22 November Friday

വണ്ടിപ്പെരിയാർ സിഎസ്ഐ ദേവാലയത്തിന് 100 വയസ്സ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024
വണ്ടിപ്പെരിയാർ
തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന വണ്ടിപ്പെരിയാറിൽ ബ്രിട്ടീഷുകാർ ആരംഭിച്ച സിഎസ്ഐ ദേവാലയത്തിന് 100 വയസ്സ് പിന്നിട്ടു. പഴയ കോട്ടയം–- -കുമളി രാജപാതയ്ക്ക് സമീപം തേയില തോട്ടത്തിൽ കുന്നിന് മുകളിൽ നിർമിച്ച റിസറക്ഷൻ ചർച്ച് 1924 ആഗസ്ത് 24ന് റൈറ്റ് റവ. ഡോ. സി എച്ച് ഗിൽ ബിഷപ്പാണ് ദേവാലയമായി കൂദാശ ചെയ്തത്. അന്നത്തെ ഉദ്ഘാടനഫലകം ഇപ്പോഴും കെട്ടിടത്തിന്റെ ഭാഗമായി കാണാം. 
ഹൈറേഞ്ചിൽ തേയില കൃഷി വ്യാപകമായതോടെ ബ്രിട്ടീഷ് ഉടമകളുടെ കൂട്ടായ്മയാണ് പ്രാർഥനയ്ക്ക് ഒത്തുകൂടുന്നതിനായി പ്രാർഥനാലയം തുടങ്ങിയത്.1850ൽ സ്ഥാപിച്ച പ്രാർഥനാലയം 1924ൽ പുതുക്കിപ്പണിയുകയായിരുന്നു. 1850 കാലത്തു തിരുവിതാംകൂർ രാജവംശത്തിൽനിന്നും ഉടമ്പടി പ്രകാരം ലഭിച്ച സ്ഥലത്താണ് ദേവാലയം നിർമിക്കുന്നത്. ആദ്യഘട്ടത്തിൽ പീരുമേട്ടിലും കുട്ടിക്കാനത്തുമായി ആരംഭിച്ച തേയില കൃഷി വണ്ടിപ്പെരിയാർ മേഖലയിലേക്കും വ്യാപിച്ചതോടെയാണ് ഇവിടെയും പ്രാർത്ഥനാലയം തുടങ്ങുന്നത്. 1947ൽ മദിരാശി റായ് പേട്ടയിൽ ആംഗ്ലിക്കൻ സഭ, മെഥഡിസ്റ്റ് സഭ, പ്രെസ്‌ബിറ്റീരിയൻ സഭ, കോൺഗ്രിഗേഷണൽ സഭ എന്നിങ്ങനെ വ്യത്യസ്ത പാരമ്പര്യങ്ങളിലുള്ള ക്രൈസ്തവസഭകൾ ഒന്നുചേർന്നാണ് ദക്ഷിണേന്ത്യ ഐക്യസഭ രൂപമെടുത്തത്. ഇവയിൽ പ്രെസ്‌ബിറ്റീരിയൻ സഭയും കോൺഗ്രിഗേഷണൽ സഭയും 1908-ൽ തന്നെ ഒത്തുചേർന്ന് സൗത്ത് ഇന്ത്യ യുണൈറ്റഡ് ചർച്ച്(എസ്ഐയുസി) എന്ന സഭ രൂപവത്കരിച്ചിരുന്നു. അതിനാൽ 1947-ൽ നടന്നത് ആംഗ്ലിക്കൻസഭ, മെഥഡിസ്റ്റ് സഭ, എസ്ഐയുസി എന്നിവയുടെ ലയനമായിരുന്നു.
 1850 ൽ സ്ഥാപിച്ച പ്രാർഥനാലയം 1924ൽ  വണ്ടിപ്പെരിയാറിലെ പുരാതന ദേവാലയമായ സിഎസ്ഐ ചർച്ച് ആയി മാറി. പലപ്പോഴായി ദേവാലയത്തിൽ സേവനമനുഷ്ഠിച്ച പുരോഹിതരുടെ ഓർമനിലനിർത്തുന്ന തരത്തിലുള്ള ശിലാഫലകങ്ങൾ ഇന്നും ദേവാലയത്തിലുണ്ട്. പള്ളിയിൽ പഴമ സൂക്ഷിപ്പായി വൈദിക പീഠങ്ങൾ, ഓസി പാത്രങ്ങൾ, ഇരിപ്പിടങ്ങൾ, ഹാർമോണിയം എന്നിവയും സൂക്ഷിച്ചിട്ടുണ്ട്. ദേവാലയത്തിന്റെ നൂറാം വാർഷികം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ദേവാലയ പുരോഹിതൻ റവ. ഡോ. കെ ഡി ദേവസ്യ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top