08 September Sunday
മനക്കരുത്തോടെ ഡ്രൈവര്‍

കെഎസ്ആര്‍ടിസിക്ക് നേര്‍ക്ക് പാഞ്ഞടുത്ത് കാട്ടാന

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

വണ്ടിപ്പെരിയാർ–-ഗവി വനപാതയിൽ കെഎസ്ആർടിസി ബസിനുനേരെ 
കാട്ടാന പാഞ്ഞടുത്തപ്പോൾ

കുമളി
പത്തനംതിട്ട-– ഗവി– കുമളി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിന് നേര്‍ക്ക് പാഞ്ഞടുത്ത് കാട്ടാന. വണ്ടിപ്പെരിയാർ–-ഗവി വനപാതയിൽ വ്യാഴം പകല്‍ 3.45ന് ആയിരുന്നു സംഭവം. പത്തനംതിട്ട ഡിപ്പോയിൽനിന്നും രാവിലെ 6.25നാണ് ബസ് കുമളിക്ക് പുറപ്പെടുന്നത്. തിരികെ വരുന്നതിനിടെ ഐസി ടണൽ ചെക്ക്പോസ്റ്റിന് സമീപത്തുവച്ചാണ് കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. 12 യാത്രക്കാരുണ്ടായിരുന്നു. വീതികുറഞ്ഞ റോഡില്‍ ആത്മധൈര്യം കൈവിടാതെ ഡ്രൈവർ ബസ് പിന്നോട്ടെടുത്തു. വളവിലെത്തിയപ്പോള്‍ നിര്‍ത്തേണ്ടിവന്നു. കാട്ടാന മുൻവശത്തെ ഗ്ലാസിനോടു തൊട്ടുരുമിനിന്ന ശേഷം കാട്ടിലേക്ക് കയറിപ്പോയി. മുമ്പും ഈ ബസ് ആനയുടെ മുമ്പിൽപ്പെട്ടിട്ടുണ്ട്. 
 
ആനയ്‍ക്ക്‌ ത്രില്ലാണോ ആനവണ്ടികള്‍
ഒറ്റയ്‍ക്കും കൂട്ടമായും റോഡിലിറങ്ങി കെഎസ്ആർടിസിയുടെ വഴിമുടക്കുന്നത് ഇതേറൂട്ടിൽ പലതവണ ഉണ്ടായിട്ടുണ്ട്. ആദ്യമായാണ് പിന്നോട്ടെടുപ്പിക്കുന്നത്. 2023 ഒക്ടോബർ 18ന് രാവിലെ 8.30ന് പെൻസ്റ്റോക്ക് വാൾ ഹൗസിന് സമീപം മൂന്നു പിടിയാനകൾ അരമണിക്കൂറോളം കെഎസ്ആർടിസി ബസ് തടഞ്ഞത് വാർത്തയായിരുന്നു. ഒക്‍ടോബർ-, നവംബർ മാസങ്ങളിൽ പലതവണ ആനകൾ കൂട്ടമായി വഴിതടഞ്ഞു. പലപ്പോഴും വനംവകുപ്പ് ഉദ്യോഗസ്ഥർ ആകാശത്തേയ്‌ക്ക് വെടിവച്ച് ഓടിക്കുകയാണ്. നവംബർ നാലിന് കുമളി ഡിപ്പോയിലെ ബസ് ഐസി ടണൽ പഴയ ഫോറസ്റ്റ് ചെക്ക്പോസ്റ്റിന് സമീപത്തുവച്ച് 10ഓളം കാട്ടാനകള്‍ തടഞ്ഞു. തകരാര്‍ പരിഹരിച്ച് പോകുകയായിരുന്ന റിക്കവറി വാനും വിട്ടില്ല. പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ സുരക്ഷിത കേന്ദ്രം എത്തുന്നതുവരെ വനപാലകരുടെ സംഘം വാഹനങ്ങളെ പിന്തുടരുന്നതും പതിവായി. 2021 ഒക്ടോബർ ഒന്നിന് ആന കെഎസ്ആർടിസിക്ക് മുന്നിലെത്തിയെങ്കിലും വഴിമാറിക്കൊടുത്തു. കുമളിയിൽനിന്നും പത്തനംതിട്ടയിലേയ്‌ക്കുള്ള 137കിലോമീറ്ററിൽ 90ഉം പെരിയാർ കടുവാസങ്കേതത്തിൽ ഉൾപ്പെടുന്നതാണ്.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top