തൊടുപുഴ
ഉറവപ്പാറയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് കണ്ണിന് കുളർമപകരുന്ന പൂന്തോട്ടം. മലനിരകൾക്ക് മുകളിലുള്ള പത്മ വില്ലേജിനോട് ചേർന്നാണ് ചുവപ്പും മഞ്ഞയിലുമുള്ള ബന്തികൾ പൂത്തുലഞ്ഞ് നിൽക്കുന്നത്. മലമുകളിലെത്തുന്നവർക്ക് പൂപ്പാടം സുന്ദരക്കാഴ്‌ചയാണ്. മൂന്നര മാസം മുമ്പാണ് താന്നിക്കൽ അനൂപ് ഇവിടെ പത്മാ വില്ലേജ് എന്ന പേരിൽ ഫാം ഹൗസ് ആരംഭിച്ചത്. ഫാം ഹൗസിലെ താമസക്കാരുടെ ആനന്ദത്തിന് വേണ്ടിയാണ് 40 സെന്റ് സ്ഥലത്ത് പൂന്തോട്ടം നിർമിക്കാനുള്ള ആശയം അനൂപിനുണ്ടായത്. ചുറ്റും കരിമ്പാറയും ഉയർന്ന പ്രദേശവുമായതിനാൽ ഉയരക്കൂടുതലുള്ള പൂച്ചെടികൾ കാറ്റിൽ മറിഞ്ഞുവീഴും. അതുകൊണ്ട് ഉയരം കുറഞ്ഞതും നിറയെ പൂക്കുന്നതുമായ ഹൈബ്രീഡ് ഇനം ബന്തി തൈകളാണ് നട്ടുപരിപാലിക്കുന്നത്. പാലായിലുള്ള ഫാമിൽനിന്നാണ് ആയിരം വിത്തിന് 2300 രൂപ വിലയുള്ള രണ്ടായിരം വിത്തുകൾ വാങ്ങിയത്. 20 ദിവസം ട്രേയിൽ പാകി മുളപ്പിച്ചാണ് നടുന്നത്. ചെടി നട്ടുകഴിഞ്ഞാൽ ചാണകവും എല്ലുപൊടിയുമാണ് വളം. പിന്നീട് അൽപ്പം രാസവള പ്രയോഗവും നടത്തും. വിരിയുന്ന പൂക്കൾ മൂന്ന് മാസംവരെ കേടുകൂടാതെ ചെടിയിൽ നിൽക്കും.
ഓണം അടുത്തതോടെ പൂക്കൾക്ക് ആവശ്യക്കാർ ഏറെയുണ്ടാകുമെന്നറിയാമെങ്കിലും അനൂപ് വിൽപ്പനയ്ക്കായല്ല പൂന്തോട്ടം പരിപാലിക്കുന്നത്. പാറമുകളിൽ പൂപ്പാടം ഉണ്ടായതോടെ സഞ്ചാരികളുടെ എണ്ണത്തിലും വർധനവുണ്ടായി. തൊടുപുഴയിൽനിന്ന് മൂലമറ്റം റൂട്ടിൽ മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ ഉറവപ്പാറയുടെ അടിവാരത്തെത്താം. ഒളമറ്റത്തുനിന്ന് റോപ്പ് വ്യൂ വഴി 500 മീറ്ററോളം സഞ്ചരിച്ചാൽ പൂപ്പാടമായി. തൊടുപുഴ പട്ടണത്തിന്റെ വിദൂരദൃശ്യം ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ള പാറയുടെ നെറുകയിലാണ് പത്മ വില്ലേജ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..