08 September Sunday

നമ്മുടെ അരുവിക്കുഴി അവരുടെ സുരങ്കനാര്‍

സ്വന്തം ലേഖകൻUpdated: Friday Jul 26, 2024

അരുവിക്കുഴി വെള്ളച്ചാട്ടം

 
കുമളി
ദൂരത്തുകണ്ടാല്‍ മലയുടെ നെറുകയില്‍നിന്ന് തൂവെള്ള നൂല്‍ താഴേക്കിട്ടപോലെ... മഴയില്‍ നീരൊഴുക്ക് കൂടിയാല്‍ കണ്ണെടുക്കാനാവാത്ത വശ്യതയും. പറഞ്ഞുവരുന്നത് അരുവിക്കുഴി വെള്ളച്ചാട്ടത്തെക്കുറിച്ചാണ്. ചക്കുപള്ളം ചെല്ലാര്‍കോവിലിലെ മനോഹരയിടമാണ് അരുവിക്കുഴി. 
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്ന്. ഡിടിപിസിയുടെ കീഴിൽ സംസ്ഥാന സർക്കാർ വികസിപ്പിച്ചതാണ് ഈ വിനോദസഞ്ചാര കേന്ദ്രം. ഇവിടെനിന്ന് താഴേയ്‌ക്ക് നോക്കിയാൽ തമിഴ്‌നാട്ടിലെ കമ്പം, ഗൂഡല്ലൂർ, ലോവർ ക്യാമ്പ് തുടങ്ങി തേനി ജില്ലയിലെ കണ്ണെത്താദൂരത്ത് വ്യാപിച്ചുകിടക്കുന്ന സമതല പ്രദേശങ്ങളുടെ ദൃശ്യം. പച്ചയും തവിട്ടും കറുപ്പും കലർന്ന നിറങ്ങളിൽ ചതുരാകൃതിയിൽ ക്യാന്‍വാസ് പോലെ മനോഹരം. 
ചക്കുപള്ളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ചെറുഅരുവികൾ ഒഴുകിയെത്തുന്നത് അരുവിക്കുഴിയിലാണ്. വെള്ളം നമ്മുടേതാണെങ്കിലും വെള്ളച്ചാട്ടമായി പതിക്കുന്നത് തമിഴ്‍നാട്ടിലെ വനമേഖലകളിലേക്ക്‌. ജില്ലയിൽ അരുവിക്കുഴി വെള്ളച്ചാട്ടം എന്നറിയപ്പെടുമ്പോള്‍ തമിഴ്നാട്ടിൽ സുരങ്കനാർ വെള്ളച്ചാട്ടമെന്നാണ് പേര്. കൊട്ടാരക്കര–--ദിണ്ടിഗൽ ദേശീയപാതയിൽ ലോവർക്യാമ്പിനും കമ്പത്തിനുമിടയിലെ പ്രത്യേക ആകര്‍ഷണമാണ് സുരങ്കനാർ വെള്ളച്ചാട്ടം. 500അടിയിലേറെ താഴ്‍ചയിലേക്കാണിത്‌ പതിക്കുന്നത്. 
അരുവിക്കുഴിയിലൂടെ ഒഴുകിയെത്തുന്ന വെള്ളം തമിഴ്‍നാടിന് അനു​ഗ്രഹവുമാണ്. കൃഷിക്കും കുടിവെള്ളമായും അവരിത് ഉപയോ​ഗിക്കുന്നു. സുരങ്കനാർ വെള്ളച്ചാട്ടത്തിന് താഴെ എത്തണമെങ്കിൽ തമിഴ്നാട് വനമേഖലയിലൂടെ കിലോമീറ്റർ സഞ്ചരിക്കണം. 
കേരള–--തമിഴ്‌നാട് അതിർത്തി പ്രദേശമെന്ന പ്രത്യേകതയുമുള്ള അരുവിക്കുഴി നിരവധി മലയാളം, തമിഴ് സിനിമകളുടെ പശ്ചാത്തലവുമായി. അരുവിക്കുഴിയിൽനിന്ന് കുത്തനെ കൊക്കയായതിനാൽ ഇവിടെയിറങ്ങുന്നത് നിരോധിച്ചിട്ടുണ്ട്.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top