21 November Thursday

വട്ടപ്പാറയിലുണ്ടൊരു ക്ഷീരസാഗരം

കെ ടി രാജീവ്‌Updated: Tuesday Aug 27, 2024

ഫാമിലെ പശുക്കൾക്കൊപ്പം എവിമോൻ

ഇടുക്കി
സാമ്പത്തിക പ്രതിസന്ധിയിൽനിന്നു കരകയറാൻ ഒരു പശുവിൽ തുടങ്ങി ചുരുങ്ങിയ കാലത്തിനുള്ളിൽ 60ലധികം കന്നുകാലികൾ. ദിവസേന 600 ലിറ്ററിലധികം പാൽ വിൽപ്പന. ഒപ്പം ജൈവകൃഷിയും. സേനാപതി വട്ടപ്പാറ താന്നിവീട്ടിൽ ടി എസ്‌ എവിമോനും കുടുംബത്തിനും പശുപരിപാലനംതന്നെയാണ്‌ ജീവിതം. കന്നുകാലി വളർത്തലും ചാണകം പ്രയോജനപ്പെടുത്തികൊണ്ടുള്ള ഏലംകൃഷിയും ഒഴിച്ച്‌ ഇവർക്ക്‌ മറ്റ്‌ ജോലികളുമില്ല. രണ്ട്‌ പതിറ്റാണ്ടായി കാലിവളർത്തുന്നു. സാമ്പത്തിക ക്ലേശത്താൽ വലഞ്ഞപ്പോൾ ഒരു പശുവിനെവാങ്ങിയതാണ്‌. ചുരുങ്ങിയ കാലത്തിനുള്ളിൽ 52 പശുവിലേക്കെത്തി. കൂടാതെ അഞ്ച്‌ എരുമയും ഏതാനും പോത്തും. കോഴിയേയുംകൂടി വളർത്തി ഉത്തമ കർഷകനായി. നിലവിൽ 10ലധികം കിടാരികളുമുണ്ട്‌. വീടിനോട്‌ ചേർന്നുള്ള നാല്‌ തൊഴുത്തിലാണ്‌ ഇവയെ പരിപാലിക്കുന്നത്‌. വീടിനടുത്തുള്ള  ക്ഷീരസംഘത്തിൽ തന്നെയാണ്‌ പാൽ വിൽപ്പനയും. പശുക്കളെല്ലാം ജെഴ്‌സി, എച്ച്‌എഫ്‌ ഇനത്തിൽപെട്ടവയാണ്‌. എവിമോന്റെ ഭാര്യ ഓമനയും മക്കളായ അമലും അജിനും സഹായത്തിനുണ്ട്.
യഥാസമയം തീറ്റകൊടുക്കാനും പാൽ കൊണ്ടുപോകാനും ചാണകം ചാക്കിലാക്കാനും  പുൽകൃഷിക്കുമൊക്കെയായി മൂന്ന്‌ ഇതരസംസ്ഥാന തൊഴിലാളികളുമുണ്ട്‌. പുല്ല്‌ ലഭ്യത കുറവുള്ളപ്പോൾ ചോളപ്പുല്ലും കച്ചിയും തമിഴ്‌നാട്ടിൽനിന്ന് കൊണ്ടുവരും. കാലത്തീറ്റയും കൂടിയാവുമ്പോൾ കാലികൾക്ക്‌ കുശാൽ. ചാണക വിൽപ്പനയിലൂടെയും നല്ല വരുമാനമുണ്ട്‌. കിടാരി വളർത്തൽ പദ്ധതിയുമായി ബന്ധപ്പെട്ട്‌ സർക്കാർ സബ്‌സിഡി ലഭിച്ചു. 10 കിടാരികളെ വർത്താൻ 1. 83 ലക്ഷം രൂപയായിരുന്നു സബ്‌സിഡി. കുഴൽ കിണറും കുളവും നിർമിച്ച്‌ വെള്ളസൗകര്യവും ഒരുക്കിയിട്ടുണ്ട്‌. ഇത്‌ ഏലകൃഷിക്കും അത്യാവശ്യം. മൂന്നര ഏക്കറിലാണ്‌ ഏലവും കുരുമുളകും കൃഷിയുള്ളത്‌. ഇതിന്‌ ചാണകത്തിൽനിന്നുള്ള വളമാണ്‌ നൽകുന്നത്‌. 25000 ലധികം രൂപയുടെ വരുമാനം ലഭിക്കുമ്പോൾ നല്ലൊരു തുക ചെലവിനായി വിനിയോഗിക്കുന്നു. ഇതിനകം നിരവധി കർഷക അവാർഡുകളും ലഭിച്ചു. ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകനുള്ള അവാർഡ്‌, ക്ഷീരവികസന വകുപ്പിന്റെ ക്ഷീര സഹകാരി അവാർഡ്‌, മികച്ച കർഷകനുള്ള കൃഷിഭവൻ അവാർഡ്‌, മറ്റ്‌ പ്രദേശിക അംഗീകാരങ്ങൾ എന്നിവയും ലഭിച്ചിട്ടുണ്ട്‌. യഥാസമയം മൃഗഡോക്ടറുടെ സേവനക്കുറവാണ്‌ മേഖലയിലെ പ്രധാന പ്രശ്‌നം. മാങ്ങാത്തൊട്ടിയിൽ സ്ഥിരമായി വെറ്ററിനറി ഡോക്ടറില്ല. മറ്റ്‌ സ്ഥലങ്ങളിൽനിന്നെത്തുന്നവർക്കാണ്‌ ചികിത്സാ ചുമതല. കർഷകരുടെ ആവശ്യസമയത്ത്‌ ലഭിക്കാത്തത്‌ വല്ലാതെ വലയ്‌ക്കുന്നുണ്ട്‌. അഞ്ചും പത്തും പശുക്കളുള്ള മറ്റ്‌ കർഷകരേയും ഇത്‌ സാരമായി ബാധിക്കാറുണ്ട്‌. 
 
കോവിഡും പ്രളയവും
കോവിഡ്‌, പ്രളയ കാലങ്ങൾ കന്നുകാലി കൃഷിയെ ബാധിച്ചതായി എവിമോൻ പറയുന്നു. ഈ സമയങ്ങളിൽ വാഹന പ്രശ്‌നവും ലോക്‌ഡൗണും വെല്ലുവിളി ഉയർത്തി. പാൽ വിൽക്കാൻ കഴിയാത്ത സാഹചര്യത്തിൽ സൗജന്യമായി പ്രദേശവാസികൾക്കും നാട്ടുകാർക്കും നൽകി. പശുവിനെ അതത്‌ നേരങ്ങളിൽ കറന്നില്ലെങ്കിൽ അസ്വസ്ഥത പ്രകടിപ്പിക്കും. കോവിഡ്‌കാലത്ത്‌ കറന്ന പാൽ  കാനുകളിൽ വീടിന്റെ മുമ്പിൽ വച്ചിരുന്നു. ആവശ്യക്കാർ അതെടുത്തുകൊണ്ടുപോകും. പ്രളയകാലത്തും ഇതായിരുന്നു ഏതാനും ദിവസത്തെ അവസ്ഥ. കോവിഡിന്റെ  ആദ്യസമയങ്ങളിൽ കാലികൾക്കാവശ്യമായ ചോളപ്പുല്ലും കച്ചിയും തമിഴ്‌നാട്ടിൽനിന്ന്‌ കൊണ്ടുവരാനായില്ല. വാഹന ഗതാഗത നിയന്ത്രണങ്ങൾ വന്നപ്പോൾ പ്രത്യേക പാസ്‌ എടുക്കേണ്ടിവന്നു. ആഴ്‌ചയിലോ രണ്ടാഴ്‌ച കൂടുമ്പോഴോ മാത്രമെ തമിഴ്‌നാട്ടിലേക്ക്‌ പോകാൻ സാധിച്ചിരുന്നുള്ളു. എന്നാലും പുരയിടത്തിലെ പുല്ലും മറ്റ്‌ കാലിത്തീറ്റകളും കൊണ്ട്‌ പ്രതിസന്ധികളെ അതിജീവിക്കാനായി. കഠിനാധ്വാനവും ആത്മാർഥതയും ലക്ഷ്യവുമുണ്ടെങ്കിൽ  കന്നുകാലി കൃഷിയും വൻവിജയമാക്കാമെന്ന പാഠമാണ്‌ ഈ കർഷകൻ തരുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top