28 November Thursday

വഴിയോര കടകൾ 
ഒഴിപ്പിക്കുന്നതിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024
മൂന്നാർ 
മൂന്നാറിലെ വഴിവാണിഭം ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായി. മൂന്നാർ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ പഴയ മൂന്നാർ ഹെഡ് വർക്ക്സ് ഡാം മുതൽ മൂന്നാർ ടൗൺ വരെയുള്ള കടകളാണ് ഒഴിപ്പിക്കുന്നത്. ഇതിനെതിരെ സിഐടിയു വഴിയോര കച്ചവട തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഒഴിപ്പിക്കുന്നത് തടയാൻ ശ്രമിച്ച സ്ത്രീകൾ ഉൾപ്പെടെ 50 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സിപിഐ എം മൂന്നാർ ഏരിയ സെക്രട്ടറി കെ കെ വിജയൻ മൂന്നാർ പഞ്ചായത്ത് സെക്രട്ടറിയുമായി ചർച്ച നടത്തി. പകരം സംവിധാനം ഏർപ്പെടുത്തിയശേഷം വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ പാടുള്ളുവെന്ന് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. എന്നാൽ കോടതി ഉത്തരവും ജില്ലാ കലക്ടറുടെ നിർദേശവും ഉണ്ടെന്നും സെക്രട്ടറി അറിയിച്ചു. 
     സ്വയം ഒഴിഞ്ഞു പോകണമെന്നാവശ്യപ്പെട്ട് പത്ത് ദിവസം മുമ്പ് നോട്ടീസ് നൽകിയിരുന്നതായും പാലിക്കാതെ വന്നതിനെ തുടർന്നാണ് പൊലീസ് സഹായത്തോടെ നടപടിയുമായി മുന്നോട്ട് പോകുന്നതെന്നും രണ്ട് ദിവസങ്ങൾക്കകം മുഴുവൻ വഴിയോര വാണിഭവും ഒഴിപ്പിച്ച് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും സെക്രട്ടറി ഉദയകുമാർ പറഞ്ഞു. മൂന്നാർ ഡിവൈഎസ്‌പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ പൊലീസ് സന്നാഹവും സ്ഥലത്ത് ക്യാമ്പ് ചെയ്തു. പകരം സംവിധാനം ഏർപ്പെടുത്തുന്നതിന് പഞ്ചായത്ത് അടിയനതര നടപടി സ്വീകരിക്കണമെന്ന് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ജെ രാജ്കുമാർ പറഞ്ഞു. അല്ലാത്ത പക്ഷം ശക്തമായ സമരങ്ങളുമായി യൂണിയൻ  പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഒഴിപ്പിക്കൽ നടപടിയിൽ പ്രതിഷേധിച്ച് സിഐടിയു നേതൃത്വത്തിൽ മൂന്നാർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌  വി ഒ ഷാജി ഉദ്ഘാടനം ചെയ്തു. ജെ രാജ്കുമാർ അധ്യക്ഷനായി. വി മാരിയപ്പൻ, എം രാജൻ, പി കെ കൃഷ്ണൻ, എസ് സ്റ്റാലിൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top