കരിമണ്ണൂർ
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കഥയാണ്. കൃത്യമായി പറഞ്ഞാല്‍ 1894, ശ്രീമൂലം തിരുനാളിന്റെ ഭരണസമയം. ഉടുമ്പന്നൂര്‍ വേളൂര്‍ വനത്തില്‍ തേക്ക് തടികള്‍ സമൃദ്ധം. നാട്ടിലും വിദേശത്തും തേക്ക് തടിക്ക് പ്രിയമേറെയാണ്. വനത്തിൽനിന്ന് തൊടുപുഴയിലേക്ക് പോത്തുവണ്ടിയിൽ തടിയെത്തിക്കാൻ രാജാവ് തീരുമാനിച്ചു. ദീര്‍ഘ വീക്ഷണത്തിന്റെയും ഇച്ഛാശക്തിയുടെയും പ്രതീകമായി ഉടുമ്പന്നൂര്‍ – തൊടുപുഴ റോഡ് നിര്‍മാണം അന്ന് തുടങ്ങി. ഇന്ന് 40ലേറെ ബസുകളും ആയിരക്കണക്കിന് വാഹനങ്ങളും പായുന്ന അതേ പാത.
ഒരു ചങ്ങല വീതിയില്‍
രാജപാത
റോഡിന് സ്ഥലം അളന്നെടുക്കാൻ രാജാവ് ബ്രിട്ടീഷുകാരനായ എന്‍ജിനിയറെയാണ് ചുമതലപ്പെടുത്തിയത്. ഒരു ചങ്ങല(20.6 മീറ്റർ) വീതിയിലാണ് അളന്ന് കുറ്റിവച്ചത്. കുന്നം പട്ടയംകവലയിലെത്തിയ സായിപ്പിനോട് അക്കാലത്തെ ഒരു ഭൂ ഉടമയായ മാളിയേക്കൽ കുടുംബത്തിലെ കാരണവരുടെ ഒരു ചോദ്യം, ആളുകൾക്ക് നടക്കാൻ ഇത്രയും വീതിയുള്ള റോഡിന്റെ ആവശ്യമുണ്ടോ? നൂറുവര്‍ഷം കഴിയുമ്പോള്‍ ഈ സ്ഥലം ഇന്നത്തെ കൊല്‍ക്കത്തയാകുമെന്ന് സായിപ്പിന്റെ മറുപടിയും. മുതിര്‍ന്നവര്‍ കേട്ടറിഞ്ഞത് ഓര്‍ക്കുന്നു. ആധുനിക തൊടുപുഴയുടെയും പരിസര പഞ്ചായത്തുകളുടെയും മുഖഛായമാറാൻ ഈ റോഡ് കാരണമായത് ചരിത്രം.
ഉടുമ്പന്നൂർ പറേക്കവലവരെയാണ് ഒരു ചങ്ങല വീതിയിൽ റോഡ് നിർമിച്ചത്. തേക്ക്‌തടി കയറ്റിവന്ന പോത്തുവണ്ടികൾ തൊടുപുഴയ്‍ക്കും കരിമണ്ണൂരിനുമിടയിലുള്ള ഞറുക്കുറ്റി വളവിലെ ഇറക്കത്തിൽ മറിയുന്നത് പതിവായിരുന്നു. അപകടത്തില്‍ പോത്തുകൾ ചാകാറുമുണ്ടായിരുന്നു. പോത്തുവണ്ടിയിൽ തൊടുപുഴയിലെത്തുന്ന തടി പുഴയിലൂടെ മുവാറ്റുപുഴയിലും അവിടെനിന്ന് വൈക്കത്ത് എത്തിച്ചായിരുന്നു വിപണനം. റോഡിന് ഇരുവശങ്ങളിലും സഞ്ചാരികൾക്ക് തണലേറ്റ് വിശ്രമിക്കാൻ നട്ടുപരിപാലിച്ചിരുന്ന നാട്ടുമാവുകളിൽ ചിലത് ഇപ്പോഴും രാജപ്രൗഢിയോടെ നിൽക്കുന്നു.
മധുരയില്‍നിന്ന് കീഴ്‍മലൈനാട്ടിലേക്ക്
കാരിക്കോട് കേന്ദ്രമായി കീഴ്‌മലൈനാട് ഭരിച്ചിരുന്നത് മാളുവ കോനാർ രാജവംശമായിരുന്നു. അന്ന് തെക്കേ ഇന്ത്യയിലെ പ്രധാന പട്ടണങ്ങളിലൊന്നായിരുന്നു മധുര. മധുരയിൽനിന്ന് ചെപ്പുകുളം–-കരിമണ്ണൂർ വഴി കാരിക്കോടിന് ഒരു രാജപാതയുണ്ടായിരുന്നതായി ശേഷിപ്പുകളുണ്ട്. പന്നൂരും പട്ടയംകവലയിലും പണ്ട് ചുമട് താങ്ങികളുമുണ്ടയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..