16 November Saturday

ജലക്ഷാമം പരിഹരിക്കാൻ ജലബജറ്റുമായി മുന്നോട്ട്

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024
ഇടുക്കി
ആവശ്യകതയും ലഭ്യതയും തിട്ടപ്പെടുത്തി ജലക്ഷാമവുമായി ബന്ധപ്പെട്ട പ്രശ്‍നങ്ങൾ ശാസ്‍ത്രീയമായി പരിഹരിക്കാൻ ലക്ഷ്യമിടുന്ന സംസ്ഥാന സർക്കാരിന്റെ ജലബജറ്റ് ജില്ലയിൽ കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. വിവിധ വകുപ്പുകൾ സമാഹരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹരിതകേരളം മിഷനാണ് ജലബജറ്റ് തയ്യാറാക്കുന്നത്. ഇടുക്കി ബ്ലോക്കിൽ ആറ്, കട്ടപ്പനയിൽ ആറ്, അടിമാലിയിൽ അഞ്ച് എന്നിങ്ങനെ 17പഞ്ചായത്തുകളും ഇടുക്കി ബ്ലോക്കും കട്ടപ്പന ന​ഗരസഭയും ഇതിനകം ജലബജറ്റ് പൂർത്തിയാക്കി. 
ജലലഭ്യതയിൽ സെമിക്രിട്ടിക്കൽ വിഭാഗത്തിലുള്ള നെടുങ്കണ്ടം ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിലും വിവരശേഖരണം കഴിഞ്ഞു. മണക്കാട്, ഉടുമ്പന്നൂർ, ശാന്തൻപാറ, കുമളി പഞ്ചായത്തുകളിലും പുരോഗമിക്കുകയാണ്. അവശേഷിക്കുന്നയിടങ്ങളിലും ഈ വർഷംതന്നെ ജലബജറ്റ് പൂർത്തിയാക്കുമെന്ന് ഹരിതകേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ ഡോ. അജയ് പി കൃഷ്ണ പറഞ്ഞു.
പഠനം ശാസ്‍ത്രീയം
ബജറ്റ് തയ്യാറാക്കാൻ പഞ്ചായത്തുകളിലെ ജല ആവശ്യകതയും ലഭ്യതയും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കും. മഴവെള്ളമാണ് പ്രധാന സ്രോതസായി കാണുന്നത്. നിശ്ചിത ഇടവേളകളിൽ ലഭിക്കുന്ന മഴയുടെ വിവരമാണ് ശേഖരിക്കുക. അംഗങ്ങളുടെ എണ്ണമനുസരിച്ച് വീട്ടാവശ്യത്തിനുള്ള വെള്ളത്തിന്റെ തോത് കണക്കാക്കും. കൃഷിക്കും വളർത്തുമൃഗങ്ങൾക്കുമടക്കമുള്ള മറ്റ് ആവശ്യങ്ങളും പ്രത്യേകം പരിഗണിക്കും. ശേഷം ജലം കൂടുതലാണോ കുറവാണോയെന്ന് ശാസ്ത്രീയമായി വിലയിരുത്തും. 
ബജറ്റ് തയ്യാറാക്കുന്നതോടെ ജലം കുറവുള്ള പ്രദേശങ്ങളെ അടയാളപ്പെടുത്താനാകും. ലഭ്യത കൂടുതലുള്ളയിടങ്ങളിൽ ഫലപ്രദമായി വിനിയോഗിക്കാനുള്ള കർമപദ്ധതികളും തയ്യാറാക്കും. 
ലഭ്യതയറിയാം, ചെലവും
പെരുമഴക്കാലത്തും ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളുണ്ട്. മഴയുടെ ലഭ്യതയനുസരിച്ച് വെള്ളം അധികമാണെന്നും കാണാം. ഇത്തരം വൈരുധ്യങ്ങളാണ് ജലബജറ്റ് പഠിക്കുന്നത്. ഓരോ പഞ്ചായത്തിലെയും ജലത്തിന്റെ വരവും ചെലവും അറിയാനും ഭാവിപദ്ധതികൾ ആവിഷ്‌കരിക്കാനും ബജറ്റ് സഹായിക്കും. 
നന്നായി മഴ ലഭിച്ചാലും വേനൽ കടുത്താൽ കുടിവെള്ളക്ഷാമമാണ്. ഇവയ്‍ക്ക് താൽക്കാലിക പരിഹാരത്തിനൊപ്പം കാരണങ്ങൾ ശാസ്ത്രീയമായി അപഗ്രഥിച്ച് കുടിവെള്ള പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരംതേടും. ബജറ്റിന് അനുസരിച്ച് തദ്ദേശസ്ഥാപനതല സാങ്കേതിക സമിതിയാണ് പദ്ധതികൾ തയ്യാറാക്കുന്നത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top