ചെറുതോണി
ആയിരക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന ഏലമല പ്രദേശത്തെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി റോഷി അഗസ്റ്റിൻ വിളിച്ചുചേർത്ത നെടുങ്കണ്ടത്തെ യോഗത്തിൽനിന്ന് ഇടുക്കി രൂപത വിട്ടുനിന്നു. അതേ സമയം മാതൃകാപരമായ നിലപാടുമായി കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രതിനിധിയായ വൈദികൻ യോഗത്തിൽ പങ്കെടുത്തു. രാഷ്ട്രീയ ഭിന്നത നിലനിർത്തിക്കൊണ്ടുതന്നെ വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബും യോഗത്തിൽ പങ്കെടുത്തു. പ്രശ്നബാധിത മേഖലയിലെ നിരവധി സംഘടനകളും പ്രതിനിധികളും പങ്കെടുത്തചർച്ച ആശയ സമ്പന്നതകൊണ്ടും പ്രാതിനിധ്യം കൊണ്ടും സമ്പുഷ്ടമായി. എന്നാൽ, നേർക്കുനേർ രാഷ്ട്രീയം പറയുന്ന പ്രത്യക്ഷരാഷ്ട്രീയ പാർടികളെപോലും തോൽപ്പിക്കുന്ന രീതിയിൽ രാഷ്ട്രീയം ഒളിച്ചു കടത്തുന്ന ഇടുക്കി രൂപതയുടെ കൗശലം രാഷ്ട്രീയവൃത്തങ്ങളിലും പൊതുസമൂഹത്തിലും ചർച്ചയായി.
സിഎച്ച്ആർ പ്രശ്നത്തിൽ ഡീൻകുര്യാക്കോസ് നെടുങ്കണ്ടത്ത് വിളിച്ച യോഗത്തിൽ പങ്കെടുക്കുകയും സംഘാടകസമിതിക്ക് സമാനമായി പ്രവർത്തിക്കുകയും ചെയ്തവർ മന്ത്രി റോഷി അഗസ്റ്റിൻ വിളിച്ച യോഗത്തിൽനിന്ന് വിട്ട് നിൽക്കുകയും ചെയ്തതിലൂടെ ഇടുക്കി രൂപതയുടെ ഇരട്ടത്താപ്പ് പുറത്തായി.
2019 പാർലമെന്റ് തെരഞ്ഞെടുപ്പു മുതൽ ഡീൻ കുര്യാക്കോസുമായി തുടരുന്ന രാഷ്ട്രീയ കൂട്ടുകെട്ടിന്റെ കൂറു തെളിയിക്കാനാണ് മന്ത്രിയുടെ യോഗത്തിൽനിന്ന് ഇടുക്കി രൂപത വിട്ടുനിന്നത്. സിഎച്ച്ആർ പ്രശ്നത്തിൽ സുപ്രീം കോടതിയിൽ അമിക്കസ് ക്യൂറി ആവശ്യപ്പെട്ടതിൻ പ്രകാരം വീണ്ടും സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെട്ടിട്ടുള്ളത് സംസ്ഥാന സർക്കാരിനോടാണ്. അപ്പോൾ സർക്കാർ പ്രതിനിധിയായ മന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്ത് പ്രശ്നപരിഹാരത്തിനാണ് ശ്രമിക്കേണ്ടിയിരുന്നത്. എന്നാൽ സത്യവാങ്മൂലവുമായി ഒരു ബന്ധവുമില്ലാത്ത എംപിയുമായി ചേർന്ന് പരസ്യമായ രാഷ്ട്രീയ നിലപാട് എടുക്കുന്നതിലൂടെ പ്രശ്നപരിഹാരമല്ല, ഇടുക്കി രൂപത ലക്ഷ്യം വയ്ക്കുന്നതെന്ന് വ്യക്തം.
കാരയ്ക്കാട്ടുമാർ അരങ്ങുവാഴുന്ന ആത്മീയ ലോകത്തുനിന്ന് നിഷ്പക്ഷത പ്രതീക്ഷിക്കുന്നില്ലെന്ന് വിശ്വാസസമൂഹവും അടക്കം പറയുന്നു. കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മനെ കൊണ്ടുവന്ന് രൂപതയിലെ വിദ്യാർഥികളുടെ കൂടിച്ചേരലിന് വഴിയൊരുക്കിയതും ഇതേ നിലപാടുകളുടെ പിന്നാമ്പുറനീക്കങ്ങൾ നടത്തുന്നവരാണ്.
സംരക്ഷിത വനമേത്, റിസർവ് വനമേത് എന്ന് തിരിച്ചറിയാതെ ബഫർസോൺ സമരവുമായ് കൊയിക്കന്മാരെ ഉപയോഗപ്പെടുത്തി സർക്കാരിനെ ചെളിവാരിയെറിയാൻ ജാഥയുമായ് ഇറങ്ങിതിരിച്ചതിനു പിന്നിലും ഇവർതന്നെ. നേരിന്റെ വഴിയെ അല്ലാതെ തന്നെ പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാർ സഹായം സ്വീകരിക്കുകയും നിർണായക ഘട്ടങ്ങളിൽ എംപിക്കുവേണ്ടി ബാറ്റു ചെയ്യുകയും ചെയ്യുന്ന ചില വൈദികരുടെ നിലപാടുകൾ തുറന്നുകാട്ടപ്പെടുകയാണ് വേണ്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..