ല. എന്നാൽ വൃക്ഷ സംരക്ഷണവുമായി ബന്ധപ്പെട്ടകാര്യങ്ങൾക്കാണ് മുൻകൂർ അനുമതി വാങ്ങിയത്. ഈ അനുമതി ആവശ്യമുണ്ടായിരുന്നില്ലെന്ന് തിരുവാങ്കുളം നേച്ചർ ലവേഴ്സ് മൂവ്മെന്റ് എന്ന പരിസ്ഥിതി സംഘടന നൽകിയ കേസിൽ സംസ്ഥാന സർക്കാർ സത്യവാങ്മൂലത്തിലൂടെ ഹൈക്കോടതിയിൽ ചൂണ്ടിക്കാണിച്ചു. അത് വിധിയുടെ ഭാഗമായകാര്യം സർക്കാർ സുപ്രീം കോടതിയെ ഓർമപ്പെടുത്തി. 
1977 ജനുവരി ഒന്നിന് മുമ്പുള്ള വനഭൂമിയിലെ കുടിയേറ്റം ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഏലമല പ്രദേശത്തെ 20,568 ഹെക്ടർ ഭൂമിക്ക് 1980 ലെ വനസംരക്ഷണ നിയമത്തിന്റെ രണ്ടാം വകുപ്പ് പ്രകാരം വാങ്ങിയിട്ടുള്ള മുൻകൂർ അനുമതി സാങ്കേതികമായി വനഭൂമിയാണെന്ന് കാണുന്നതിന് സാധിക്കാത്തതാണ്.  ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് കോടതിയിൽ അംഗീകരിച്ചിട്ടുള്ളതാണെന്ന കാര്യം സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിച്ചു. പരിസ്ഥിതി സംഘടനയുടെ കേസിൽ 1897 ലെ വിജ്ഞാപനപ്രകാരം ഏലമല പ്രദേശം മുഴുവൻ വനമായി വിജ്ഞാപനം ചെയ്തിട്ടില്ല. വിജ്ഞാപനം ചെയ്തിട്ടുള്ളത് 15,720 ഏക്കർ ഭൂമി മാത്രമാണെന്നും അത് ഏലമല പ്രദേശത്ത് ഉൾപ്പെട്ടുവരുന്നതല്ലെന്നും  സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിച്ചു. ഈ പ്രദേശം ഏലമലപ്രദേശത്തിന്റെ പുറത്തുള്ളതും എന്നാൽ അതിന്റെ തുടർച്ചയായി പ്രത്യേകമായി നിലകൊള്ളുന്നതുമാണ്. ഇതുരണ്ടും തമ്മിൽ ബന്ധമില്ലെന്നും സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കി.  സംസ്ഥാന സർക്കാരിനുവേണ്ടി  പ്രമുഖ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയാണ് സുപ്രീം കോടതിയിൽ ഹാജരായത്. എൽഡിഎഫും ഇടതുപക്ഷ സർക്കാരുകളും നാളുകളായി തുടർന്നു വരുന്നപൊതുനയത്തിന്റെ തുടർച്ചയായാണ് ഏലമല പ്രദേശം പൂർണമായും റവന്യു ഭൂമിയാണെന്നും വനഭൂമിയല്ലെന്നും ഒരിക്കൽകൂടി സംസ്ഥാന സർക്കാർ സുപ്രിം കോടതിയെ അറിയിക്കുന്നത്. സർക്കാർ നിലപാട് പതിനായിരക്കണക്കായ ഏലം കർഷകരുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള ഏറ്റവും ശക്തമായ തീരുമാനമാണെന്ന് വീണ്ടും തെളിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top