അടിമാലി
കുരിശുപാറ കല്ലാർവാലി കാർഡമം എസ്റ്റേറ്റിൽ സംഘർഷത്തിൽ അഞ്ചുപേർക്ക് പരിക്ക്. വെള്ളി പകൽ പത്തരയോടെയാണ് സംഭവം. ഏലത്തോട്ടം പാട്ടത്തിന് നൽകിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് സംഘർഷം. ചേർത്തല എരുവേലിയിൽ ബെന്നി തോമസ്(56), വൈറ്റില സ്വദേശി ബിനായി, എറണാകുളം ആഞ്ഞിലിപ്പാടം ഷെമീർ(42), കല്ലാർ സ്വദേശികളായ കോട്ടുവായ്‌ക്കൽ സജി(55), മംഗലത്ത് രതീഷ്(45) എന്നിവർക്കാണ് വെട്ടേറ്റത്. അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
ഹൈദരാബാദ് എസ്എസ്ഡിഎൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കല്ലാർവാലി കാർഡമം എസ്റ്റേറ്റ് 2021ൽ ഒമ്പത് വർഷത്തേക്ക് വള്ളക്കടവ് വാലുമ്മേൽ ബിനോയ് വർഗീസ് പാട്ടത്തിനെടുത്തിരുന്നു. പാട്ടത്തുകയിൽനിന്ന് 24 ലക്ഷം വാടകയായി ഇടാക്കിയതിനെത്തുടർന്ന് ഉടമയുമായി തർക്കത്തിലായി. കൂടാതെ ഉടമയ്‌ക്ക് നൽകിയ ചെക്ക് മടങ്ങുകയും ചെയ്തു. തുടർന്ന് ഉടമ ഹൈദരാബാദ് കോടതിയിൽ കേസ് കൊടുക്കുകയുംചെയ്തു.
ഇതിനിടെ കമ്പനിമാനേജര്‍, സൂപ്രണ്ട്, നിയമ ഉപദേഷ്‌ടാവ് എന്നിവരും പിരിച്ചുവിട്ട തൊഴിലാളികളുമായി നടത്തിയ ചർച്ചയ്ക്കിടെയാണ് സംഘർഷമുണ്ടായത്. ഹെല്‍മെറ്റ് ധരിച്ചെത്തിയ പത്തോളംപേർ വടിവാളുപയോഗിച്ച് വെട്ടുകയായിരുന്നു.
ഗ്രാറ്റുവിറ്റി, ബോണസ് അടക്കമുള്ള ആനുകൂല്യങ്ങൾ ചോദിക്കുന്നതിനാണ് തൊഴിലാളികൾ എസ്റ്റേറ്റിൽ എത്തിയത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അടിമാലി പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..