08 September Sunday

വിളകള്‍ ചവിട്ടിമെതിച്ച് കാട്ടാനകള്‍

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

കൊരങ്ങാട്ടിയിലെ കൃഷിയിടം കർഷകസംഘം സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം ടി കെ ഷാജിയുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു

അടിമാലി 
ആദിവാസി മേഖലകളില്‍ കാട്ടാനക്കൂട്ടം ആക്രമണം തുടരുന്നു. നിരവധി കര്‍ഷകരെ കണ്ണീരിലാഴ്‍ത്തി ഏക്കറുകണക്കിന് കൃഷിയാണ് ഇതിനകം ആനകള്‍ ചവിട്ടിമെതിച്ചത്. ബുധൻ രാത്രി കൊരങ്ങാട്ടിയിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ഊരുമൂപ്പൻ പുന്നമറ്റത്തിൽ ബിനുമോൻ, തോണിപ്ലായ്‍ക്കൽ ടി എസ് നാരായണൻ, മുട്ടത്ത് സജി, കലയത്തിങ്കൽ രഘുനാഥ്, രഞ്ജിത്ത് എന്നിവരുടെ കൃഷിയിടങ്ങളിലായിരുന്നു ആക്രമണം. ഏലം, കുരുമുളക്, വാഴ, കപ്പ തുടങ്ങിയവ നശിപ്പിച്ചു. രഞ്ജിത്തിന്റെ കൃഷിയിടത്തിലെ ഷെഡ് പൂർണമായും തകര്‍ത്തു. തെങ്ങ്, കമുക് തുടങ്ങിയവ കടയോടെ പിഴുതെറിഞ്ഞ് കളയുന്നത് പതിവാണ്. ആനയെ പേടിച്ച് ബിനുമോൻ കൃഷിയിടത്തിൽ കുരുമുളക് കയറികിടന്ന 300 കമുക് വെട്ടിക്കളഞ്ഞിരുന്നു. 
    പുറത്തിറങ്ങാൻ പോലുമാകാത്ത അവസ്ഥയിലാണ് ജനം. ആനകളെ തുരത്താൻ പ്രദേശവാസികൾ രാത്രിയും കാവലിരിക്കേണ്ട ​ഗതികേടാണിവിടെ. ആനയെ പേടിപ്പിക്കാൻ പടക്കം വാങ്ങാൻ മാത്രം 1500 ലേറെ രൂപ ചെലവാകുന്നുണ്ടെന്ന് കർഷകർ പറഞ്ഞു. രാവിലെ മറ്റ് ജോലികൾ കഴിഞ്ഞുവന്നാൽ പിന്നെ കൂട്ടമായി ജനം ആനയെ തുരത്താൻ കാവലിരിക്കുകയാണ്. പ്രദേശത്ത് വഴിവിളക്കുകൾ ഇല്ലാത്തതും ബുദ്ധിമുട്ട് സൃഷ്‍ടിക്കുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയും ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമാണ്. കാട്ടുപോത്ത്, പന്നി, കുരങ്ങ് തുടങ്ങിയവയുടെ ആക്രമണവും ജനത്തെ വലയ്‍ക്കുന്നു. 
കൊരങ്ങാട്ടി മേഖല കർഷകസംഘം നേതാക്കൾ സന്ദർശിച്ചു. സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം ടി കെ ഷാജി, ഏരിയ സെക്രട്ടറി കെ ബി വരദരാജൻ, എകെഎസ് ഏരിയ സെക്രട്ടറി എം ആർ ദീപു എന്നിവർ നാട്ടുകാരോട് വിവരങ്ങള്‍ തിരക്കി. ആനകളെ തുരത്താൻ വനംവകുപ്പ് ശക്തമായ നടപടിയെടുക്കണമെന്നും കർഷകർക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്നും നേതാക്കള്‍ പറഞ്ഞു. അല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് സംഘടനകള്‍.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top